News - 2024

ഫ്രാൻസിസ് പാപ്പയുടെ ക്രിസ്തുമസ് തിരുകർമ്മങ്ങളില്‍ വിശ്വാസികളുടെ പങ്കാളിത്തം ഒഴിവാക്കുവാന്‍ തീരുമാനം

പ്രവാചക ശബ്ദം 27-10-2020 - Tuesday

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഈ വർഷത്തെ ക്രിസ്തുമസ് ദിന തിരുകർമ്മങ്ങൾ വിശ്വാസികളുടെ സാന്നിധ്യമില്ലാതെ നടക്കും. വിവിധ എംബസികൾക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അയച്ച കത്തിൽ നയതന്ത്ര പ്രതിനിധികൾക്കും ഇത്തവണത്തെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വർഷവും വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ പ്രത്യേകത ക്ഷണിതാക്കളായാണ് തിരുപ്പിറവി ചടങ്ങുകളിൽ പങ്കെടുക്കാറുള്ളത്. ഓൺലൈനായി ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് വത്തിക്കാനിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നുണ്ട്. (ഇത് പ്രവാചകശബ്ദത്തിന്റെ യൂട്യൂബ്/ഫേസ്ബുക്ക് പേജുകളില്‍ ലഭ്യമാക്കുന്നതാണ്).

ഇറ്റലിയിൽ രണ്ട് മാസം നീണ്ടുനിന്ന ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് വത്തിക്കാനിൽ നടന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളിലും വിശ്വാസികൾക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഏതാനും ആഴ്ചകളായി കൊറോണാ വൈറസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വലിയ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ മാസം തുടക്കം മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക്കു നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാവർഷവും മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിക്കുന്ന ഈസ്റ്റർ, ക്രിസ്തുമസ് തിരുക്കർമ്മങ്ങളിൽ ആയിരങ്ങളാണ് പങ്കെടുക്കാൻ എത്താറുള്ളത്. മറ്റ് ഏതാനും പൊതു ചടങ്ങുകളും കൂടി റദ്ദാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ക്രിസ്മസ് ദിനത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ജനാലയിലൂടെ പാപ്പ നൽകുന്ന 'ഉർബി എറ്റ് ഒർബി' ആശിർവാദം ഇത്തവണയും കാണും.

അതേസമയം മാർപാപ്പയുടെ ഞായറാഴ്ച ത്രികാല പ്രാർത്ഥനയും, ബുധനാഴ്ചത്തെ പൊതു കൂടിക്കാഴ്ചയും സാധാരണ പോലെ നടക്കും. ജനുവരി മാസത്തെ എപ്പിഫനി തിരുനാൾ ചടങ്ങുകൾ ഉൾപ്പെടെയുള്ളവ പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ വത്തിക്കാനിൽ നടക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ദനഹാ തിരുനാളിൽ എല്ലാ വർഷവും ചെയ്യുന്നതുപോലെ വത്തിക്കാൻ ഉദ്യോഗസ്ഥരുടെ കുട്ടികൾക്ക് പാപ്പ ജ്ഞാനസ്നാനം നൽകി, അവർക്കുവേണ്ടി വിശുദ്ധകുർബാന അർപ്പിക്കുമോ എന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »