News - 2025
സഭയുടെ എതിര്‍പ്പ് മറികടന്ന് ദയാവധം നിയമവിധേയമാക്കുവാന്‍ ന്യൂസിലാന്‍റ്
പ്രവാചക ശബ്ദം 31-10-2020 - Saturday
വെല്ലിംഗ്ടണ്‍: കത്തോലിക്ക സഭയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ദയാവധം നിയമവിധേയമാക്കുന്നതിനായി പൊതുതെരഞ്ഞെടുപ്പിനൊപ്പം നടത്തിയ ജനഹിത പരിശോധനയില്‍ ന്യൂസിലന്‍ഡ് അനുകൂല വിധിയെഴുതിയതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച പുറത്തുവന്ന ഫല സൂചനയില്‍ ജീവിതാവസാനം തെരഞ്ഞെടുക്കല്‍ നിയമം2019ന് 65.2 ശതമാനം പേര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാരകമായ രോഗം ബാധിച്ച് ആറു മാസത്തിനുള്ളില്‍ മരണം സംഭവിക്കുമെന്നു വിധിയെഴുതപ്പെട്ടവര്‍ക്ക്, രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരത്തോടെ ദയാവധം തെരഞ്ഞെടുക്കാമെന്നാണു വ്യവസ്ഥ. പുതിയ നിയമം 2021 നവംബറോടെ പ്രാബല്യത്തില്‍ വരും.
4,80,000 പോസ്റ്റല്‍, പ്രവാസി വോട്ടുകള്‍ എണ്ണാനുണ്ട്. ഈ വോട്ടുകള്‍കൂടി എണ്ണിത്തിട്ടപ്പെടുത്തിയശേഷം അടുത്ത വെള്ളിയാഴ്ച ജനഹിത പരിശോധനയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. നെതര്‍ലന്‍ഡ്‌സ്, കാനഡ രാജ്യങ്ങളില്‍ ദയാവധം നിയമപരമായി അനുവദിക്കുന്നുണ്ട്. ന്യൂസിലന്‍ഡില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുന്നതു സംബന്ധിച്ചു നടത്തിയ ജനഹിതപരിശോധനയില്‍ 53.1 ശതമാനം പേര്‍ എതിര്‍ത്തും 46.1 ശതമാനം പേര്‍ അനുകൂലിച്ചും വോട്ട് രേഖപ്പെടുത്തി. പോസ്റ്റല്‍, പ്രവാസി വോട്ടുകള്‍ കൂടി എണ്ണുന്‌പോള്‍ ഈ ഫലത്തില്‍ മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ന്യൂസീലൻഡ് ഭരിക്കുന്ന പ്രധാനമന്ത്രി ജസീന്ത ആർഡന്റെ ലിബറൽ ലേബർ പാർട്ടി ദയാവധത്തെയും ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ്ഗ വിവാഹത്തെയും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വവര്‍ഗ്ഗാനുരാഗികളുടെ റാലിയില്‍ പങ്കെടുത്ത പ്രധാനമന്ത്രിയാണ് ആര്‍ഡന്‍. ദയാവധം നിയമവിധേയമാക്കാനുള്ള ന്യൂസിലാൻഡിന്റെ തീരുമാനം രാജ്യത്തെ “അപകടകരമായ പാത” യിലേക്ക് നയിക്കുമെന്ന് രാജ്യത്തെ കത്തോലിക്കാ മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക