News - 2025

'നരഹത്യ': ദയാവധത്തെ ശക്തമായി അപലപിച്ച് വീണ്ടും വത്തിക്കാന്‍

പ്രവാചക ശബ്ദം 23-09-2020 - Wednesday

വത്തിക്കാന്‍ സിറ്റി: ദയാവധം ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത നരഹത്യയാണെന്നു വത്തിക്കാനിലെ വിശ്വാസ തിരുസംഘം. ഇന്നലെ ചൊവ്വാഴ്ച വിശ്വാസ തിരുസംഘം 'സമരിത്താനൂസ്‌ ബോനുസ്' അഥവാ 'നല്ല സമരിയാക്കാരൻ' എന്ന പേരിൽ ഇറക്കിയ എന്ന രേഖയിലാണ് ദയാവധത്തെ പൂര്‍ണ്ണമായും തള്ളികളഞ്ഞുകൊണ്ട് വത്തിക്കാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 17 പേജുള്ള രേഖയില്‍ ദയാവധം, ആത്മഹത്യ എന്നീ വിഷയങ്ങളിലുള്ള തിരുസഭയുടെ പരമ്പരാഗത നിലപാടുകള്‍ ശക്തമായി ആവര്‍ത്തിച്ചിട്ടുണ്ട്. ദയാവധത്തെ 'മനുഷ്യജീവിതത്തിനെതിരായ കുറ്റകൃത്യം', 'ഏത് അവസ്ഥയിലും സാഹചര്യത്തിലും അന്തർലീനമായ തിന്മ' എന്നീ വിശേഷണങ്ങളാണ് വത്തിക്കാന്‍ വിശ്വാസ തിരുസംഘം നല്‍കിയിരിക്കുന്നത്.

മരണത്തെ മുന്നിൽ കണ്ടുകൊണ്ട് ഗുരുതരമായ അവസ്ഥയിലായ രോഗികളെ കുറിച്ചുള്ള വിവരങ്ങളാണ് രേഖയില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഒരാള്‍ ആവശ്യപ്പെട്ടാലും മറ്റൊരാളെ നമ്മുടെ അടിമയാക്കാൻ കഴിയാത്തതുപോലെ, മറ്റൊരാളുടെ ജീവൻ എടുക്കാൻ അവര്‍ ആവശ്യപ്പെട്ടാലും അവകാശമില്ലായെന്ന് വത്തിക്കാൻ പുറത്തുവിട്ട രേഖയില്‍ പറയുന്നു. വിശ്വാസ തിരുസംഘം തലവൻ കർദിനാൾ ലൂയിസ് ലെഡാരിയ ഫെററാണ് ജീവന്റെ മഹത്വം ചൂണ്ടിക്കാണിച്ച് ദയാവധത്തെ സംബന്ധിച്ച രേഖ പുറത്തിറക്കിയിരിക്കുന്നത്.

മാനസിക അസ്വാസ്ഥ്യം ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ബെൽജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ഹോസ്പിറ്റലുകളില്‍ ദയാവധം നടപ്പിലാക്കുന്ന നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഇതേ തുടര്‍ന്നു ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള 15 മാനസികാരോഗ്യ ആശുപത്രികളോട് കത്തോലിക്കാ സ്ഥാപനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത് അവസാനിപ്പിക്കുവാന്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘം ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഉത്തരവിട്ടിരിന്നു. ഏത് സാഹചര്യമാണെങ്കില്‍ പോലും ദയാവധം ഒരിക്കലും അനുവദിക്കുവാന്‍ കഴിയാത്ത പ്രവര്‍ത്തിയാണെന്നായിരിന്നു അന്നും വിശ്വാസ തിരുസംഘം ആവര്‍ത്തിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 585