News - 2025
ഭരണഘടന പരിഷ്കാരം: ആശങ്കയില്‍ അൾജീരിയന്‍ ക്രൈസ്തവര്‍
പ്രവാചക ശബ്ദം 10-11-2020 - Tuesday
അൾജീരിയ: പുതിയ ഭരണഘടനാ പരിഷ്കാരങ്ങൾ അംഗീകരിക്കുന്നതിന് വേണ്ടി അൾജീരിയയിൽ വോട്ടെടുപ്പു നടത്തിയതിന് പിന്നാലേ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിൽ കാര്യമായ നടപടി ഒന്നും ഉണ്ടാകില്ലെന്ന ആശങ്ക ശക്തിപ്പെടുന്നു. അൾജീരിയൻ അധികൃതർ ഇതിനോടകം സ്വീകരിച്ച നടപടികൾ പൊതു ആരാധനയ്ക്കുള്ള ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിയമപരമായി ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് അസോസിയേഷനുമായി (ഇപിഎ) ബന്ധപ്പെട്ടാണ് ദേവാലയങ്ങള്‍ പ്രവർത്തിക്കുന്നതെങ്കിലും 2017 മുതൽ അൾജീരിയയിലെ നിരവധി പള്ളികൾക്ക് അടച്ചുപൂട്ടലുകൾ നേരിടേണ്ടി വന്നു.
അൾജീരിയൻ മതന്യൂനപക്ഷങ്ങൾ പതിറ്റാണ്ടുകളായി നേരിടുന്ന വിവേചനത്തിന്റെ ഭാഗമാണ് ഇതും. കോവിഡ് മഹാമാരിയെ തുടർന്ന് എല്ലാ മതസ്ഥാപനങ്ങളും അടയ്ക്കാൻ ഉത്തരവുണ്ടായതോടെ ഈ തീരുമാനം ത്വരിതഗതിയിലാക്കി. സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ അനുസരിച്ചു മുസ്ലിം പള്ളികൾ വീണ്ടും തുറക്കാൻ തുടങ്ങിയെങ്കിലും ക്രിസ്ത്യൻ ദേവാലയങ്ങൾ തുറക്കാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. എല്ലാ ആരാധനാലയങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്ന നിയമം ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സമീപകാല സംഭവങ്ങൾ ഇത് പൂര്‍ണ്ണമായും തള്ളികളയുകയാണ്.
അധികാരികൾ വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള അനുവാദം നല്‍കിക്കൊണ്ട് പുറത്തുവിട്ടിരിക്കുന്ന ലിസ്റ്റിൽ ക്രിസ്ത്യൻ ദേവാലയങ്ങൾ ഒന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ല. ഏകദേശം രണ്ട് ലക്ഷത്തോളം ക്രിസ്ത്യാനികൾ രാജ്യത്ത് താമസിക്കുന്നുണ്ട്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ അള്‍ജീരിയയിലെ ആകെ ജനസംഖ്യയുടെ 0.2% മാത്രമാണ് ക്രൈസ്തവര്‍. പതിറ്റാണ്ടുകളായി പലവിധ മത പീഡനങ്ങൾക്കു ഇവർ വിധേയരാകുന്നുണ്ടെങ്കിലും, ധൈര്യത്തോടെ ക്രിസ്തുവിന് സാക്ഷ്യം നല്‍കിയാണ് ഇവര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.