News
വിശുദ്ധ നാടിന് കത്തോലിക്ക സഭ സമാഹരിച്ചത് 3.5 മില്യൺ ഡോളര്‍
പ്രവാചക ശബ്ദം 24-09-2020 - Thursday
ജെറുസലേം: കൊറോണ വൈറസ് ബാധ മൂലം സാമ്പത്തിക ക്ലേശത്തിലൂടെ കടന്നുപോകുന്ന ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി 3.5 മില്യൺ ഡോളര്‍ സമാഹരിച്ചു. ഇക്കുസ്ട്രിയൻ ഓർഡർ ഓഫ് ദി ഹോളി സെപ്പൽച്ചർ സെപ്റ്റംബർ 17നു പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ വർഷം ലഭിച്ച സാമ്പത്തിക സഹായങ്ങളെ പറ്റിയുള്ള വിശദമായ വിവരമുള്ളത്. സഹായം നൽകിയ എല്ലാവർക്കും വിശുദ്ധ നാട്ടിലെ ലാറ്റിൻ പാത്രിയാർക്കേറ്റിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബെല്ല നന്ദി രേഖപ്പെടുത്തി. തങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പണം ലഭിച്ചുവെന്നും ഇത് ശാന്തതയോടെ ഇപ്പോഴത്തെ പ്രശ്നങ്ങളെ നേരിടാൻ വേണ്ടി ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം വിശദീകരിച്ചു.
സെപ്റ്റംബർ 13നു ശേഖരിച്ച തുകയുടെ ഒരു പങ്ക് ക്രിസ്തു ജനിച്ച ദേവാലയത്തിന് സമീപം ക്ലേശം അനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായി നൽകും. വിശുദ്ധനാട് തീർത്ഥാടകരിൽ നിന്ന് പലവിധത്തിൽ ജീവിക്കാൻ ആവശ്യമായ പണം കണ്ടെത്തിയിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ വൈറസ് വ്യാപനം വളരെ പ്രതികൂലമായി ബാധിച്ചെന്ന് ഇക്കുസ്ട്രിയൻ ഓർഡർ ഓഫ് ദി ഹോളി സെപ്പള്‍ച്ചറിന്റെ ഗ്രാൻഡ് മാസ്റ്റർ ചുമതല വഹിക്കുന്ന കർദ്ദിനാൾ ഫെർണാൺഡോ ഫിലോനി വത്തിക്കാന്‍ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
മനുഷ്യ സാഹോദര്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ആളുകൾക്ക് സഹായമെത്തിക്കുക. ഇസ്ലാം മത വിശ്വാസികൾക്കും സഹായം നൽകുമെന്നു കര്‍ദ്ദിനാള്‍ സൂചന നല്‍കി. വിശുദ്ധ നാട്ടിലെ പ്രവർത്തനങ്ങൾക്ക് നൽകിയ പണം കൊണ്ട് 30ന് മുകളിൽ ഇടവകകളിൽ സഹായമെത്തിക്കാൻ സാധിച്ചെന്ന് ഇക്കുസ്ട്രിയൻ ഓർഡറിന്റെ കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ഫ്രാങ്കോയിസ് വേയിൻ പറഞ്ഞു. 2400 കുടുംബങ്ങളിൽ ഭക്ഷണ കിറ്റുകളും, മരുന്നുകളും, കുട്ടികൾക്ക് ആവശ്യമായ സാധനങ്ങളുമടക്കം നൽകാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വര്‍ഷത്തെയും ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ പരിശുദ്ധ പിതാവിന്‍റെ പേരില്‍ എടുക്കുന്ന സ്തോത്രക്കാഴ്ച വിശുദ്ധ നാടിന് വേണ്ടിയാണ് നീക്കിവെയ്ക്കാറുള്ളത്. ഇത്തവണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദുഃഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് സെപ്തംബര്‍ 13, വിശുദ്ധ കുരിശിന്‍റെ മഹത്വീകരണ തിരുനാള്‍ ദിനത്തില്‍ സ്തോത്രക്കാഴ്ചയെടുത്തത്.