News - 2025
നൈജീരിയയില്‍ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികനു മോചനം
പ്രവാചക ശബ്ദം 17-12-2020 - Thursday
അബൂജ: ആയുധധാരികൾ നൈജീരിയയിലെ അനമ്പ്ര സംസ്ഥാനത്ത് നിന്നും തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികനായ ഫാ. വാലന്റെൻ ഇസേഗു മോചിതനായി. സൺസ് ഓഫ് മേരി മദർ ഓഫ് മേഴ്സി സഭയിലെ അംഗമായ ഫാ. വാലന്റെൻ പിതാവിന്റെ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. തങ്ങളുടെ സഹോദരനെ മോചിപ്പിക്കുവാന്‍ തട്ടിക്കൊണ്ടു പോയ ആളുകളുടെ ഹൃദയത്തെ സ്പർശിച്ച ദൈവത്തിന് നന്ദി അർപ്പിക്കുന്നതായി വൈദികന്റെ മോചനത്തിന് ശേഷം കോൺഗ്രിഗേഷൻ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. മോചനത്തിനുവേണ്ടി പ്രാർത്ഥിച്ച വൈദികർക്കും, വിശ്വാസികൾക്കും കോൺഗ്രിഗേഷൻ നന്ദി രേഖപ്പെടുത്തി.
അതേസമയം നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. കഴിഞ്ഞാഴ്ച നൈജീരിയയിലെ കറ്റ്സീന സംസ്ഥാനത്തെ ഒരു സ്കൂളിൽ നിന്നും നൂറുകണക്കിന് കുട്ടികളെ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോഹറാം തട്ടിക്കൊണ്ടു പോയിരുന്നു. രാജ്യത്തെ ക്രൈസ്തവ വിരുദ്ധ പീഡനത്തെ അബൂജ ആർച്ചുബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ അടുത്തിടെയാണ് അപലപിച്ചത്. ക്രൈസ്തവർക്ക് നൽകുന്ന സുരക്ഷ ശക്തമാക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. മത വ്യത്യാസമില്ലാതെ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് നൈജീരിയൻ സർക്കാരിന്റെ ഭരണഘടന പ്രകാരം ഉള്ള ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ നരഹത്യ നടക്കുന്ന രാജ്യമാണ് നൈജീരിയ.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക