News

യു‌എന്‍ ജനറല്‍ അസംബ്ലിയില്‍ ഗര്‍ഭഛിദ്രത്തിനെതിരെ ഫ്രാന്‍സിസ് പാപ്പയുടെ ശക്തമായ പ്രതികരണം

പ്രവാചക ശബ്ദം 26-09-2020 - Saturday

വത്തിക്കാന്‍ സിറ്റി: അമ്മയുടെ ഉദരത്തില്‍ വളരുന്ന കുരുന്നു ജീവനുകളുടെ നിലനില്‍പ്പിനെ ഗര്‍ഭഛിദ്രം വഴി ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നത് കൊറോണ മഹാമാരിക്കൊരു പരിഹാരമാര്‍ഗ്ഗമല്ലെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെപ്റ്റംബര്‍ 25ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കൊറോണ പകര്‍ച്ചവ്യാധിയോടുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രതികരണത്തിന്റെ അത്യാവശ്യ ഘടകമായി ചില രാഷ്ട്രങ്ങളും, അന്താരാഷ്ട്ര സ്ഥാപനങ്ങളും ഭ്രൂണഹത്യയെ ഉയര്‍ത്തിക്കാട്ടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും, മാനുഷികാന്തസ്സിനെ ബഹുമാനിക്കാത്തതാണ് ഇന്നത്തെ സാംസ്കാരിക അധഃപതനത്തിന്റെ കാരണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

അമ്മക്കും കുഞ്ഞിനും പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി ഗര്‍ഭഛിദ്രത്തെ ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നത് ആശങ്കാജനകമാണെന്ന്‍ പാപ്പ പറഞ്ഞു. “മനുഷ്യ ജീവനെതിരെയുള്ള ആക്രമണം” എന്ന വിശേഷണമാണ് പാപ്പ ഇതിന് നല്‍കിയത്. മാനുഷികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഇത്തരം ലംഘനങ്ങളുടെ പട്ടിക വളരെ നീണ്ടതാണെന്നും, ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതവിശ്വാസികള്‍ നേരിടുന്ന വിവിധ തരത്തിലുള്ള പീഡനങ്ങളും വംശഹത്യയും ഇതിന്റെ ഭാഗമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.

സമൂഹത്തിന്റെ പ്രകൃത്യാപരമായ അടിസ്ഥാന ഘടകം കുടുംബമാണെന്ന്‍ മനുഷ്യാവകാശം സംബന്ധിച്ച ആഗോള പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയ പാപ്പ കുട്ടികളുടെ ആദ്യത്തെ ഗുരു അവരുടെ മാതാപിതാക്കളാണെന്ന്‍ പറഞ്ഞു. സാമ്പത്തിക അനീതി അവസാനിപ്പിക്കുവാന്‍ ഒരുമിക്കണമെന്നും പാപ്പ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. കോവിഡ് 19 വാക്സിന്റെ വിതരണത്തില്‍ ദരിദ്രരാജ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും അവരുടെ കടബാധ്യതകള്‍ എഴുതിത്തള്ളണമെന്നും പാപ്പ ആവര്‍ത്തിച്ചു.

കോവിഡ് കാലയളവില്‍ ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭ സജീവമായി രംഗത്തുണ്ടായിരിന്നു. ഈ സാഹചര്യത്തില്‍ പാപ്പയുടെ പ്രതികരണത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് രണ്ടാം പ്രാവശ്യമാണ് ഫ്രാന്‍സിസ് പാപ്പ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »