India - 2024

ബിഷപ്പുമാരുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി

21-10-2020 - Wednesday

തിരുവനന്തപുരം: അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണമെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി.

കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനും മാവേലിക്കര ബിഷപ്പുമായ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, വൈസ് ചെയര്‍മാനും കൊല്ലം ബിഷപ്പുമായ ഡോ. പോള്‍ ആന്റണി മുല്ലശേരി, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരത്തില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ചാള്‍സ് ലെയോണ്‍, കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍ എന്നിവരും പങ്കെടുത്തു.

തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം ഉപവാസ സ മരം ഉദ്ഘാടനം ചെയ്തു. രാവിലെ 11ന് ആരംഭിച്ച ഉപവാസം വൈകുന്നേരം നാലിന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കരിക്കിന്‍വെള്ളം നല്‍കി അവസാനിപ്പിച്ചു. തിരുവനന്തപുരം മലങ്കര അതിരൂപത കോര്‍പറേറ്റ് മാനേജര്‍ മോണ്‍. ഡോ.വര്‍ക്കി ആറ്റുപുറത്ത് പ്രാരംഭ പ്രാര്‍ഥന നടത്തി.

സമരത്തിന് പിന്തുണയുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ആര്‍. ക്രിസ്തുദാസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ കെ. മുരളീധരന്‍, എം. വിന്‍സന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്സോണ്‍ ഏബ്രഹാം, തിരുവനന്തപുരം ലത്തീന്‍ അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡെയ്‌സണ്‍, നെയ്യാറ്റിന്‍കര രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോസഫ് അനില്‍, പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സി.സി. ജോണ്‍, കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ആര്‍. ജോസ്, തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രസിഡന്റ് വി. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച ആശാവഹമാണെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശന്പളം നല്‍കുന്നതുവരെ അനിശ്ചിതകാല നിരാഹാര സമരം തുടരാന്‍ തീരുമാനിച്ചു. ഇന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തിലാണ് ഉപവാസ സമരം നടത്തുന്നത്. അതിരൂപത സഹായ മെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. നാളെ തിരുവനന്തപുരം മേജര്‍ അതിരൂപത മലങ്കര ടീച്ചേഴ്‌സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ സമരം നടത്തും. അധ്യാപക നിയമന വിഷയത്തില്‍ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കൊല്ലം കളക്ടറേറ്റുകള്‍ക്കു മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം തുടരുകയാണ്.


Related Articles »