India - 2021

ക്രൈസ്തവ സന്യാസിനികൾക്കു നേരെയുള്ള സൈബർ ആക്രമണം: കെസിബിസി മുഖ്യമന്ത്രിക്ക് പരാതി നൽകി

പ്രവാചക ശബ്ദം 30-09-2020 - Wednesday

കൊച്ചി: സമൂഹമാധ്യമങ്ങളിൽ കടുത്ത അവഹേളനങ്ങൾ നേരിടുന്ന സന്യസ്തരുടെ പരാതികൾ തുടർച്ചയായി അവഗണിക്കപ്പെട്ടുന്ന സാഹചര്യം ചൂണ്ടിക്കാണിച്ച് കേരളാ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. 'വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകള്‍' എന്ന് പ്രസ്താവിച്ചുകൊണ്ട് വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ച വ്യക്തിക്കെതിരെ വനിതാ കമ്മീഷനിലും, മനുഷ്യാവകാശ കമ്മീഷനിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുമായി നൂറ്ററുപതോളം പരാതികള്‍ സന്യസ്തര്‍ നല്‍കിയെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ഇനിയും യാതൊരു നിയമ നടപടിയുമുണ്ടായിട്ടില്ലായെന്നും സമാനമായ നീതിനിഷേധം ഇതിന് മുന്‍പും സന്യസ്ഥര്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

കേരളസമൂഹത്തില്‍ നൂറുകണക്കിന് ആതുരാലയങ്ങളും, വിദ്യാലയങ്ങളും മറ്റ് അനവധി സേവനമേഖലകളും വഴി പ്രതിദിനം ലക്ഷോപലക്ഷം സാധാരണ ജനങ്ങള്‍ക്ക് ആശ്രയമായി ജീവിക്കുകയും നിസ്വാര്‍ത്ഥമായി സേവനം ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തനനിരതരായ നാല്‍പ്പത്തിനായിരത്തോളം വരുന്ന കത്തോലിക്കാ സന്യാസിനിമാര്‍. വിലമതിക്കാനാവാത്തതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്കിലും, വളരെയേറെ അവഹേളനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അവര്‍ ഇക്കാലത്ത് നേരിടുന്നു. കഴിഞ്ഞ ചില വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളില്‍ സന്യസ്തര്‍ക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങളാണ് അതിന്റെ പ്രധാന കാരണം. ഇക്കാരണത്താല്‍ പൊതുസമൂഹവും കടുത്ത തെറ്റിദ്ധാരണകളില്‍ അകപ്പെടുന്നു എന്ന് മനസിലാക്കിയതിനാല്‍ ചില സാഹചര്യങ്ങളിലെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കാന്‍ സഭാനേതൃത്വവും സന്യസ്ത സമൂഹങ്ങളും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ഒരിക്കല്‍പ്പോലും കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കപ്പെടുകയുണ്ടായിട്ടില്ല.

സമീപകാലത്ത്, തന്റെ യൂട്യൂബ് ചാനലിലൂടെ സാമുവല്‍ കൂടല്‍ എന്ന വ്യക്തി അശ്ലീല ഭാഷയില്‍ സന്യാസിനിമാരെയും ക്രൈസ്തവ സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടും നിരവധി വീഡിയോകള്‍ തന്റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 'വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകള്‍' എന്ന് പ്രസ്താവിച്ചുകൊണ്ട് അയാള്‍ ഒരു വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിനെതിരെ വനിതാ കമ്മീഷനിലും, മനുഷ്യാവകാശ കമ്മീഷനിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുമായി നൂറ്ററുപതോളം പരാതികള്‍ സന്യസ്തര്‍ നല്‍കിയെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ഇനിയും യാതൊരു നിയമ നടപടിയുമുണ്ടായിട്ടില്ല. നിയമത്തിന്റെ വഴിയേ നീങ്ങാന്‍ ശ്രമിച്ചിട്ടുള്ള സന്യസ്തര്‍ക്കും, അവര്‍ക്കുവേണ്ടി മുന്നിട്ടിറങ്ങിയവര്‍ക്കും സമാനമായ അനുഭവങ്ങളാണ് മുമ്പ് പലപ്പോഴും ഉണ്ടായിട്ടുള്ളത്.

ഈ പശ്ചാത്തലത്തിലാണ് കെസിബിസി മുഖ്യമന്ത്രിയ്ക്ക് കത്തയയ്ക്കാൻ തീരുമാനിച്ചത്. ഇത്തരം ക്രൂരമായ അവഗണനകള്‍ സന്യസ്തര്‍ക്ക് നേരെ പതിവായിരിക്കുന്നതില്‍ കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രതിഷേധം രേഖപ്പെടുത്തിയതോടൊപ്പം, സന്യാസിനിമാര്‍ നല്‍കിയിട്ടുള്ള പരാതികള്‍ക്കുമേല്‍ സത്വരമായ നടപടികള്‍ സ്വീകരിക്കുകയും വേണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. കേരളസമൂഹം മുഴുവന്‍ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന സന്യസ്തര്‍ക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ തുടരുമ്പോഴും അത്തരമൊരു ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന നിയമസംവിധാനങ്ങളില്‍ മാറ്റം വരുത്താന്‍ ശക്തമായ ഇടപെടലുകള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും താമസംവിനാ ഉണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »