News - 2025

ജോ ബൈഡനുമായി ടെലിഫോണില്‍ സംസാരിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 13-11-2020 - Friday

വാഷിംഗ്ടണ്‍ ഡി‌സി/ റോം: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വിജയിയായി അനൗദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ജോ ബൈഡന് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ അഭിനന്ദനം അറിയിച്ചു. ജോ ബൈഡന്റെ ട്രാന്‍സിഷന്‍ ടീം പുറത്തുവിട്ട പ്രസ്താവനയിലാണ് പാപ്പ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചതായി പ്രസ്താവിച്ചിരിക്കുന്നത്. പരിശുദ്ധ പിതാവിന്റെ അഭിനന്ദനത്തിനും ആശീര്‍വാദത്തിനും സമാധാന പ്രചാരണത്തിനും, അനുരഞ്ജനത്തിനും, ആഗോള മനുഷ്യരാശിയുടെ കെട്ടുറപ്പിനും പാപ്പ നടത്തുന്ന ശ്രമങ്ങള്‍ക്കും ജോ ബൈഡന്‍ നന്ദി അറിയിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്നലെ വ്യാഴാഴ്ച ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ച കാര്യം വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി സ്ഥിരീകരിച്ചതായി വത്തിക്കാന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും, പാവപ്പെട്ടവരുടേയും പരിപാലനം, കാലാവസ്ഥാവ്യതിയാനം, കുടിയേറ്റക്കാരുടേയും അഭയാര്‍ത്ഥികളുടേയും സ്വാഗതവും പുനരധിവാസവും തുടങ്ങിയ പ്രശ്നങ്ങളില്‍ പരസ്പര വിശ്വാസത്തിന്റേയും, അന്തസ്സിന്റേയും, മനുഷ്യരാശിയുടെ സമത്വത്തിന്റേയും അടിസ്ഥാനത്തില്‍ വത്തിക്കാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധത ജോ ബൈഡന്‍ പാപ്പയെ അറിയിക്കുകയുണ്ടായെന്ന്‍ പ്രസ്താവനയില്‍ പറയുന്നു. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ആഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനത്തില്‍ ‘ജനാധിപത്യ വിരുദ്ധത’യെക്കുറിച്ച് പറഞ്ഞിട്ടുള്ള ഭാഗം ജോ ബൈഡന്‍ പരാമര്‍ശിച്ചിരിന്നു. അതേസമയം അമേരിക്കന്‍ മെത്രാന്‍സമിതി ജോ ബൈഡനെ അഭിനന്ദിച്ചതിന് പിന്നാലെയാണ് ഫ്രാന്‍സിസ് പാപ്പയും അഭിനന്ദനം അറിയിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »