News - 2025
യേശുവിലുള്ള വിശ്വാസത്തെ പ്രതി എറിത്രിയയില്‍ തടങ്കലിലായ 69 ക്രൈസ്തവര്‍ക്ക് മോചനം
പ്രവാചക ശബ്ദം 24-09-2020 - Thursday
അസ്മാര: ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട 69 ക്രൈസ്തവര്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. ഇവരില്‍ പലരും യാതൊരു വിചാരണയും കൂടാതെ കഴിഞ്ഞ 16 വര്‍ഷങ്ങളായി തലസ്ഥാന നഗരമായ അസ്മാരാക്ക് സമീപമുള്ള മായി സെര്‍വാ ജയിലില്‍ കഴിഞ്ഞു വരികയായിരുന്നുവെന്ന് ബര്‍ണാബാസ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ടാണ് ജാമ്യം ലഭിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന ഇരുപതിലധികം പേര്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് ജയിലില്‍ നിന്നും പുറത്തുവന്നത്.
വരും നാളുകളില്‍ ഏതാണ്ട് മുന്നൂറിലധികം ക്രൈസ്തവര്‍ ജയിലില്‍ നിന്നും പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന്‍ എറിത്രിയയിലെ ക്രൈസ്തവ നേതാവായ ഡോ. ബെര്‍ഹാനെ അസ്മേലാഷ് പ്രതികരിച്ചു. ഇത് തങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമാണെന്നാണ് ഡോ. ബെര്‍ഹാനെ പറയുന്നത്. ചുരുങ്ങിയത് ഒരു ദശാബ്ദമായി ജയിലില്‍ കഴിഞ്ഞവര്‍ക്കാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ചിരിക്കുന്നവരില്‍ വചനപ്രഘോഷകരോ ക്രിസ്ത്യന്‍ നേതാക്കളോ ഉള്ളതായി അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ജാമ്യം ലഭിച്ചവരെ സംബന്ധിച്ചിടത്തോളം ജീവിതം അത്ര സുഖകരമായിരിക്കില്ലെന്നും ഡോ. ബെര്‍ഹാനെ ചൂണ്ടിക്കാട്ടി. ഇവരില്‍ പലര്‍ക്കും കയറിക്കിടക്കുവാന്‍ വീട് പോലും ഇല്ലാത്തവരാണ്. ഭരണകൂടത്തില്‍ നിന്നും യാതൊരു സഹായവും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനും ഓഗസ്റ്റിനും ഇടയില്‍ 330 ക്രൈസ്തവരാണ് എറിത്രിയയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഒരു ഭവനത്തിലെ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്തു എന്ന കുറ്റത്തിന് 2019 മെയ് 10ന് അറസ്റ്റ് ചെയ്യപ്പെട്ടത് 104 സ്ത്രീകള്‍ ഉള്‍പ്പെടെ 141 ക്രൈസ്തവരാണ്. ആഗോള തലത്തില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് എറിത്രിയ. 2002-ലെ നിയമമനുസരിച്ച് ഇസ്ലാം കഴിഞ്ഞാല്‍ കത്തോലിക്ക, ഓര്‍ത്തഡോക്സ്, ലൂഥറന്‍ സഭകള്‍ക്ക് മാത്രമാണ് എറിത്രിയയില്‍ നിയമപരമായി പ്രവര്‍ത്തിക്കുവാന്‍ അനുവാദമുള്ളു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക