News - 2025
തട്ടിക്കൊണ്ടുപ്പോയ വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണം: അപേക്ഷയുമായി നൈജീരിയന്‍ ആർച്ച് ബിഷപ്പ്
പ്രവാചക ശബ്ദം 28-11-2020 - Saturday
അബൂജ: നൈജീരിയന്‍ തലസ്ഥാനമായ അബൂജയിൽ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികന്റെ മോചനത്തിനായി പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ച് ആർച്ച് ബിഷപ്പ് ഇഗ്‌നേഷ്യസ് കൈഗാമ. ഞായറാഴ്ച രാത്രി അബൂജ അതിരൂപതയിലെ ഫാ. മാത്യു ഡാജോ തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയുമായി ആര്‍ച്ച് ബിഷപ്പ് രംഗത്തെത്തിയത്. “അബൂജയിലെ എന്റെ വൈദികനെ തട്ടിക്കൊണ്ടുപോയി, അദ്ദേഹം ഇപ്പോഴും തടങ്കലിലാണ്. അദ്ദേഹത്തിന്റെ സുരക്ഷിതമായ മോചനത്തിനായി ദയവായി പ്രാർത്ഥിക്കുക”. ആർച്ച് ബിഷപ്പ് പറഞ്ഞു.
നവംബർ 25ന് പീഡിത ക്രൈസ്തവരെ സ്മരിച്ചുകൊണ്ട് നടത്തിയ വിർച്വൽ പരിപാടിയിലാണ് തട്ടിക്കൊണ്ടുപോയ വൈദികന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഇഗ്നേഷ്യസ് കൈഗാമ മെത്രാപ്പോലീത്ത അഭ്യർത്ഥിച്ചത്. നൈജീരിയയിലെ വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും ക്രൈസ്തവരെയും തട്ടിക്കൊണ്ടുപോകുന്നതു പതിവാണെന്നും തീവ്രവാദ ഗ്രൂപ്പുകൾ, ക്രിമിനൽ സ്വഭാവമുള്ള കന്നുകാലി വളര്‍ത്തുന്ന ഫുലാനികള്‍, കൊള്ളക്കാർ തുടങ്ങിയവര്‍ വിവിധ ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഭവങ്ങള്‍ കണ്‍മുന്നിലുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
കഴിഞ്ഞയാഴ്ച, അതിരൂപതയിലെ ഒരു ഇടവകയിൽ, ഒരേ മാതാപിതാക്കളുടെ അഞ്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി. അടുത്ത ദിവസം വിവാഹത്തിന് തയ്യാറെടുക്കുന്ന ഒരു സ്ത്രീയെയും തട്ടിക്കൊണ്ടുപോയി. അവരെ ഇതുവരെ കണ്ടെത്തിയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നാണ് നൈജീരിയ. ബൊക്കോഹറാമും തീവ്ര ഇസ്ളാമിക സ്വഭാവമുള്ള ഗോത്രവര്‍ഗ്ഗ വിഭാഗമായ ഫുലാനികളുമാണ് ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക