India - 2025

പാറ്റ്‌ന ആര്‍ച്ച് ബിഷപ്പായി ഡോ. സെബാസ്റ്റ്യന്‍ കല്ലുപുര ഇന്നു സ്ഥാനമേല്‍ക്കും

പ്രവാചക ശബ്ദം 29-12-2020 - Tuesday

പാറ്റ്‌ന അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി ഡോ. സെബാസ്റ്റ്യന്‍ കല്ലുപുര ഇന്നു സ്ഥാനമേല്‍ക്കും. രാവിലെ 10 ന് പാറ്റ്‌നയിലെ ബാങ്കിപൂരിലുള്ള സെന്റ് ജോസഫ്‌സ് പ്രോ കത്തീഡ്രലിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. പാറ്റ്‌ന രൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന വില്യം ഡിസൂസ വിരമിച്ച ഒഴിവിലേക്കാണ് ബക്‌സര്‍ രൂപതാധ്യക്ഷനും പാറ്റ്‌ന അതിരൂപതയുടെ സഹായ മെത്രാനുമായിരുന്ന ഡോ. സെബാസ്റ്റ്യന്‍ കല്ലുപുരയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. മാനന്തവാടി രൂപതാംഗമാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ചടങ്ങുകള്‍ ലളിതമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാമന്ത രൂപതകളിലെ മെത്രാന്‍മാര്‍ പങ്കെടുക്കും. 1952 ജൂലായ് പതിനാലിന് കല്ലുപുരയ്ക്കകത്ത് ജോണ്‍ അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായി കോട്ടയം ജില്ലയിലെ തീക്കോയിലാണ് ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ ജനിച്ചത്. 1984 മേയ് 14 നു വൈദികനായി. 2009 ഏപ്രിൽ 7ന് ബക്സർ രൂപതയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജൂൺ 21ന് പദവിയിൽ അഭിഷിക്തനായി.

2018 ജൂൺ 29ന് പട്ന അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. നിലവില്‍ സിസിബിഐ കുടുംബ കമ്മീഷന്റെയും സാമൂഹ്യ സേവന മേഖലയിലെ പ്രശസ്തമായ കാരിത്താസ് ഇന്ത്യയുടേയും ചെയർമാൻ ആയി സേവനം ചെയ്യുകയാണ്. ഫാ. ജോണി കല്ലുപുര (മാനന്തവാടി രൂപത), സിസ്റ്റര്‍ മേരി കല്ലുപുര എസ്എച്ച് (മാനന്തവാടി പ്രോവിന്‍സ് ) എന്നിവര്‍ സഹോദരങ്ങളാണ്. ഔസേപ്പച്ചന്‍, ബേബി, കുട്ടിയമ്മ, തോമസ്, മോളി എന്നിവരാണ് മറ്റു സഹോദരങ്ങള്‍.


Related Articles »