India - 2025
മാര്‍ത്താണ്ഡം, പുത്തൂര്‍ ഭദ്രാസനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ
22-09-2020 - Tuesday
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ മാര്‍ത്താണ്ഡം, പുത്തൂര്‍ ഭദ്രാസനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുകൊണ്ട് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉത്തരവായി. പൂന കഡ്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തെലുങ്കാന, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലുള്ള അജപാലനാധികാരം ഫ്രാന്‍സിസ് മാര്‍പാപ്പ കൽപ്പനയിലൂടെ മലങ്കര കത്തോലിക്കാ സഭയുടെ സൂനഹദോസിനു നല്‍കി.
അതനുസരിച്ച് ഇപ്പോള്‍ പൂന കഡ്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ അധികാര പരിധിയില്‍പ്പെട്ട തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി, വിരുതുനഗര്‍, മധുര, തേനി, ഡിംഡുഗല്‍, ശിവഗംഗ, രാമനാഥപുരം, പുതുക്കോട്ട, തഞ്ചാവൂര്‍, തിരുവരുര്‍, നാഗപട്ടണം, തിരുച്ചിറപ്പള്ളി, പെരമ്പളൂര്‍, അരിവാളൂര്‍, ഗുഡല്ലൂര്‍, നാമക്കല്‍, മയിലാടുതുറൈ എന്നീ സിവില്‍ ജില്ലകളും മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ കീഴിലുള്ള പ്രദേശങ്ങള്‍ ഒഴികെയുള്ള കരൂര്‍ ജില്ലയും മാര്‍ത്താണ്ഡം ഭദ്രാസനത്തിലെ നിലവിലെ ഏക സിവില്‍ ജില്ലയായ കന്യാകുമാരിയോടൊപ്പം മാര്‍ത്താണ്ഡം ഭദ്രാസനത്തിന്റെ അജപാലന പ്രദേശമായി പ്രഖ്യാപിച്ചു.
പുത്തൂര്‍ ഭദ്രാസനത്തിലെ അജപാലന പ്രദേശത്തോടൊപ്പം ഇപ്പോള്‍ പൂന കഡ്കി എഫ്രേം ഭദ്രാസനത്തിന്റെ അധികാരപരിധിയില്‍പ്പെട്ട ഉത്തര കന്നഡ, തുംകൂര്‍, ബംഗളൂരു അര്‍ബന്‍, രാമനഗര്‍, ചിക്കബല്ലപുര, കോളാര്‍, ബംഗളൂരു റൂറല്‍ എന്നീ സിവില്‍ ജില്ലകളും പുത്തൂര്‍ ഭദ്രാസനത്തിന്റെ അജപാലന ഭൂപ്രദേശമായി പ്രഖ്യാപിച്ചു. ഈ രണ്ട് ഉത്തരവുകളും ഒക്‌ടോബര്‍ ഒന്നിന് വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്ദികവസം പ്രാബല്യത്തില്‍ വരും.