India - 2024

ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്കു അന്ത്യാഞ്ജലി

പ്രവാചക ശബ്ദം 20-10-2020 - Tuesday

തിരുവല്ല: ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് പ്രാർത്ഥനയോടെ ക്രൈസ്തവ സമൂഹം യാത്രാമൊഴി നൽകി. തിരുവല്ല സെന്റ്‌ തോമസ് പള്ളിയുടെ മെത്രാപ്പോലീത്താമാരുടെ കബറിങ്കൽ സഭ തെരഞ്ഞെടുത്ത ചുരുക്കം പേർ മാത്രം സാക്ഷിയായി സഭാധ്യക്ഷന്റെ മൃതദേഹം തിങ്കളാഴ്ച വൈകിട്ട് നാലോടെ സംസ്ഥാന ബഹുമതികളോടെ കബറടക്കി. ജനലക്ഷങ്ങൾ ഒഴുകി എത്തേണ്ടിയിരുന്ന സംസ്‌‌കാര ചടങ്ങുകളിൽ കോവിഡ് നിയന്ത്രണംമൂലം എല്ലാവർക്കും എത്താനായില്ല. എന്നാൽ ആയിരങ്ങളാണ് ടെലിവിഷനിലും നവമാധ്യമങ്ങളിലും ക്രമീകരിച്ച ലൈവ് ടെലികാസ്റ്റിങ് കണ്ടത്. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപോലീത്തായുടെ മുഖ്യകാർമികത്വത്തിലാണ് സംസ്‌‌കാര ചടങ്ങുകൾ നടന്നത്. ഡോ. യുയാക്കിം മാർ കൂറിലോസ് ധ്യാനപ്രസംഗം നടത്തി. ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമൊഥെയോസ്, ഡോ. ഐസക് മാർ മക്കാറിയോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യുസ്‌ മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ് എന്നിവർ സഹനേതൃത്വം നൽകി. രാവിലെ 8.30ന്‌ മൂന്നാം ശുശ്രൂഷയോടെയാണ് ചടങ്ങുകൾ നടന്നത്. പകൽ രണ്ടോടെ പൊതുജനങ്ങൾക്കുള്ള പ്രവേശനം തടഞ്ഞു. തുടർന്ന് സംസ്‌‌കാര ചടങ്ങുകൾ ആരംഭിച്ചു. മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ സംസ്ഥാന സർക്കാരിനുവേണ്ടി റീത്ത് സമർപ്പിച്ചു.

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ, ഓർത്തഡോക്സ് സഭയിലെ ഗീവർഗീസ് മാർ കൂറിലോസ്, യാക്കോബ് മാർ ഐറേനിയസ്, ഡോ. യൂഹാനോൻ മാർ‌ ക്രിസോസ്റ്റമോസ്, ഡോ. ഗീവർഗീസ് മാർ ദിയസ്കോറസ്, ജോഷ്വ മാർ നിക്കോദീമോസ്, ഡോ. സഖറിയാസ് മാർ അപ്രേം, യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ്, ഐസക് മാർ ഒസ്താത്തിയോസ്, സഖറിയാസ് മാ‌ർ പോളിക്കാർപ്പോസ്, ഡോ. മാത്യൂസ് മാർ അന്തീമോസ്, തോമസ് മാർ അലക്സന്ത്രയോസ്, യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, മാത്യൂസ് മാർ ഇവാനിയോസ്, മാത്യൂസ് മാർ അപ്രേം, മലബാർ സ്വതന്ത്ര്യ സുറിയാനി സഭ അധ്യക്ഷൻ സിറിൽ മാർ ബസേലിയോസ്, ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മലങ്കര കത്തോലിക്കാ സഭയിലെ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. സാമുവൽ മാർ ഐറേനിയോസ്, ക്നാനായ സഭയിലെ കുര്യാക്കോസ് മാർ സേവേറിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, സിഎസ്ഐ സഭയിലെ ബിഷപ് തോമസ് കെ.ഉമ്മൻ, ബിഷപ് വി.എസ്.ഫ്രാൻസിസ്, ബിഷപ് ഉമ്മൻ ജോർജ്, ബിഷപ് തോമസ് സാമുവൽ, ബിഷപ് കെ.ജി.ദാനിയൽ, ലത്തീൻ കത്തോലിക്കാ സഭയിലെ ബിഷപ്പുമാരായ ഡോ. സെൽവിസ്‌റ്റർ പൊന്നുമുത്തൻ, ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, ഇവൻജലിക്കൽ സഭ പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം, കൽദായ സഭയിലെ മാർ ഔഗിൻ കുര്യാക്കോസ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എന്നിവർ ഭൗതിക ശരീരത്തിനരികെ പ്രാർത്ഥന നടത്തി.


Related Articles »