News

പോളണ്ടിലെ ഗര്‍ഭഛിദ്ര വിരുദ്ധ നിയമത്തിന് പിന്നാലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ വ്യാപക ആക്രമണം

പ്രവാചക ശബ്ദം 27-10-2020 - Tuesday

വാര്‍സോ: പോളണ്ടില്‍ കഴിഞ്ഞയാഴ്ച നടപ്പിലാക്കിയ പ്രോലൈഫ് നിയമത്തിനെതിരെ ഗര്‍ഭഛിദ്ര അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ വിവിധ സ്ഥലങ്ങളിലെ കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം. അസഭ്യം നിറഞ്ഞ മുദ്രാവാക്യങ്ങളുമായി നൂറുകണക്കിനാളുകളാണ് തെരുവുകളും ദേവാലയങ്ങളും കീഴടക്കിയത്. കഴിഞ്ഞ നാലു ദിവസങ്ങളായി നടന്നുവരുന്ന പ്രതിഷേധങ്ങളില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രതിഷേധമാണ് അക്രമാസക്തമായത്. ജനിക്കുമ്പോള്‍ വൈകല്യമുണ്ടാകും എന്നതിന്റെ പേരില്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പോളണ്ടിലെ ഭരണഘടനാ കോടതി വിധിച്ചതിന് പിന്നാലെയാണ് ആക്രമണം.

ദേവാലയങ്ങള്‍ക്ക് മുന്നില്‍ അസഭ്യവര്‍ഷവുമായി തടിച്ചുകൂടിയ ഗര്‍ഭഛിദ്ര അനുകൂലികളായ പ്രതിഷേധക്കാര്‍ വിശ്വാസികളെ ദേവാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുകയും, വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തുകയും ചെയ്തു. ഇടതുപക്ഷ എംപിമാരുടെ പിന്തുണയോടെയാണ് പ്രതിഷേധ പ്രകടനം നടന്നത്. വാര്‍സോയിലെ ക്രാക്കോവിലെ പോസ്നാന്‍ ദേവാലയത്തിന്റെ നിയന്ത്രണം മണിക്കൂറുകളോളം പ്രതിഷേധക്കാരുടെ കൈകളിലായിരുന്നു. വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെ ദേവാലയത്തിലെത്തിയ ഗര്‍ഭഛിദ്ര അനുകൂലികള്‍ മനുഷ്യ ചങ്ങല തീര്‍ക്കുകയും, മണിക്കൂറുകളോളം ദേവാലയം തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു.

ജീവന്‍ വിരുദ്ധ പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിഷേധം. ദേവാലയങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നത് തടയുവാന്‍ കത്തോലിക്കാ വിശ്വാസികളും രംഗത്തുണ്ടായിരുന്നു. ക്രാക്കോവ് അതിരൂപതാ കാര്യാലയത്തിനു മുന്നില്‍ ഒരുമിച്ച് കൂടിയശേഷമാണ് വിശ്വാസികള്‍ ദേവാലയ സംരക്ഷണത്തിനായി പല സംഘങ്ങളായി പിരിഞ്ഞത്. അതിരൂപതാ കാര്യാലയത്തിന്റെ മുന്നിലും പ്രതിഷേധം നടന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്നു ദേവാലയ സംരക്ഷണത്തിനായി രംഗത്തിറങ്ങിയ പിയോട്ടര്‍ എന്ന യുവാവ് വെളിപ്പെടുത്തി. പ്രോലൈഫ് നിയമത്തിന്റെ പേരില്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും പിയോട്ടര്‍ പറഞ്ഞു.

ഇടതുപക്ഷ അനുകൂലികളുടെ കമ്മിറ്റി ഫോര്‍ ദി ഡിഫന്‍സ് ഓഫ് ഡെമോക്രസിയും (കെ.ഒ.ഡി) അവരുടെ അബോര്‍ഷന്‍ അനുകൂല വിഭാഗമായ സ്ട്രാജ്ക് കൊബിയറ്റുമാണ് (സ്ത്രീകളുടെ സമരം) ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. നിയമയുദ്ധത്തില്‍ ലഭിച്ച വിജയത്തിലെ അലയടികള്‍ ഒടുങ്ങുന്നതിന് മുന്‍പ് ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടതില്‍ പോളണ്ടിലെ കത്തോലിക്കര്‍ ആശങ്കയിലാണ്. അതേസമയം ദേവാലയത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ കത്തോലിക്ക യുവജനങ്ങള്‍ മുന്നോട്ട് വരുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »