News - 2025

ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്യായ അറസ്റ്റിനെതിരെ ബ്രിട്ടനിലും പ്രതിഷേധം

പ്രവാചക ശബ്ദം 26-10-2020 - Monday

ലണ്ടന്‍: മഹാരാഷ്ട്രയില്‍ രണ്ടു വര്‍ഷം മുന്‍പ് നടന്ന ഭീമ കൊറെഗാവ് അക്രമവുമായി ബന്ധപ്പെടുത്തി മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ബ്രിട്ടനിലും പ്രതിഷേധം. ബ്രിട്ടനില്‍ ശുശ്രൂഷ ചെയ്യുന്ന ഈശോസഭാംഗങ്ങളായ വൈദികരും അവരുമായി ബന്ധപ്പെട്ട അല്‍മായരും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഓഫീസിന് മുന്നിലാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്നാവശ്യപ്പെടുന്ന പത്രിക ബ്രിട്ടനിലെ ജെസ്യൂട്ട് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യാളായ ഫാ. ഡാമിയന്‍ ഹോവാര്‍ഡ് ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഗൈത്രി ഇസ്സാര്‍ കുമാറിന് കൈമാറുവാന്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതിഷേധക്കാരുമായി സംസാരിക്കുവാനോ, പത്രിക സ്വീകരിക്കുവാനോ തയ്യാറാകാത്തതിനെ തുടര്‍ന്ന് പത്രിക പോസ്റ്റ്‌ ചെയ്യുകയായിരുന്നു.

വെസ്മിന്‍സ്റ്റര്‍ കൗണ്‍സിലിന്റെ അനുമതിയോടെ മെട്രോപ്പൊളിറ്റന്‍ പോലീസിന്റെ സാന്നിധ്യത്തില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവരെ സഹായിക്കുകയും ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയാണ് ഇപ്പോള്‍ തടവില്‍ കഴിയുന്നതെന്നും അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഫാ. ഡാമിയന്‍ ഹോവാര്‍ഡ് പറഞ്ഞു. എണ്‍പത്തിമൂന്നുകാരനായ ഫാ. സ്റ്റാന്‍ സ്വാമി നീതിക്കും, സമാധാനത്തിനും വേണ്ടിയാണ് തന്റെ ജീവിതകാലം ചിലവഴിച്ചതെന്ന കാര്യം ജെസ്യൂട്ട് മിഷന്റെ ഡയറക്ടറായ പോള്‍ ചിറ്റ്നിസ് ഓര്‍മ്മിപ്പിച്ചു.

തികച്ചും വ്യാജമായ കുറ്റാരോപണത്തിന്റെ പേരിലാണ് അദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നതെന്നും, ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ അവകാശപ്പെടുന്ന സഹിഷ്ണുതക്ക് വിരുദ്ധമാണിതെന്നും, കൊറോണ പകര്‍ച്ചവ്യാധി തുടരുന്ന സാഹചര്യത്തില്‍ ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലെയുള്ള ഒരു വൃദ്ധനെ ജയിലില്‍ പാര്‍പ്പിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫാ. സ്റ്റാന്‍ സ്വാമിയെ ജയിലില്‍ നിന്നും മോചിപ്പിക്കുന്ന കാര്യം ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് തങ്ങളുടെ പാര്‍ലമെന്‍റ് അംഗത്തിന് കത്തെഴുതുവാന്‍ ഈശോ സഭയുടെ ഇന്റര്‍നാഷ്ണല്‍ ഡെവലപ്മെന്റ് കാര്യാലയം തങ്ങളുമായി ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ആഗോള കത്തോലിക്ക സമൂഹവും, മനുഷ്യാവകാശ പ്രവര്‍ത്തകരും ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്ന് നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ജീവിതത്തിലെ അന്‍പതു വര്‍ഷങ്ങള്‍ ദളിതുരുടേയും, ആദിവാസികളുടേയും ക്ഷേമത്തിനായാണ് ഫാ. സ്റ്റാന്‍ സ്വാമി ചിലവഴിച്ചത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അടക്കമുള്ളവരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ യുപിഎ ചുമത്തി ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത് കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയുടെ അവസാന ഉദാഹരണമാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »