News - 2024

നൈജീരിയയില്‍ ആയുധധാരികള്‍ ബന്ധിയാക്കിയ കത്തോലിക്ക വൈദികന്‍ മോചിതനായി

പ്രവാചക ശബ്ദം 04-12-2020 - Friday

അബൂജ: നൈജീരിയന്‍ തലസ്ഥാനമായ അബുജയിലെ യാങ്ങോജി പട്ടണത്തില്‍ നിന്നും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ 10 ദിവസങ്ങള്‍ക്ക് ശേഷം മോചിതനായി. ഡിസംബര്‍ 2നാണ് സെന്റ്‌ ആന്‍റണി കത്തോലിക്ക ദേവാലയത്തിലെ വൈദികനായ ഫാ. മാത്യു ഡാജോ മോചിതനായതെന്നു അബൂജ രൂപത പ്രസ്താവനയില്‍ വ്യക്തമാക്കി. നവംബര്‍ 22 ഞായറാഴ്ച രാത്രിയാണ് വൈദികനെ ആയുധധാരികളായ അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. ഫാ. മാത്യുവിന്റെ മോചനത്തിനായി പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് അബൂജ മെത്രാപ്പോലീത്ത ഇഗ്നേഷ്യസ് കൈഗാമ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ആര്‍ച്ച് ബിഷപ്പ് നന്ദി അറിയിച്ചു.

“ഞങ്ങളുടെ സഹോദരന്‍ ഫാ. മാത്യു ഡാജോയുടെ സുരക്ഷിതമായ മോചനത്തിന് ദൈവമേ അങ്ങേക്ക് നന്ദി. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. വൈദികന്റെ മോചനം സാധ്യമാക്കുന്നതിനായി സഹായിച്ച കുടുംബാംഗങ്ങള്‍ക്കും നന്ദി”- ‘കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് അയച്ച പ്രസ്താവനയില്‍ അദ്ദേഹം കുറിച്ചു. നൈജീരിയയില്‍ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് ഒരു തുടര്‍ക്കഥയായിട്ടുണ്ടെന്നു നവംബർ 25ന് പീഡിത ക്രൈസ്തവരെ സ്മരിച്ചുകൊണ്ട് നടത്തിയ വിർച്വൽ പരിപാടിയില്‍ ഫാ. മാത്യവിന്റെ മോചനത്തിനായി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മെത്രാപ്പോലീത്ത പ്രസ്താവിച്ചിരിന്നു. ഇത് വൈദികരെയോ സെമിനാരി വിദ്യാര്‍ത്ഥികളേയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും മൊത്തം വിശ്വാസീ സമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 28ന് ഇസ്ലാമിക തീവ്രവാദികള്‍ നൈജീരിയയിലെ 110 കൃഷിക്കാരെ കൊലപ്പെടുത്തിയതിന് പിന്നാലെ നൈജീരിയക്ക് വേണ്ടി താന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഡിസംബര്‍ 2ലെ പൊതു അഭിസംബോധനക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നു. ബൊക്കോഹറാമാണ് ഈ അക്രമത്തിനു ചുക്കാന്‍ പിടിച്ചത്. 2015 ജൂണ്‍ മുതല്‍ നടന്ന ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങളില്‍ പന്ത്രണ്ടായിരത്തിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു നൈജീരിയന്‍ മനുഷ്യാവകാശ സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’യുടെ 2020 ലെ റിപ്പോര്‍ട്ടില്‍ വ്യക്തമായിരിന്നു. ഈ വര്‍ഷത്തിലെ ആദ്യ അഞ്ചു മാസങ്ങളില്‍ 600 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »