News - 2025
ഒരു പതിറ്റാണ്ടിന് ശേഷം സ്പാനിഷ് രൂപതയില്‍ ഡീക്കന്‍ പട്ടസ്വീകരണം
പ്രവാചക ശബ്ദം 31-10-2020 - Saturday
സെഗോവിയ, സ്പെയിന്‍: സ്പെയിനിലെ സെഗോവിയ രൂപതയില്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി ഒരാള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു. ആവില സര്‍വ്വകലാശാലയില്‍ നിന്നും, സലമാന്‍കായിലെ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നും ദൈവശാസ്ത്രം പഠിച്ച അല്‍വാരോ മാരിന്‍ എന്ന ഇരുപത്തിനാലുകാരനാണ് സെഗോവിയ രൂപതയുടെ ഒരു പതിറ്റാണ്ട് നീണ്ട ചരിത്രം തിരുത്തിക്കുറിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഡീക്കന്‍ പട്ട സ്വീകരണം നടന്നു. നീണ്ട കാലങ്ങള്‍ക്ക് ശേഷം പുതിയൊരു ഡീക്കനെ സമ്മാനിച്ച ദൈവത്തിന് സെഗോവിയ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് സെസാര്‍ ഫ്രാങ്കോ നന്ദി പ്രകാശിപ്പിച്ചു.
ഡീക്കന്‍ പട്ടസ്വീകരണത്തില്‍ സെഗോവിയ രൂപതക്ക് അതിയായ സന്തോഷമുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഈ ദൈവവിളി ഒരു മഹത്തായ സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനഞ്ചാമത്തെ വയസ്സില്‍ തന്നെ താന്‍ തന്റെ ദൈവവിളി തിരിച്ചറിഞ്ഞുവെന്നു ‘കോപെ സെഗോവിയ നെറ്റ് വര്‍ക്ക്നു നല്‍കിയ അഭിമുഖത്തില്‍ സെഗോവിയയിലെ സെന്റ് തെരേസ ഇടവകാംഗം കൂടിയായ പുതിയ ഡീക്കന്‍ പറഞ്ഞു. ദൈവവിളി ലഭിച്ചതിനു ശേഷം ഒരു തീരുമാനമെടുക്കുവാന്‍ കഴിയാതെ ആശയകുഴപ്പത്തിലായ മാരിന്‍ തന്റെ ഇടവക വികാരിയോട് ഇക്കാര്യം സംസാരിച്ചിരിന്നു. അദ്ദേഹമാണ് മൈനര്‍ സെമിനാരിയില്‍ എത്തിച്ചത്.
തന്റെ ദൈവവിളി തിരിച്ചറിഞ്ഞതിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഖടകം തന്റെ പിതാവിന്റെ മരണമായിരുന്നെന്നു മാരിന്‍ പറയുന്നു. തന്റെ ദൈവവിളിയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുവാനും, ദൈവത്തോട് ‘യെസ്’ പറയുവാനും, സെമിനാരിയില്‍ ചേരുവാനും പ്രേരിപ്പിച്ച ഒരു സഹനമായിരുന്നു പിതാവിന്റെ മരണമെന്നു അവന്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന തിരുപ്പട്ടസ്വീകരണത്തിനായി കാത്തിരിക്കുകയാണ് മാരിന്‍ ഇപ്പോള്‍. വൈദികനായ ശേഷം സെഗോവിയ രൂപതയെ സേവിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും മാരിന്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക