News - 2025

ക്രിസ്ത്യന്‍ പെണ്‍കുട്ടി ആര്‍സൂവിനെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം: കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

പ്രവാചക ശബ്ദം 03-11-2020 - Tuesday

ഇസ്‌ളാമാബാദ്: പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ പതിമൂന്നു വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി ആര്‍സൂ രാജയുടെ കേസില്‍ നവംബര്‍ അഞ്ചിന് വീണ്ടും വാദം കേള്‍ക്കും. അതേസമയം തട്ടിക്കൊണ്ടു പോയി മതം മാറ്റിയ പ്രതിയ്ക്കൊപ്പം ജീവിക്കാന്‍ പെണ്‍കുട്ടിയോട് നിര്‍ദ്ദേശിച്ച സിന്ധ് ഹൈക്കോടതി പൊതു സമൂഹത്തില്‍ നിന്നുയര്‍ന്ന വ്യാപക പ്രതിഷേധത്തെ തുടര്‍ന്നു നിലപാടില്‍ അയവു വരുത്തി. പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആര്‍സൂവിനെ വിവാഹിതനായ അലി അസ്ഹര്‍ എന്ന നാല്‍പ്പതുകാരന്‍ തട്ടിക്കൊണ്ടുപോയത്. ആര്‍സൂവിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും, ആര്‍സുവിന് 18 വയസ്സ് തികഞ്ഞെന്നും, അവള്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്നും, സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹമെന്നും പ്രഖ്യാപിക്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് ഭര്‍ത്താവ് ഹാജരാക്കിയിട്ടുണ്ടെന്ന മറുപടിയായിരുന്നു രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അധികാരികളില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ഈ വാഗ്വാദങ്ങള്‍ക്കെതിരെ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തി കുടുംബം രംഗത്തുവന്നെങ്കിലും ഇത് ചെവികൊള്ളാന്‍ കോടതി തയാറായിരിന്നില്ല.

ഇതേ തുടര്‍ന്നു നാടകീയ രംഗങ്ങളാണ് കോടതി മുറ്റത്ത് അരങ്ങേറിയത്. തന്റെ അമ്മക്കരികിലേക്ക് ഓടാന്‍ തുനിഞ്ഞ ആര്‍സൂവിനെ അലി അസ്ഹര്‍ ബലമായി പിടിച്ചുനിറുത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. ഇതിനിടെ മകളെ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കോടതി മുറ്റത്ത് വാവിട്ട് കരയുന്ന ആര്‍സൂ\വിന്റെ അമ്മയുടെ ദയനീയ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലേ പെണ്‍കുട്ടിയുടെ മോചനം ആവശ്യപ്പെട്ട് നൂറുകണക്കിനാളുകള്‍ പ്രതിഷേധ ധര്‍ണ്ണയിലേക്ക് പ്രവേശിക്കുകയായിരിന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍സൂവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റാലികള്‍ നടന്നു.

അതേസമയം വ്യാപക പ്രതിഷേധത്തെ തുടര്‍ന്നു പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) ചെയര്‍പേഴ്സണ്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി വിഷയത്തില്‍ പ്രതികരണം നടത്തി. ആര്‍സൂവിന്റെ കേസ് ബാലവിവാഹത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കോടതി വിധി പുനഃപരിശോധിക്കണമെന്നും, ഇക്കാര്യത്തില്‍ കോടതിക്ക് എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നും, ആര്‍സൂവിന് നീതി ലഭിക്കുവാന്‍ കോടതിയാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിന്ധ് ഗവണ്‍മെന്റ് (ജി.ഒ.എസ്) കോടതിയെ സമീപിച്ചു. നവംബര്‍ അഞ്ചിന് അനുകൂല വിധി ലഭിക്കുവാന്‍ പ്രാര്‍ത്ഥനയുമായി കഴിയുകയാണ് പാക്ക് ക്രൈസ്തവര്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »