News - 2025

ക്രൈസ്തവ വംശഹത്യ കണ്ടില്ലെന്നു നടിക്കരുത്: അമേരിക്കൻ കോൺഗ്രസ് അംഗങ്ങളോട് നൈജീരിയന്‍ മെത്രാന്റെ അഭ്യർത്ഥന

പ്രവാചക ശബ്ദം 21-12-2020 - Monday

അബൂജ: നൈജീരിയയിലെ ക്രൈസ്തവരുടെ വംശഹത്യ കണ്ടില്ലെന്നു നടിക്കരുതെന്ന് അമേരിക്കൻ കോൺഗ്രസ് അംഗങ്ങളോട് നൈജീരിയയിലെ ജീബൊക്കോ രൂപതാ മെത്രാനായ വില്യം അവന്യ അഭ്യർത്ഥിച്ചു. കോൺഗ്രസിന്റെ ഭാഗമായിട്ടുള്ള ടോം ലാൻറ്റോസ് മനുഷ്യാവകാശ കമ്മീഷൻ നടത്തിയ ഹിയറിങിലാണ് കമ്മീഷനിലെ അംഗങ്ങളോട് വില്യം അവന്യ തന്റെ ആശങ്കകൾ പങ്കുവെച്ചത്. തീവ്രവാദത്തെ പ്രതിരോധിക്കാനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നു പറഞ്ഞ അദ്ദേഹം നൈജീരിയയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന രൂപതയായ ജീബൊക്കോ പ്രദേശം ഇപ്പോൾ കണ്ണീരിന്റെ താഴ്‌വാരയായി മാറിയെന്നും, കൂട്ടത്തോടെയുള്ള മൃതസംസ്കാര ശുശ്രൂഷകൾ പതിവുകാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവർ കൂടുതലായി കൃഷിയെ ആശ്രയിച്ച് കഴിയുന്ന ഈ പ്രദേശം ഫലഭൂയിഷ്ഠമായ മണ്ണാണ്. എന്നാൽ ഏതാനും നാളുകളായി നിരവധി ആക്രമണങ്ങളാണ് ഇവിടുത്തുകാർ നേരിടുന്നത്. മുസ്ലിം ഫുല്ലാനി ഗോത്രവർഗക്കാരിൽ നിന്നും, ബൊക്കോഹറാം തീവ്രവാദ സംഘടനയുടെ പുതിയ പതിപ്പായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസിൽ നിന്നുമാണ് ക്രൈസ്തവ സമൂഹം കൊടിയ പീഡനമേൽക്കുന്നത്. ബൊക്കോഹറാമിൽ നിന്നും വേർപിരിഞ്ഞ മറ്റൊരു തീവ്രവാദ സംഘടനയും ഭീഷണിയായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വടക്കുകിഴക്കൻ നൈജീരിയയിലും സ്ഥിതി രൂക്ഷമാണ്. അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസംഘടനയുടെ ഏജൻസിയുടെ കണക്ക് പ്രകാരം 20 ലക്ഷത്തിന് മുകളിൽ ആളുകൾക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നത്.

രാജ്യത്തിൻറെ മധ്യഭാഗത്ത് ഏറ്റവുമധികം ആക്രമണം അയച്ചു വിടുന്നത് ഫുലാനികൾ ആണെന്ന് കമ്മീഷന്റെ സഹ അധ്യക്ഷനായ ക്രിസ് സ്മിത്ത് പറഞ്ഞു. ഷിയാ മുസ്ലിം വിഭാഗക്കാരും, ചിലപ്പോൾ സുന്നികളും ഇരകളാകുന്ന അവസരവും ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പെങ്ങും കാണാത്തവിധം ആധുനിക ആയുധങ്ങളുമായാണ് ഫുലാനികൾ ക്രൈസ്തവരെ ആക്രമിക്കാൻ എത്തുന്നതെന്ന് രാജ്യത്തെ കത്തോലിക്ക മെത്രാൻ സമിതി 2017-ല്‍ ആരോപണമുന്നയിച്ചിരുന്നു. ക്രൈസ്തവരെയാണ് പ്രത്യേകമാം വിധം അവർ ലക്ഷ്യംവെക്കുന്നതെന്നും മെത്രാന്മാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ചയാണ് നൈജീരിയയിലെ കറ്റ്സീന സംസ്ഥാനത്തു നിന്ന് മുന്നൂറിലധികം സ്കൂൾ വിദ്യാർത്ഥികളെ ബൊക്കോഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. അതിൽ ഭൂരിപക്ഷം പേരെയും തീവ്രവാദികൾ പിന്നീട് വിട്ടയച്ചു. ഒരു കത്തോലിക്കാ വൈദികനെ കഴിഞ്ഞ തിങ്കളാഴ്ച നാല് ആയുധധാരികൾ തട്ടിക്കൊണ്ടു പോയിരുന്നു. അദ്ദേഹം ബുധനാഴ്ച മോചിതനായി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »