India - 2025
പ്രഭാതഭക്ഷണവും ഉച്ചയൂണും വേണ്ടുവോളം കഴിക്കാം: ഇത് കാഷ് കൗണ്ടറില്ലാത്ത കപ്പൂച്ചിന്‍ മെസ്
ദീപിക 30-09-2020 - Wednesday
കൊച്ചി: തൃപ്പൂണിത്തുറ പേട്ടയിലെ ഗാന്ധിപ്രതിമയ്ക്കു മുമ്പില്നിഴന്നു നോക്കിയാല്‍ വേറിട്ടൊരു ഭക്ഷണശാല കാണാം. അകത്തേക്കു കയറി ഭക്ഷണം അല്പം കഴിച്ചാലോ ഗാന്ധിയന്‍ ദര്‍ശനങ്ങളിലലിഞ്ഞു ചേര്‍ന്ന അപരസ്‌നേഹത്തിന്റെ രുചിഭേദങ്ങള്കൂടി ഊട്ടുമേശയില്‍ അനുഭവിക്കാം. ഇതു കപ്പൂച്ചിന്‍ മെസ്. കപ്പൂച്ചിന്‍ സന്യാസ വൈദികരുടെ പേട്ട ശാന്തി ആശ്രമത്തോടു ചേര്‍ന്നുള്ള സ്‌നേഹത്തിന്റെ ഊട്ടുമുറി. എല്ലാ ദിവസവും ഇവിടെ ചൂടോടെ പ്രഭാതഭക്ഷണവും ഉച്ചയൂണും ഒരുക്കിവയ്ക്കും. നാലിനു ചായയും. ആര്‍ക്കും വന്ന് എടുത്തു കഴിക്കാം. ഭക്ഷണം കഴിച്ചു മടങ്ങും മുമ്പു പണം നല്‍കാന്‍ കൗണ്ടര്‍ അന്വേഷിക്കണ്ട. പകരം തപാല്‍ബോക്‌സിനു സമാനമായ ഒരു ചുവന്നപെട്ടി വച്ചിട്ടുണ്ട്.
ഭക്ഷണത്തിന്റെ തുക അതില്‍ കുറിച്ചിരിക്കുന്നു. പ്രഭാതഭക്ഷണം 25 രൂപ, ഉച്ചയൂണ് 40 രൂപ, വൈകുന്നേരത്തെ ചായയ്ക്കും പലഹാരത്തിനും 10 രൂപ. അധികം തുക ഇട്ടാല്‍ അതു പണമില്ലാതെ വിശന്നു വരുന്നവര്‍ക്കുള്ള ഭക്ഷണത്തിനായി ഉപയോഗിക്കുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പണമില്ലാത്തവരോടു ആരും പരിഭവിക്കില്ല. പകരം സ്‌നേഹത്തോടെ ഇങ്ങനെ പറയും. 'നാളെയും വരണം, ഭക്ഷണം കഴിക്കണം, വിശപ്പു മാറ്റണം, സന്തോഷത്തോടെ മടങ്ങണം'.
എന്തുകൊണ്ടു കാഷ് കൗണ്ടറില്ല എന്നു ചോദിച്ചാല്‍ മെസിലെ കപ്പൂച്ചിന്‍ വൈദികരുടെ പുഞ്ചിരിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെ: ഇതു ഹോട്ടലല്ല, മെസാണ്. പുതിയൊരു ഭക്ഷണ സംസ്കാരമാണ് ഇതു വിളിച്ചുപറയുന്നത്. ഭക്ഷണം കഴിക്കാതെയും മെസിലെത്തി സ്‌നേഹത്തോടെ പെട്ടിയില്‍ പണം നിക്ഷേപിച്ചു പോകുന്നവരുണ്ടെന്നും വൈദികര്‍ പറയുന്നു. കോതമംഗലം സ്വദേശിയായ ഫാ. ജോര്‍ജ് ചേലപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മേരിമാതാ ആയുര്‍വേദ ആശുപത്രിയുടെ കാന്റീനാണു പൊതുജനങ്ങള്‍ക്കുള്ള മെസാക്കി മാറ്റിയത്. ലളിതമായ കാര്‍ട്ടൂണുകളും മനോഹരമായ നിറക്കൂട്ടുകളും പുസ്തകങ്ങളും മെസിന്റെ അകംകാഴ്ചയെ ഹൃദ്യമാക്കുന്നു. കപ്പൂച്ചിന്‍ വൈദികനും എഴുത്തുകാരനും പ്രഭാഷകനുമായ ഫാ. ബോബി ജോസ് കട്ടികാടിന്റെ സാന്നിധ്യവും മെസിലുണ്ട്.