India - 2024

മതസമുദായ സൗഹാര്‍ദം നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ സമുദായങ്ങളിലുള്ളവരും ശ്രദ്ധിക്കണമെന്ന് കെസിബിസി

പ്രവാചക ശബ്ദം 04-12-2020 - Friday

കൊച്ചി: വിഭാഗീയത വര്‍ധിച്ചു മതസമുദായ സൗഹാര്‍ദം നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ സമുദായങ്ങളിലുള്ളവരും നേതൃത്വങ്ങളും അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി)യുടെ ശീതകാല സമ്മേളനം ആഹ്വാനം ചെയ്തു. വിദ്യാഭ്യാസ, സാംസ്കാരിക ഔന്നത്യം എക്കാലവും പാലിച്ചു കേരളത്തിന്റെ യശസ് സുദൃഢമായി നിലനിര്‍ത്താന്‍ എല്ലാവരും നല്ല മനസോടെ പ്രവര്‍ത്തിക്കണമെന്നും കെസിബിസി ഓര്‍മിപ്പിച്ചു.

കേരളത്തില്‍ മതസൗഹാര്ദിവും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യവും നഷ്ടപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മത, സമുദായ നേതാക്കളെയും ആചാരാനുഷ്ഠാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിക്കുന്നതില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. ഈ മാസം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ എല്ലാ പൗരന്മാരും പങ്കാളികളാകണം. പ്രാദേശിക വിഷയങ്ങളില്‍ സത്വരമായി ഇടപെട്ട് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനും കഴിവും സാമര്‍ഥ്യവുള്ളവര്‍ തെരഞ്ഞെടുക്കപ്പെടുമെന്നു കെസിബിസി പ്രതീക്ഷിക്കുന്നു.

കാലഘട്ടത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് വിശ്വാസ ജീവിതത്തില്‍ ഉണര്‍വും ഉത്സാഹവും ഉണ്ടാകുന്നതിനും പരിശുദ്ധ കന്യകാ മാതാവിനെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ വിശ്വാസികളുടെ ഇടയില്‍ കൂടുതല്‍ പഠനവിഷയം ആക്കുന്നതിനുമായി 2021 (ജനുവരി മുതല്‍ ഡിസംബര്‍ വരെ) മരിയന്‍ വര്‍ഷമായി കേരള സഭയില്‍ ആചരിക്കുന്നതിനു കെസിബിസി തീരുമാനിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗിയും വൃദ്ധനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ദുരിതപൂര്‍ണമായ ജയില്‍ വാസത്തില്‍ നിന്ന് എത്രയും വേഗം വിമോചിപ്പിക്കണമെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. മൂന്നു ദിവസത്തെ കെസിബിസി സമ്മേളനത്തില്‍ കേരളസഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുത്തു.


Related Articles »