India - 2024

മലയോര കര്‍ഷകരുടെ ആശങ്കകള്‍ കേള്‍ക്കാനും പരിഹരിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നു കെസിബിസി

05-12-2020 - Saturday

കൊച്ചി: കേരളത്തിലെ പരിസ്ഥിതിലോല മേഖല (ഇഎസ്ഇസഡ്), പരിസ്ഥിതിലോല പ്രദേശം (ഇഎസ്എ) എന്നീ വിഷയങ്ങളിലുള്ള മലയോര കര്‍ഷകരുടെ ആശങ്കകള്‍ കേള്‍ക്കാനും പരിഹരിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നു കെസിബിസി. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂര്‍ണമായും ഒഴിവാക്കി മാത്രം പരിസ്ഥിതിലോല മേഖല നിര്‍ണയവുമായി മുന്നോട്ടു പോകാന്‍ സത്വര നടപടി കൈക്കൊള്ളണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ശൈത്യകാല സമ്മേളനത്തില്‍ മെത്രാന്‍മാര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുപാടില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പ്രഖ്യാപിച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കണം. നിക്ഷിപ്ത വനമേഖലയോടു ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ (ഏരിയല്‍ ഡിസ്റ്റന്‍സ്) ചുറ്റളവ് വനഭൂമിയായി പരിഗണിച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കേരളത്തില്‍ ഇതിനുളള നടപടി ക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തെക്കുറിച്ച് പ്രദേശവാസികളെ അറിയിച്ച് അവരുടെ സഹകരണത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.

എന്നാല്‍ ബാധിക്കപ്പെടുന്ന പ്രദേശവാസികളെ അറിയിക്കുകയോ അവരുടെ ആശങ്കകള്‍ പരിഹരിക്കുകയോ ഉണ്ടായില്ല. റീനോട്ടിഫിക്കേഷന്‍ വന്നിട്ടുള്ളതില്‍ 925 ചതുരശ്ര കിലോമീറ്റര്‍ വനവിസ്തീര്‍ണത്തിനായി അതിന് ചുറ്റുമുള്ള 708 ചതുരശ്ര കിലോമീറ്റര്‍ (77.5 ശതമാനം) പരിസ്ഥിതിലോല മേഖലയാക്കി മാറ്റപ്പെടും. അവിടുത്തെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും വനനിയമങ്ങള്‍ മാത്രം ബാധകമാകുന്ന പ്രദേശങ്ങളാകും. തീര്‍ത്തും പരിമിതമായ കാര്‍ഷിക പ്രവര്‍ത്തനങ്ങളേ അനുവദിക്കൂ. ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഉടനടി ഇടപെട്ട് വിവിധ കര്‍ഷക സംഘടനകള്‍ ഉയര്‍ത്തിയിട്ടുള്ള ആശങ്കകള്‍ വസ്തുനിഷ്ഠമായി പരിഹരിക്കണമെന്നും കെ‌സി‌ബി‌സി ആവശ്യപ്പെട്ടു.


Related Articles »