India - 2025
സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ന്യൂനപക്ഷ അവകാശാചരണ പരിപാടികള്‍ സംഘടിപ്പിക്കും
പ്രവാചക ശബ്ദം 13-12-2020 - Sunday
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭ അന്തര്‍ദേശീയ ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ 18ന് കത്തോലിക്ക ബിഷപ്പ്സ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ന്യൂനപക്ഷ അവകാശാചരണ പരിപാടികള്‍ സംഘടിപ്പിക്കും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജണല്‍ കൗണ്‍സിലുകളുടെയും വിവിധ അല്മായ സംഘടനകളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
ഇന്ത്യയില്‍ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡിസംബര്‍ 18ന് ലെയ്റ്റി കൗണ്‍സില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനത്തിനെതിരേ രാജ്യത്തെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ സംയുക്തമായ നീക്കത്തിനു തുടക്കം കുറിക്കും: അദ്ദേഹം പറഞ്ഞു.