Social Media
സിസ്റ്റർ അഭയയുടെ മരണം: ആത്മഹത്യയാക്കുവാന്‍ സഭ ശ്രമിച്ചോ? ഈ സത്യങ്ങള്‍ തിരിച്ചറിയാതെ പോകരുത്..!
ജസ്റ്റിന്‍ ജോര്‍ജ്ജ്/ പ്രവാചക ശബ്ദം 23-12-2020 - Wednesday
സിസ്റ്റർ അഭയ കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയതുമുതൽ സഭക്കെതിരെയുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും നിറഞ്ഞു നിൽക്കുന്നത്. സഭയെ പ്രതിക്കൂട്ടിലാക്കുവാനും കുറ്റം പറയുവാനും കാത്തിരുന്നവർ ഈ വിധി ആഘോഷിക്കുകയാണ്. സിസ്റ്റർ അഭയക്കും അവരുടെ കുടുംബത്തിനും നീതികിട്ടേണ്ടതും, കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരേണ്ടതും അത്യാവശ്യമാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന സാമാന്യനിയമവും പാലിക്കപ്പെടേണ്ടതാണ്. അതിനാൽ സത്യം അറിയാനും ചില യാഥാർഥ്യങ്ങളിലേക്ക് വിരൽചൂണ്ടുന്ന വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരുവാനും എല്ലാ മാധ്യമങ്ങൾക്കും കടമയുണ്ട്.
(സഭയെ കുറ്റം പറയുവാൻ വേണ്ടി മാത്രം ഓരോ പ്രഭാതത്തിലും ഉണരുന്നവരും, സഭയിലെ വൈദികരുടെയും സന്യസ്തരുടെയും വീഴ്ച്ച കണ്ട് അതിനെ ആഘോഷമാക്കി മാറ്റുന്നവരും ഈ ലേഖനം വായിക്കേണ്ടതില്ല എന്ന് ആദ്യമേ തന്നെ ഓർമ്മപ്പെടുത്തട്ടെ. അങ്ങനെയുള്ളവർക്കുള്ള വിഭവങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയായിൽ ധാരാളമായി ലഭ്യമാണല്ലോ.)
സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യ ആണെന്ന് വരുത്തിത്തീർക്കാൻ സഭ ശ്രമിച്ചു എന്നാണ് സഭയ്‌ക്കെതിരെ ഉയരുന്ന ആരോപണം. ലോക്കൽ പോലീസ് അന്വേഷിച്ചതിന് ശേഷം ആത്മഹത്യ ആകാമെന്ന് റിപ്പോർട്ട് കൊടുത്ത കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് സഭ തന്നെയാണ് ആദ്യമായി ആവശ്യപ്പെട്ടത്. സിസ്റ്റർ അഭയയുടെ സന്യാസ സമൂഹത്തിലെ മദർ സുപ്പീരിയറിന്റെ നേതൃത്വത്തിൽ 67 സിസ്റ്റേഴ്സ് ഒപ്പിട്ട പരാതി അന്ന് മുഖ്യമന്ത്രിക്ക് കൊടുത്തിരുന്ന കാര്യം സഭയെ കുറ്റപ്പെടുത്തുന്നവർ മറന്നുകളയുകയുന്നു. 1992 ഏപ്രിലിൽ ക്രൈംബ്രാഞ്ച് തുടങ്ങിയ അന്വേഷണത്തിലും ആത്മഹത്യ ആകാമെന്നാണ് 1993 ജനുവരിയിൽ റിപ്പോർട്ട് കൊടുത്തത്. എന്നാൽ ഇതിനെതിരെ കോൺവെന്റ് അധികൃതർ കൊടുത്ത പരാതിയുടെ ഭാഗമായിട്ടാണ് 1993 മാർച്ചിൽ സിബിഐ കേസ് ഏറ്റെടുക്കുന്നത്.
മെഡിക്കൽ തെളിവുകൾ വെച്ച് നോക്കുമ്പോൾ കൊലപാതകമാണോ ആത്മഹത്യ ആണോ എന്ന് കണ്ടെത്താൻ സാധിച്ചില്ല എന്ന റിപ്പോർട്ടാണ് സിബിഐ 1996 നവംബറിൽ കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട് കോടതി അംഗീകരിക്കാത്തതിനാൽ 1999 ജൂലൈയിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ സംഘം വീണ്ടും കേസ് അന്വേഷിച്ചു. അതെതുടർന്ന്, ഇത് കൊലപാതകം ആണെന്ന് സംശയിക്കാമെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല എന്ന റിപ്പോർട്ട് 2005 ഓഗസ്റ്റിൽ കോടതിക്ക് നൽകി. ഇതിനെ നിശിതമായി വിമർശിച്ച കോടതി മൂന്നാമത്തെ അന്വേഷണ സംഘത്തെ നിഗയോഗിച്ചപ്പോഴാണ് Sr. Sephy, Fr. Jose Poothrikkayil, Fr. Thomas Kottoor എന്നിവരെ ചോദ്യം ചെയ്താൽ സത്യാവസ്ഥ പുറത്തറിയാം എന്ന രീതിയിൽ ഒരു കത്ത് സിബിഐക്ക് ലഭിക്കുന്നത്. സഭയിലെ ഒരു സ്ഥാപനത്തിൽ നടത്തിയ സാമ്പത്തിക അഴിമതി പിടിക്കപ്പെട്ടതിന്റെ പേരിൽ വ്യക്തിവൈരാഗ്യം തീർക്കാൻ ഒരു വ്യക്തി നൽകിയ കത്താണ് പിന്നീട് ഇവരെ പ്രതികളാക്കാൻ കാരണമായത്.
പ്രതികൾ ആരാണ് എന്നതിനെ കുറിച്ച് ഒരു ഊഹവും ഇല്ലാതെ കോടതിയുടെ നിശിത വിമർശനം ഏറ്റിരുന്ന സിബിഐക്ക് മൂന്ന് പേരുകൾ കിട്ടിയതോടെ ആരോപണ വിധേയരിൽ കുറ്റം ചാർത്താൻ സാധിക്കുന്ന തരത്തിൽ ഉള്ള കഥയും അതിന് വേണ്ട സാക്ഷികളെയും ഉണ്ടാക്കാൻ സാധിച്ചു.
കോട്ടയം രൂപതയുടെ അപ്നാദേശ് എന്ന പ്രസിദ്ധീകരണത്തിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന സിസ്റ്റർ സെഫി താമസിച്ചിരുന്നതും സിസ്റ്റർ അഭയ ആയിരുന്ന പയസ് ടെൻത് കോൺവെന്റിലായിരുന്നു. അപ്നാദേശ് എന്ന പ്രസിദ്ധീകരണത്തിന്റെ ചില ഉത്തരവാദിത്വങ്ങൾ BCM കോളേജിലെ മലയാളം പ്രഫസർ ആയിരുന്ന പൂതൃക്കയിൽ അച്ചന് ഉണ്ടായിരുന്നു. കോട്ടൂർ അച്ചൻ BCM കോളേജിലെ സൈക്കോളജി പ്രഫസ്സറുമാണ്. ഇങ്ങനെയാണ് ഇവരെ മൂന്ന് പേരെയും ബന്ധിപ്പിച്ചു കൊണ്ടുള്ള കഥകൾ മെനയാൻ ഉള്ള സാഹചര്യം ഉണ്ടാകുന്നത്.
സിബിഐ രചിച്ച കഥയുടെ ഭാഗമായി കോട്ടൂർ അച്ചനെയും, പൂതൃക്കയിൽ അച്ചനെയും, സിസ്റ്റർ സെഫിയെയും 2008 നവംബറിൽ അറസ്റ്റ് ചെയ്തു. 2009 ജൂലൈയിൽ കൊലപാതക കുറ്റം ചുമത്തി കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. അറസ്റ്റിലായവർ ജാമ്യത്തിനായി കൊടുത്ത ഹർജി ജസ്റ്റീസ് കെ ഹേമയുടെ ബെഞ്ചിലാണ് വാദം കേട്ടത്. സിബിഐയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് ജസ്റ്റിസ് ഹേമ ജാമ്യം അനുവദിച്ചു കൊണ്ടുള്ള അന്നത്തെ വിധി പുറപ്പെടുവിച്ചത്. അതിലെ പ്രസക്തമായ ചില പരാമർശങ്ങൾ "കോടതി വിധിയെ മാനിക്കുന്നു എന്നു പറഞ്ഞ്" സഭക്കെതിരെ തിരിയുന്ന മാധ്യമങ്ങളും ചാനൽ ചർച്ചക്കാരും കാണാതെ പോകരുത്.
പാരഗ്രാഫ് 32, 33, 34: അന്വേഷണ ഏജൻസികൾ ആത്മഹത്യ എന്ന് പറഞ്ഞു അനേഷണം അവസാനിപ്പിക്കാൻ ശ്രമിച്ച ഈ കേസിന്റെ അന്വേഷണം ഇവിടെ വരെ എത്തിച്ചത് സഭാധികാരികളുടെ ശക്തമായ ഇടപെടൽ കൊണ്ടാണ് എന്ന വസ്തുത പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടാണ്, സഭാധികാരികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന CBI യുടെ വാദത്തെ ജസ്റ്റീസ് തള്ളി കളഞ്ഞത്. സഭാധികാരികൾ അഭയയുടെ മരണം ആത്മഹത്യ ആണെന്ന് പറഞ്ഞ ഏതെങ്കിലും സാഹചര്യം ചൂണ്ടി കാണിക്കാൻ സിബിഐക്ക് കഴിയുമോ എന്നും ജസ്റ്റീസ് ചോദിച്ചു. മദർ സുപ്പീരിയറും 67 സന്യാസിനികളും സിബിഐക്ക് അന്വേഷണം കൈമാറണം എന്ന് ആവശ്യപ്പെട്ട പരാതിയുടെ കോപ്പി ഉള്ളപ്പോൾ സഭാധികാരികൾ അന്വേഷണത്തെ തടസ്സ പെടുത്തി എന്ന് എങ്ങനെ പറയാൻ കഴിയും, സന്യാസിനികൾ നൽകിയ പരാതിയെ തുടർന്നല്ലേ സിബിഐ FIR ഫയൽ ചെയ്തിരിക്കുന്നത് എന്നും ജസ്റ്റീസ് ചോദിച്ചു.
പാരഗ്രാഫ് 36,37: പയസ് ടെൻത് ഹോസ്റ്റലിൽ താമസിച്ചിരുന്ന പെണ്കുട്ടികളുടെ കൂടെ ആലപ്പുഴയിൽ കറങ്ങി നടന്ന ആൺകുട്ടികൾ കോൺവെന്റിലേക്ക് ഫോൺ വിളിച്ചു നടത്തിയ ഭീഷണിയെ കുറിച്ച് അന്വേഷിക്കണം എന്ന കോൺവെന്റ് അധികാരികൾ ആവശ്യപ്പെടുകയും അതിൽ ചിലരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലെ രണ്ട് കുട്ടികളെ കാണാതെ ആവുകയും ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷവും കോൺവെന്റ് അധികാരികൾ അഭയയുടെ മരണം ആത്മഹത്യ ആക്കാൻ ശ്രമിക്കുന്നു എന്ന് സിബിഐ പറയുന്നത് എന്ത് കൊണ്ടാണെന്ന് കോടതിക്ക് മനസ്സിലാകുന്നില്ല എന്നും ചൂണ്ടിക്കാട്ടി.
പാരഗ്രാഫ് 38, 39, 40, 41, 42: അടുക്കള അലങ്കോലമായി കിടന്നത് മാത്രമാണ് കൊലപാതകം ആണെന്ന സിബിഐയുടെ വാദത്തിന് തെളിവായി ചൂണ്ടി കാണിക്കുന്നത്. അടുക്കളയിൽ വെച്ച് പ്രതികളിൽ ഒരാൾ പിടിക്കുകയും മറ്റൊരാൾ കോടാലി / ചുറ്റിക വെച്ച് അടിച്ചു ബോധം കെടുത്തിയതിന് ശേഷമാണ് കിണറ്റിലേക്ക് ഇട്ടത് എന്ന് പറയുന്നുണ്ടെങ്കിലും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ചെറിയ രീതിയിലുള്ള മുറിവുകളെ കുറിച്ച് മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. അടുക്കളയിൽ വെച്ച് കോടാലി / ചുറ്റികക്ക് അടിച്ചു എന്ന സിബിഐയുടെ വാദത്തെ അംഗീകരിക്കാൻ സാധിക്കുന്ന തരത്തിൽ അടുക്കളയിലോ, കോടാലിയിലോ, ചുറ്റികയിലോ, സിസ്റ്റർ അഭയയുടേതായി കണ്ടെത്തിയ തലമുണ്ടിലോ രക്തത്തിന്റെ അംശം ഉള്ളതായി കുറ്റപത്രത്തിൽ എവിടെയും പറയുന്നില്ല.
പാരഗ്രാഫ് 43: 20 സന്യാസിനികൾ ഉൾപ്പടെ 123 സ്ത്രീകൾ താമസിക്കുന്ന ഹോസ്റ്റലിൽ വെളുപ്പിന് ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് ആരും അറിയാതെ ഇരിക്കുകയോ രക്തത്തിന്റെ പാടുകൾ ഉണ്ടെങ്കിൽ കാണാതിരിക്കുകയോ ചെയ്യില്ല. അടുക്കള അലങ്കോലം ആയി കിടന്നിട്ടുണ്ടെങ്കിൽ അത് മറ്റെന്തെങ്കിലും കാരണത്താൽ ആയിരിക്കാം കൊലപ്പെടുത്താൻ വേണ്ടിയുള്ള മല്പിടുത്തതിൽ സംഭവിച്ചതാണ് എന്ന് കരുതാൻ സാധിക്കില്ല.
പാരഗ്രാഫ് 47, 48, 49, 50: കൊലക്ക് ഉപയോഗിച്ച ആയുധമായി സിബിഐ കാണിച്ചിരിക്കുന്ന കോടാലി / ചുറ്റിക വെച്ച് അടിച്ചാൽ വലിയ മുറിവ് ഉണ്ടാകേണ്ടത് ആണെങ്കിലും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ചെറിയ മുറിവുകളെ കുറിച്ച് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്.
പാരഗ്രാഫ് 54, 55, 56: നാർകോ അനാലിസിസിന്റെ റിപ്പോർട്ടായി സമർപ്പിക്കപ്പെട്ട CD കൾ പരിശോധിച്ചതിൽ നിന്നും എഡിറ്റ് ചെയ്യുക മാത്രമല്ല കൃത്രിമവും നടത്തിയിട്ടുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാവുന്നതാണ്. നാർകോ അനാലിസിസ് നടത്തിയ ആൾ ഈ കൃത്രിമങ്ങൾക്ക് കൂട്ട് നിന്നിട്ടുണ്ട്. അതിനാൽ എഡിറ്റ് ചെയ്യാത്ത CD കോടതിയിൽ ഹാജരാക്കാൻ സിബിഐയോട് ആവശ്യപ്പെടുകയും ചെയ്തു.
പാരഗ്രാഫ് 59, 60: അന്വേഷണം നടത്തിയ ലോക്കൽ പോലീസ് ഉദ്യോഗസ്ഥൻ വി വി അഗസ്റ്റിൻ സിസ്റ്റർ അഭയയുടെ കഴുത്തിൽ ഉണ്ടായിരുന്ന മുറിവിനെ കുറിച്ച് ഇൻക്വിസ്റ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടില്ല എന്ന സിബിഐയുടെ വാദത്തെയും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു തള്ളി കളഞ്ഞു. സിബിഐയുടെ കഥക്ക് അനുസരിച്ചു ഇൻക്വിസ്റ്റ് റിപ്പോർട്ട് തിരുത്താൻ ലോക്കൽ പൊലീസിലെ മഹസ്സർ തയ്യാറാക്കിയ അഗസ്റ്റിനിൽ സമ്മർദ്ദം ചെലുത്തിയതിനെയും കോടതി വിമർശിച്ചു.
പാരഗ്രാഫ് 79, 80, 81: സിബിഐയുടെ പ്രധാനപ്പെട്ട സാക്ഷിയായ മോഷ്ട്ടാവ് അടക്കാ രാജു പറയുന്നത് മോഷ്ടിക്കാൻ വന്നപ്പോൾ ഉണ്ടായ ഇടിമിന്നലിന്റെ വെളിച്ചത്തിൽ പ്രതിയായ അച്ചൻ സ്‌റ്റെയർ കേസിലൂടെ കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് കയറുന്നത് കണ്ടു എന്നാണ്. 16 വർഷം മുൻപ് ഇടിമിന്നലിന്റെ വെളിച്ചത്തിൽ കണ്ട കുറ്റാരോപിതരെ സിബിഐ അന്വേഷണത്തിന്റെ ഭാഗമായി പത്രത്തിൽ ഫോട്ടോ വന്നപ്പോൾ അടക്കാ രാജു തിരിച്ചറിഞ്ഞു സിബിഐയെ ചെന്ന് കണ്ടു പറഞ്ഞു എന്ന അവകാശവാദം വിശ്വാസ യോഗ്യം അല്ല.
പ്രതിയെ കാണുമ്പോൾ താൻ കഞ്ചാവിന്റെ ലഹരിയിൽ ആയിരുന്നു എന്ന് അടക്കാ രാജു തന്നെ പറയുന്നത് ശ്രദ്ധിക്കുക.
പാരഗ്രാഫ് 87, 88: സന്യാസിനി ആയ സ്ത്രീയെ പൊതു സമൂഹത്തിന് മുൻപിൽ അപമാനിക്കുക എന്ന ഉദ്ദേശത്തിൽ കന്യകത്വ പരിശോധന നടത്തി സ്വകാര്യ ഭാഗങ്ങളെ കുറിച്ചുള്ള ചർച്ച നടത്തിയത് തികച്ചും നിരാശാജനകവും തോന്ന്യാസവും ആണെന്ന് കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് സിബിഐയുടെ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും കോടതിയുടെ മേൽനോട്ടത്തിൽ ഇന്ത്യയിലെ ഏത് ഹോസ്പിറ്റലിൽ വേണമെങ്കിലും പരിശോധനക്ക് വിധേയ ആകാൻ തയ്യാർ ആണെന്ന് സിസ്റ്റർ സെഫി പകോടതിയെ അറിയിച്ചതും റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.
സഭ എന്നത് ഒരേസമയം മാനുഷികവും ദൈവികവുമായ ഒരു രഹസ്യമാണ്. അത് പാപികളുടെയും വിശുദ്ധരുടെയും സഭയാണ്. മാനുഷികവും ദൈവികവുമായതിന്‍റെ അവിഭാജ്യമായ ഐക്യമാണ് സഭയെന്ന രഹസ്യം. സഭാമാതാവിനെ വിമര്‍ശിക്കുന്നവര്‍ ദൈവശാസ്ത്രജ്ഞനായ ഫാ. കാള്‍ റാനര്‍ പറഞ്ഞത് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും- "സഭ ചുളിവുകളും ചാലുകളുമുള്ള ഒരു വൃദ്ധയാണ്; എന്നിരുന്നാലും അവള്‍ എന്‍റെ അമ്മയാണ്. സ്വന്തം അമ്മയെ ഒരുത്തനും തല്ലുകയില്ല". അതിനാൽ നമ്മുക്ക് സഭയോടൊപ്പം നിൽക്കാം, സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാം.