News - 2025

കെനിയയിൽ ആദ്യത്തെ ബെനഡിക്ടൻ സന്യാസാശ്രമ അധികാരി ചുമതലയേറ്റു

പ്രവാചക ശബ്ദം 20-11-2020 - Friday

നെയ്റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ ചരിത്രത്തിലെ ആദ്യത്തെ ബെനഡിക്ടൻ സന്യാസാശ്രമ അധികാരിയായി ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഓസി ഈമേയി ചുമതലയേറ്റു. നെയ്റോബി അതിരൂപതയിലെ ടിഗോണിയിൽ സ്ഥിതിചെയ്യുന്ന ബെനഡിക്ടൻ മിഷ്ണറീസ് ഓഫ് ഒറ്റിലിയൻ എന്ന സന്യാസ സഭയുടെ ആശ്രമ അധികാരിയായാണ് (അബോട്ട്) ഫാ. ജോൺ ചുമതല ഏറ്റെടുത്തിരിക്കുന്നത്. നവംബർ 14നു നടന്ന ചടങ്ങുകൾക്ക് നെയ്റോബി അതിരൂപതയുടെ സഹായമെത്രാൻ ഡേവിഡ് കമാവു അധ്യക്ഷത വഹിച്ചു. ധീരരായിരിക്കാനും, ശാസനം വേണ്ടിടത്ത് ശാസനം നൽകാനും, മുന്നറിയിപ്പ് വേണ്ടിടത്ത് മുന്നറിയിപ്പ് നൽകാനും ഫാ. ജോൺ ബാപ്റ്റിസ്റ്റിന് സാധിക്കണമെന്ന് ടെലിവിഷനിലൂടെ നൽകിയ സന്ദേശത്തിൽ ടാന്‍സാനിയയിൽ നിന്നുള്ള അബോട്ട് മാർട്ടിൻ പമ്പോ ഓർമിപ്പിച്ചു.

ഒരു മെത്രാനും, അബോട്ടും തമ്മിലുള്ള വ്യത്യാസവും അദ്ദേഹം വിശദീകരിച്ചു. മെത്രാനെ നിയമിക്കുന്നതു മാർപാപ്പയാണെങ്കിൽ, അബോട്ടിനെ നിയമിക്കുന്നത് സന്യാസ സഭയിലെ അംഗങ്ങൾ തന്നെയാണ്. രൂപത മൊത്തമുള്ള ജനങ്ങൾ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നത് മെത്രാന് ആണെങ്കിൽ, സന്യാസ ആശ്രമത്തിലെ അംഗങ്ങളുടെ മേലുള്ള അവകാശം മാത്രമേ അബോട്ടിനുളളു. കൂടാതെ സന്യാസ ആശ്രമത്തിലെത്തുന്ന ആളുകളെ പരിഗണിക്കേണ്ട ചുമതലയും അബോട്ടിനുണ്ട്. അധികാരികളോട് വിധേയത്വം ഇല്ലാതെ തന്നിഷ്ടപ്രകാരം ജീവിക്കുന്ന ആരെങ്കിലും സന്യാസ സമൂഹത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിൽ അവരെ പുറത്താക്കാൻ മടി കാണിക്കേണ്ടെന്നും അബോട്ട് മാർട്ടിൻ പമ്പോ പറഞ്ഞു.

ബുൻഗോമ രൂപതാംഗമായ ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഇതിനുമുമ്പ് മറ്റനവധി ചുമതലകളും വഹിച്ചിട്ടുണ്ട്. 42 വയസ്സുകാരനായ ഫാ. ജോൺ ആരാധന സംഗീതത്തിൽ പ്രഗത്ഭനാണ്. ബെനഡിക്ടൻ മിഷ്ണറിമാരുടെ ടിഗോണിയിലുളള കൺവെഞ്ച്വൽ പ്രയറി ഓഫ് പ്രിൻസ് ഓഫ് പീസ് സെപ്റ്റംബർ മാസം ഒരു സന്യാസ ആശ്രമമാക്കി ഉയർത്തിയതിന് പിന്നാലെയാണ് പുതിയ നിയമനം വന്നിരിക്കുന്നത്. 1972ൽ കെനിയയിൽ എത്തിയ ബെനഡിക്ടന്‍ മിഷ്ണറിമാരുടെ സാന്നിധ്യം നെയ്റോബി അതിരൂപതയിലും, മറ്റ് ഏതാനും രൂപതകളിലും നിലനിൽക്കുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »