Arts - 2024

പരിശുദ്ധ കന്യകാമറിയം ലോകത്തിന് നല്കിയ അത്ഭുതകാശുരൂപത്തിന്റെ ചിത്രം പാപ്പ ആശീര്‍വദിച്ചു

പ്രവാചക ശബ്ദം 13-11-2020 - Friday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിലെ പാരീസിലെ റ്യൂ ഡു ബാക്ക് ചാപ്പലില്‍വെച്ച് വിന്‍സെന്‍ഷ്യന്‍ സഭാംഗമായ ഫ്രഞ്ച് കന്യാസ്ത്രീ വിശുദ്ധ കാതറിന്‍ ലബോറെക്ക് പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ 190-മത് വാര്‍ഷികാഘോഷത്തിന് ആരംഭംകുറിച്ചുകൊണ്ട് വിശുദ്ധയിലൂടെ കന്യകാമാതാവ് ലോകത്തിന് സംഭാവന ചെയ്ത അത്ഭുത കാശുരൂപത്തിന്റെ ചിത്രം ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹം സംഘടിപ്പിക്കുന്ന മരിയന്‍ തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ‘കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മിഷന്‍ ആന്‍ഡ്‌ കമ്പനി ഓഫ് ദി ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ്‌ വിന്‍സന്റ് ഡി പോള്‍’ സഭയുടെ സുപ്പീരിയര്‍ ജനറലായ ഫാ. ടോമാസ് മാവ്രിക്കിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഫ്രാന്‍സിസ് പാപ്പയുമായി നവംബര്‍ 11ന് നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് പരിശുദ്ധ പിതാവ് കാശുരൂപം ആശീര്‍വദിച്ചത്.

ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുന്ന തീര്‍ത്ഥാടനം വിന്‍സെന്‍ഷ്യന്‍ സഭയുടെ ഇറ്റലിയിലെ വിവിധ എക്ലേസ്യല്‍ സമൂഹങ്ങള്‍ സന്ദര്‍ശിച്ച് അടുത്ത വര്‍ഷം നവംബറിലാണ് അവസാനിക്കുക. ലോകം പകര്‍ച്ചവ്യാധിയിലൂടേയും, കടുത്ത ആശയകുഴപ്പത്തിലൂടേയും കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ദൈവത്തിന്റെ കരുണാമയമായ സ്നേഹത്തിന്റെ പ്രഘോഷണ യാത്ര നടത്തുവാന്‍ വിശുദ്ധ വിന്‍സെന്റ്‌ ഡി പോളിന്റെ ആത്മീയ മക്കള്‍ ആഗ്രഹിക്കുന്നുവെന്ന് സഭ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

1830 ജൂലൈ 18നും 19നും ഇടയിലാണ് ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ്‌ വിൻസന്റ് ഡി പോള്‍’ സന്യാസിനീ സഭാംഗമായിരുന്ന വിശുദ്ധ കാതറിന്‍ ലബോറേക്ക് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 1830 നവംബര്‍ 27നു ദൈവമാതാവ് വിശുദ്ധക്ക് രണ്ടാമത് പ്രത്യക്ഷപ്പെടുന്നതും കാശുരൂപത്തിന്റെ രൂപകല്‍പ്പന വെളിപ്പെടുത്തുന്നതും. പിറ്റേ മാസം ഡിസംബറിലാണ് മാതാവ് വിശുദ്ധക്ക് അവസാനമായി ദര്‍ശനം നല്‍കിയത്. പരിശുദ്ധ കന്യകാമാതാവ് രൂപകല്‍പ്പന ചെയ്ത കാശുരൂപം ധരിക്കുന്നവര്‍ക്ക് പ്രത്യേക അഭിഷേകവും അനുഗ്രഹവും ഉണ്ടാകുമെന്ന് കന്യകാമാതാവ് തന്നെ വിശുദ്ധയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ‘യേശുക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ച് വിശ്വാസികള്‍ക്ക് ഓര്‍മ്മിക്കുവാനും, ദൈവമാതാവിന്റെ സഹായത്തില്‍ വിശ്വാസമുണ്ടാകുവാനും മാതാവ് വിശുദ്ധയിലൂടെ ലോകത്തിനു നല്‍കിയ അത്ഭുത കാശുരൂപം സഹായിക്കും’ എന്ന് ‘ചാപ്പല്‍ ഓഫ് ഔര്‍ ലേഡി ഓഫ് ദി മിറാക്കുലാസ് മെഡല്‍’ ചാപ്പലിന്റെ വെബ്സൈറ്റില്‍ പറയുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »