News - 2025

ബസിലിക്ക ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഫ്രാന്‍സില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വൈദികനു വെടിയേറ്റു

പ്രവാചക ശബ്ദം 01-11-2020 - Sunday

ലിയോണ്‍: ഫ്രാന്‍സില്‍ നീസ് ബസിലിക്ക ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദി നടത്തിയ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഭീകരവാദി നടത്തിയ വെടിവയ്പില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വൈദികനു ഗുരുതര പരിക്ക്. തിരുക്കര്‍മങ്ങള്‍ക്കു ശേഷം ദേവാലയം പൂട്ടുകയായിരുന്ന ഫ്രഞ്ച് നഗരമായ ലിയോണ്‍ നഗരത്തിലെ വൈദികനെയാണു ഭീകരവാദി വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

അക്രമിയുടെ വെടിയേറ്റ് വീണ വൈദികന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കറുത്ത റെയിന്‍കോട്ടും കറുത്ത തൊപ്പിയും ധരിച്ചെത്തിയ കോട്ടിനുള്ളില്‍ ഒളിപ്പിച്ചു വച്ച തോക്കുകൊണ്ടു വൈദികനെ വെടിവച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴ് മണിയോടെ അക്രമിയെന്ന് സംശയിക്കപ്പെടുന്നയാളെ അടുത്തുള്ള ഒരു കബാബ് കടയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചതായി ലിയോൺ പബ്ളിക്ക് പ്രോസിക്യൂട്ടറുടെ കാര്യാലയത്തിൽ നിന്ന് അറിയിച്ചു. ലിയോണിലെ പ്രാദേശിക ഗ്രീക്ക് ഓർത്തഡോക്സ് സമൂഹത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന ഭിന്നതയുടെ ഭാഗമായാണോ സംഭവം ഉണ്ടായതെന്നും അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണ ഫ്രാന്‍സിലെ നീസ് നഗരത്തിലെ ദൈവമാതാവിന്റെ നാമത്തിലുള്ള ബസിലിക്കയില്‍ ആരാധനയ്ക്കായി വന്ന മൂന്നുപേരെ ഭീകരവാദി കൊല്ലുകയും ആറുപേരെ പരിക്കേല്പിക്കുകയും ചെയ്തിരുന്നു. ഒരു എഴുപതുകാരിയെ കഴുത്തറത്തും മറ്റു രണ്ടുപേരെ കുത്തിയുമാണു കൊന്നത്. ഇതില്‍ യൂറോപ്പിലാകെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് പുതിയ ആക്രമണം. അതേസമയം നീസിലെ തീവ്രവാദിയാക്രമണത്തിൽ ഒരാളെക്കൂടി ഫ്രഞ്ച് പോലീസ് അറസ്റ്റുചെയ്തു. അക്രമിയുമായി ബന്ധം പുലർത്തിയതിന്‌ വെള്ളിയാഴ്ച പോലീസ് അറസ്റ്റുചെയ്ത 47-കാരൻറെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മൂന്നാമൻ അറസ്റ്റിലായത്. 33-കാരനായ ടൂണീഷ്യൻ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യംചെയ്തു വരുകയാണെന്ന് പോലീസ് അറിയിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »