News - 2025
അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം നിയമപരമാക്കുന്നതിനുള്ള അണിയറ നീക്കങ്ങള്‍ ശക്തം: എതിര്‍പ്പ് അറിയിച്ച് മെത്രാന്‍ സമിതി
പ്രവാചക ശബ്ദം 27-10-2020 - Tuesday
ബ്യൂണസ് അയേഴ്സ്: തെക്കേ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന ബില്‍ ഉടന്‍ തന്നെ പരിഗണനയിലെടുക്കുമെന്ന വാര്‍ത്തകള്‍ ശക്തമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അര്‍ജന്റീനയിലെ മെത്രാന്‍ സമിതിയുടെ പ്രസ്താവന. ജീവിതാന്തസ്സും, മനുഷ്യാവകാശങ്ങളുടെ പ്രചാരണവും ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണെന്നും അബോര്‍ഷന്‍ നിയമപരമാക്കുവാനുള്ള നീക്കങ്ങള്‍ അനാവശ്യമാണെന്നും അര്‍ജന്റീനയിലെ മെത്രാന്‍ സമിതി ഒക്ടോബര്‍ 22ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ബ്യൂണസ് അയേഴ്സിലെ പ്രോലൈഫ് വക്താവായ മാര്‍ട്ടിന്‍ സെബാല്ലോസ് അയേര്‍സായും ഗര്‍ഭഛിദ്രം നിയമപരമാക്കുവാനുള്ള നടപടികള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം നവംബര്‍ 3ന് മുന്‍പ് ബില്‍ അവതരിപ്പിക്കുവാന്‍ സാധ്യതയില്ലെന്നാണ് സെബാല്ലോസ് പറയുന്നത്. 2018-ലെ ബില്ലിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്ലാന്‍ഡ് പാരന്റ്ഹുഡ്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലെയുള്ള ഗര്‍ഭഛിദ്ര അനുകൂല സംഘടനകള്‍ക്കുള്ള ഫണ്ടിംഗ് അമേരിക്കയിലെ ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചതിനാല്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ആരെന്ന് വ്യക്തമായതിനു ശേഷമായിരിക്കും ബില്‍ അവതരിപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് അര്‍ജന്റീനന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അബോര്‍ഷന്‍ കുറ്റകരമല്ലാതാക്കുന്ന ബില്‍ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പോലെയുള്ള അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളുടെ പിന്തുണയോടെ മാര്‍ച്ചില്‍ അവതരിപ്പിക്കുവാനിരുന്ന ഈ ബില്‍ കൊറോണയെ തുടര്‍ന്ന്‍ മാറ്റിവെക്കുകയായിരുന്നു. അര്‍ജന്റീനയിലെ നിലവിലെ അബോര്‍ഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതില്‍ ഗര്‍ഭഛിദ്ര അനുകൂലികള്‍ വിജയിക്കുമോ എന്ന ആശങ്ക വെനിസ്വേല ആസ്ഥാനമായുള്ള പ്രോലൈഫ് പ്രവര്‍ത്തകയായ ക്രിസ്റ്റിന്‍ ഡെ മാര്‍സെല്ലൂസ് വോള്‍മര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അബോര്‍ഷന്‍ നിയവിധേയമാക്കുക മാത്രമല്ല, അബോര്‍ഷന്‍ ആവശ്യപ്പെടുന്ന സ്ത്രീകള്‍ക്ക് അബോര്‍ഷന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടുന്നതുപോലും കുറ്റകരമാക്കുവനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് അലയന്‍സ് ഡിഫന്‍സ് ഫ്രീഡമിന്റെ മുതിര്‍ന്ന കൗണ്‍സിലറായ നെയ്‌ഡി കാസില്ലാസ് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിന്നു.
ഗര്‍ഭധാരണം മുതല്‍ 14 ആഴ്ചകള്‍ വരെയുള്ള അബോര്‍ഷന്‍ നിയമപരമാക്കുകയും, അതിനുശേഷമുള്ള അബോര്‍ഷന് നിലവിലെ നിയമത്തിലെ ഒഴിവുകഴിവുകള്‍ അനുവദിക്കുകയും ചെയ്യുന്ന ബില്ലിന്റെ കരടുരൂപം 2018-ല്‍ ചേംബര്‍ ഓഫ് ഡെപ്പ്യൂട്ടീസ് പാസ്സാക്കിയെങ്കിലും സെനറ്റ് ആ ബില്‍ തള്ളിക്കളയുകയായിരുന്നു. അമ്മയുടെ ജീവന് ഭീഷണിയാകുന്ന അവസ്ഥ, ബലാല്‍സംഗത്തിന്റെ ഫലമായുള്ള ഗര്‍ഭധാരണം പോലെയുള്ള ചില പ്രത്യേക സാഹചര്യങ്ങളിലെ ഭ്രൂണഹത്യ ഒഴിവാക്കിയാല്‍ നിലവില്‍ അര്‍ജന്റീനയില്‍ അബോര്‍ഷന്‍ കുറ്റകരമാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക