Arts - 2021

ഗര്‍ഭഛിദ്രത്തിനെതിരെ ആഗോള മനഃസാക്ഷിയുടെ ശബ്ദമാകാന്‍ പോളണ്ടിന്റെ മണി: ആശീര്‍വ്വദിച്ച് പാപ്പ

പ്രവാചക ശബ്ദം 24-09-2020 - Thursday

വത്തിക്കാന്‍ സിറ്റി: പോളണ്ടിലും, ലോകമെങ്ങുമായും ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മനസാക്ഷിയുടെ ശബ്ദമാകാന്‍ നിര്‍മ്മിച്ച ‘വോയിസ് ഓഫ് ദി അണ്‍ബോണ്‍ ബെല്‍’ (ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങളുടെ മണി) എന്ന കൂറ്റന്‍ മണി ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചു. പോളണ്ടിലെ ‘യെസ് ടു ലൈഫ് ഫൗണ്ടേഷന്‍’ കമ്മീഷന്‍ ചെയ്തിരിക്കുന്ന മണി ഇന്നലെയാണ് പാപ്പ ആശീര്‍വ്വദിച്ചത്. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ അള്‍ട്രാസൗണ്ട് ഇമേജും, “അമ്മയുടെ ഹൃദയത്തിനടിയില്‍ തന്നെ ഒരു കുട്ടിയുടെ ജീവിതം ആരംഭിക്കുന്നു” എന്ന വാഴ്ത്തപ്പെട്ട ജേര്‍സി പോപിയലൂസ്കോയുടെ പ്രശസ്തമായ വാക്യവും മണിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

“നിയമത്തെ ഇല്ലാതാക്കുവാനാണ്‌ ഞാന്‍ വന്നിരിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കരുത്” (മത്തായി 5:17), “കൊല്ലരുത്” (പുറപ്പാട് 20:13) വാക്യങ്ങള്‍ എഴുതി ചേര്‍ത്തിരിക്കുന്ന പത്ത് കല്‍പ്പനയുടേത് പോലത്തെ രണ്ട് ശിലാഫലകങ്ങളാണ് മണിയുടെ മറ്റൊരാകര്‍ഷണം. മണിനാദം ലോകമെങ്ങുമുള്ള നിയമനിര്‍മ്മാതാക്കളുടേയും, സുമനസ്കരായ ആളുകളുടേയും ചിന്തയെ ഉണര്‍ത്തട്ടെയെന്നും, ഗര്‍ഭധാരണം മുതല്‍ സ്വഭാവിക മരണം വരെയുള്ള മനുഷ്യ ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ച് ഓര്‍മ്മിക്കുവാന്‍ മണിനാദം സഹായിക്കുമെന്നും ആശീര്‍വാദ കര്‍മ്മത്തിനിടയില്‍ പാപ്പ പറഞ്ഞു. മണി ആദ്യമായി മുഴക്കിയ വ്യക്തിയും ഫ്രാന്‍സിസ് പാപ്പ തന്നെയാണ്.

ജനിക്കുവാനിരിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനമാണ് ഈ മണി നാദമെന്ന്‍ യെസ് ടു ലൈഫ് ഫൗണ്ടേഷന്റെ പ്രസിഡന്റായ ഡോ. ബോഗ്ദാന്‍ ചാസന്‍ പറഞ്ഞു. 2,000 പൗണ്ട് ഭാരമുള്ള ഈ മണി പോളണ്ടിലെ തെക്ക്കിഴക്കന്‍ സംസ്ഥാനമായ പ്രസേംസിലിലെ ജാന്‍ ഫെല്‍സിന്‍സ്കി ബെല്‍ ഫൗണ്ട്രിയിലാണ് നിര്‍മ്മിച്ചത്. ആശീര്‍വാദത്തിന് ശേഷം റോമില്‍ നിന്നും പോളണ്ടില്‍ തിരിച്ചെത്തിച്ചാല്‍ കോള്‍ബുസോവായിലെ സകല വിശുദ്ധരുടെയും ദേവാലയത്തിലായിരിക്കും മണി സ്ഥാപിക്കുക.

ഒക്ടോബറില്‍ വാഴ്സോയില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയിലും ഈ മണി ഉപയോഗിക്കും. ഓരോ വര്‍ഷം ഏതാണ്ട് 4.2 കോടി കുഞ്ഞുങ്ങള്‍ ലോകമെങ്ങുമായി ഗര്‍ഭഛിദ്രം വഴി കൊല്ലപ്പെടുന്നുണ്ടെന്ന്‍ വായിച്ചറിയുവാന്‍ ഇടവന്നതാണ് മണി നിര്‍മ്മിക്കുവാന്‍ പ്രചോദനമായതെന്ന് യെസ് ടു ലൈഫ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് ബോഗ്ദാന്‍ റൊമാനിയൂക് പറഞ്ഞു. പോളണ്ടില്‍ അടിയന്തരഘട്ടത്തില്‍ മാത്രമേ ഗര്‍ഭഛിദ്രത്തിന് അനുമതിയുള്ളൂ. ഓരോ വര്‍ഷവും ഏതാണ്ട് 700 മുതല്‍ 1800 വരെ നിയമാനുസൃത അബോര്‍ഷനുകളാണ് രാജ്യത്തു നടക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


Related Articles »