News - 2025
ലോകത്തിലെ ഏറ്റവും പ്രായമേറിയ ബിഷപ്പ് ഡാമിയൻ ഇഗ്വാസൻ വിടവാങ്ങി
പ്രവാചക ശബ്ദം 25-11-2020 - Wednesday
മാഡ്രിഡ്: ലോകത്തിലെ ഏറ്റവും പ്രായമേറിയ മെത്രാനായിരുന്ന സ്പെയിനിലെ ഡാമിയൻ ഇഗ്വാസൻ ഇന്നലെ നവംബർ ഇരുപത്തിനാലാം തീയതി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മരണസമയത്ത് അദ്ദേഹത്തിന് 104 വയസ്സായിരുന്നു. ദി ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി അബാൻഡന്റ് എൽഡർലി സന്യാസിനി സമൂഹത്തിന്റെ മഠത്തിലായിരുന്നു ഡാമിയൻ ഇഗ്വാസൻ അവസാന നാളുകളിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. ബിഷപ്പ് ഡാമിയൻ ഏഴുവർഷം നയിച്ച ടെനിറിഫ് രൂപത അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
രൂപതയുടെ നിലവിലെ മെത്രാനായ ബർണാഡോ ആൽവരസ് ജൂലൈ മാസം ബിഷപ്പ് ഡാമിയനെ സന്ദർശിച്ചിരുന്നു. 'വിശ്വാസികളുടെ ഇടയിൽ ജീവിച്ച ഒരു ഇടയൻ' എന്നാണ് ബർണാഡോ ആൽവരസ് അനുശോചന സന്ദേശത്തിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സ്പെയിനിലെ സരഗോസയിലാണ് ഡാമിയൻ ജനിച്ചത്. 1941 ഹുയെസ്ക രൂപതയ്ക്കു വേണ്ടി അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. മാമോദിസയ്ക്ക് ശേഷം തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനമെന്നാണ് പൗരോഹിത്യം സ്വീകരിച്ച ദിവസത്തെ ഡാമിയൻ വിശേഷിപ്പിച്ചിരുന്നത്. 1970ലാണ് അദ്ദേഹം മെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്.
21 വർഷങ്ങൾക്ക് ശേഷം 1991ൽ ശാരീരിക അവശതകൾ മൂലം അദ്ദേഹം വിരമിച്ചു. പരിശുദ്ധ കന്യകാമറിയത്തെ പറ്റിയും, വിശ്വാസജീവിതത്തിൽ നിശബ്ദതയ്ക്കു ഉണ്ടായിരിക്കേണ്ട സ്ഥാനത്തെ പറ്റിയും നിരവധി ലേഖനങ്ങൾ ബിഷപ്പ് എഴുതിയിട്ടുണ്ട്. ഒരു വിശ്വാസി, തന്റെ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും നന്മ കണ്ടെത്തണം, തിന്മയെ നന്മ കൊണ്ട് ജയിക്കാമെന്ന് നാം മനസ്സിലാക്കണം, സന്തോഷം ഒരു ക്രിസ്ത്യാനിയുടെ അടയാളമാണ് എന്നിങ്ങനെയുള്ള സന്ദേശങ്ങൾ ബിഷപ്പ് ഡാമിയൻ ഇഗ്വാസൻ നിരന്തരം പങ്കുവയ്ക്കുമായിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക