News - 2025

ഭൂഗര്‍ഭ സഭയ്ക്കു സമാനമായി രഹസ്യ കേന്ദ്രങ്ങളിൽ ആരാധനയുമായി ബ്രിട്ടീഷ് ക്രൈസ്തവ വിശ്വാസികള്‍

പ്രവാചക ശബ്ദം 24-11-2020 - Tuesday

കോവിഡ് 19 വൈറസ് ബാധയുടെ പേരില്‍ ഇംഗ്ലണ്ടിലെയും, അയർലണ്ടിലെയും പൊതു ആരാധന സർക്കാർ വിലക്കിയ പശ്ചാത്തലത്തിൽ രഹസ്യ കേന്ദ്രങ്ങളിൽ പ്രാര്‍ത്ഥനയും ബലിയര്‍പ്പണവുമായി വിശ്വാസി സമൂഹം. ക്രൈസ്തവ വിരുദ്ധ മതപീഡനം നടന്ന കാലത്തിനു സമാനമായ അവസ്ഥയിലേക്ക് തിരികെ നടക്കുകയാണ് വിശ്വാസിസമൂഹമെന്നു പ്രമുഖ കത്തോലിക്ക മാധ്യമമായ ലൈഫ്സൈറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാംഘട്ട ലോക്ക്ഡൗണിൽ പൊതു ആരാധന ബ്രിട്ടീഷ് സർക്കാർ നിരോധിച്ചിരുന്നു. വ്യക്തിപരമായി പ്രാർത്ഥിക്കാൻ മാത്രമേ വിശ്വാസികൾക്ക് ദേവാലയത്തിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. നവംബർ മാസം തുടക്കത്തിലാണ് രണ്ടാംഘട്ട നിയന്ത്രണങ്ങൾ പാർലമെന്റ് പാസാക്കിയത്.

ലോക്ക്ഡൗൺ കാലത്ത് എല്ലാ ഞായറാഴ്ചകളിലും മുടക്കമില്ലാതെ തന്നെ വിശ്വാസി സമൂഹത്തോടൊപ്പം രഹസ്യമായി ആരാധന നടത്തിയെന്ന്, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വൈദികന്‍ 'ദി ഒബ്സേർവർ' എന്ന് മാധ്യമത്തോട് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം ചൈനയിലെ രഹസ്യ സഭയെ ഓർമിപ്പിക്കുന്നതാണെന്ന് വിശ്വാസികൾക്ക് തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൈവാരാധന ക്രിമിനൽ ശിക്ഷ ലഭിക്കാൻ തക്ക കുറ്റമാകുന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി ദേവാലയങ്ങൾ ഇത്തരത്തില്‍ ആരാധന സംഘടിപ്പിക്കുന്നുണ്ടെന്ന് ഒബ്സേർവറിന്റെ റിപ്പോർട്ടിലുണ്ട്.

ആരാധന നിയന്ത്രിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് 120 ക്രൈസ്തവ നേതാക്കൾ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് സർക്കാരിന് കത്തെഴുതിയിരുന്നു. അതേസമയം നിയമലംഘനം ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടിലെ ചില ദേവാലയങ്ങളിൽ പോലീസ് പരിശോധന നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശ്വാസീ പങ്കാളിത്തത്തോടെയുള്ള പൊതു കുര്‍ബാനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ശക്തമായ ജനരോഷം നേരിടേണ്ടി വരുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ്‌ വെയില്‍സ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സും, വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹോനും മുന്നറിയിപ്പ് നല്‍കിയിരിന്നു.


Related Articles »