Arts - 2024
ഉണ്ണീശോയെ കൈയ്യിലേന്തിയുള്ള ദൈവമാതാവിന്റെ ചിത്രം സ്റ്റാമ്പായി പുറത്തിറക്കുവാന്‍ അമേരിക്ക
പ്രവാചക ശബ്ദം 12-10-2020 - Monday
ക്ലീവ്ലാന്‍ഡ്: പതിനെട്ടാം നൂറ്റാണ്ടില്‍ പെറുവിലെ അജ്ഞാതനായ കലാകാരന്‍ വരച്ച ഗ്വാപുലോ മാതാവിന്റെ ചിത്രവുമായി ക്രിസ്തുമസ് സ്റ്റാമ്പ് പുറത്തിറക്കുവാന്‍ അമേരിക്കന്‍ പോസ്റ്റല്‍ സര്‍വ്വീസ് (യു.എസ്.പി.എസ്). ഒക്ടോബര്‍ 20 മുതല്‍ അമേരിക്കയിലുടനീളമുള്ള പോസ്റ്റ് ഓഫീസുകളില്‍ ഈ സ്റ്റാമ്പ് വില്‍പ്പനക്കെത്തും. മനോഹരമായ മേലങ്കിയും ആഭരണങ്ങളും ധരിച്ച്, വലതുകയ്യില്‍ റോസാപൂക്കളോടുകൂടിയ ശിഖരവുമേന്തി, ഇടതു കയ്യില്‍ ഉണ്ണിയേശുവിനേയും എടുത്തുകൊണ്ട് നില്‍ക്കുന്ന ദൈവമാതാവിന്റെ ചിത്രമാണ് സ്റ്റാംപിലുള്ളത്. കര്‍ത്താവിനോടുള്ള മാതാവിന്റെ അഗാധമായ സ്നേഹത്തേയാണ് പെയിന്റിംഗില്‍ മാതാവിന്റെ കയ്യിലുള്ള റോസാപൂക്കളോട് കൂടിയ ശിഖരം സൂചിപ്പിക്കുന്നത്.
1584-ല്‍ ക്വിറ്റോയിലെ(ഇക്വദോർ) ക്രിസ്ത്യന്‍ കച്ചവടക്കാരുടെ കൂട്ടായ്മ കമ്മീഷന്‍ ചെയ്ത മനോഹരമായ ഉടയാടകളോട് കൂടിയ ഈ ചിത്രം ഗ്വാഡലൂപ്പ മാതാവിന്റെ മറ്റൊരു പതിപ്പാണെന്നാണ് പെയിന്റിംഗിനെ കുറിച്ച് മെട്രോപ്പൊളിറ്റന്‍ മ്യൂസിയത്തിന്റെ വിവരണത്തില്‍ പറയുന്നത്. കുസ്കോയില്‍ നിന്നും രണ്ടായിരം മൈല്‍ അകലെയുള്ള ക്വിറ്റോയിലെ ഒരു ഇടവകയാണ് ഗ്വാപുലോ. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ‘ഔര്‍ ലേഡി ഓഫ് ഗ്വാപുലോ’ ഗ്രോട്ടോയിലെ മാതാവിന്റെ രൂപമാണ് പെയിന്റിംഗിന്റെ പ്രചോദനമായി നിരീക്ഷിക്കപ്പെടുന്നത്.
സ്റ്റാംപിന് ആധാരമായ പെയിന്റിംഗ് ഇപ്പോള്‍ ന്യൂയോര്‍ക്കിലെ മെട്രോപ്പൊളിറ്റന്‍ മ്യൂസിയത്തിലാണുള്ളത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ ഒരു പുതിയ ഗ്രോട്ടോയുടെ നിര്‍മ്മാണത്തിനുള്ള ധനസമാഹരണത്തിനായി ‘ഔര്‍ ലേഡി ഓഫ് ഗ്വാപുലോ മാതാവിന്റെ രൂപത്തിന്റെ പതിപ്പുമായി ആന്‍ഡെസ് മേഖലയിലൂടെ നടത്തിയ പര്യടനം അനേകരെ ആകര്‍ഷിച്ചിരിന്നുവെന്നും മ്യൂസിയത്തിന്റെ വിവരണത്തില്‍ പറയുന്നു. ഇത്തരത്തില്‍ ഏതോ കലാകാരന്‍ വരച്ച ചിത്രമാണ് അമേരിക്കന്‍ സ്റ്റാമ്പായി രൂപാന്തരപ്പെടാന്‍ പോകുന്നത്. കലാ സംവിധായകനായ ഗ്രെഗ് ബ്രീഡിംഗാണ് പുതിയ സ്റ്റാംപ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഉണ്ണിയേശുവിനോടോത്തുള്ള മാതാവിന്റെ ചിത്രങ്ങത്തോട് കൂടിയ ക്രിസ്മസ് സ്റ്റാംപുകള്‍ പുറത്തിറക്കുന്നത് അമേരിക്കന്‍ പോസ്റ്റല്‍ സര്‍വീസിന്റെ പതിവാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക