News - 2025
നൈജീരിയയില്‍ മെത്രാനെ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയി: പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ച് അതിരൂപത
പ്രവാചക ശബ്ദം 30-12-2020 - Wednesday
അബൂജ: കിഴക്കന്‍ നൈജീരിയയിലെ ഇമോ സംസ്ഥാനത്തിലെ ഒവ്വേരി അതിരൂപത സഹായ മെത്രാനേയും ഡ്രൈവറേയും ആയുധധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ഡിസംബര്‍ 27 രാത്രിയില്‍ ബിഷപ്പ് മോസസ് ചിക്വേയും അദ്ദേഹത്തിന്‍റെ ഡ്രൈവറും തട്ടിക്കൊണ്ടുപോകപ്പെട്ട വിവരം ഒവ്വേരി അതിരൂപതാ ചാന്‍സിലര്‍ മോണ്‍. അല്‍ഫോന്‍സസ് ഒഹയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരുടെയും മോചനത്തിനായി അതിരൂപത പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു. മെത്രാന്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതില്‍ ആശങ്കയറിയിച്ചുകൊണ്ടും, അതിരൂപതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും നിരവധി കത്തുകളാണ് രാജ്യത്തിനകത്തും പുറത്തും നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന്‍ ഒബിന്നാ മെത്രാപ്പോലീത്ത വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒവ്വേരിയിലെ തന്റെ ഭവനം സന്ദര്‍ശിച്ച് മടങ്ങി വരുന്ന വഴിയ്ക്കു നഗരഭാഗത്ത് നിന്നും രണ്ടു മൈല്‍ അകലെവെച്ചാണ് ബിഷപ്പ് ചിക്വെയേയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയത്. ബിഷപ്പിന്റെ കാറും സഭാ വസ്ത്രങ്ങളും അസ്സംപ്ടാ കത്തീഡ്രലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തിയിട്ടുണ്ടെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ക്വിക്ക് ഇന്റര്‍വെന്‍ഷന്‍ ടീം (ക്വിറ്റ്), ആന്റി കിഡ്നാപ്പിംഗ് യൂണിറ്റ് (എ.കെ.യു) എന്നീ രണ്ടു പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചു. ഫാ. വലന്റൈന്‍ എസീഗു എന്ന കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്കുള്ളിലാണ് ഒരു മെത്രാനും തട്ടിക്കൊണ്ടുപോകലിന് ഇരയായിരിക്കുന്നതെന്ന വസ്തുത വിശ്വാസികളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
2019 ഒക്ടോബറിലാണ് അന്‍പത്തിമൂന്നുകാരനായ ബിഷപ്പ് ചിക്വെ ഒവ്വേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനാകുന്നത്. തട്ടിക്കൊണ്ടുപോകല്‍ നൈജീരിയയില്‍ പതിവാണെങ്കിലും മെത്രാനെ തട്ടിക്കൊണ്ടുപോയത് രാജ്യത്തെ സുരക്ഷ എത്രമാത്രം മോശമായ അവസ്ഥയിലാണെന്നതിന്റെ തെളിവാണെന്ന്‍ ആര്‍ച്ച് ബിഷപ്പ് ഒബിന്നാ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സഹനങ്ങളില്‍ നിന്നും തങ്ങളും ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും, ഞങ്ങള്‍ വഹിക്കുന്ന സാക്ഷ്യത്തിന്റെ ഒരു ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്യാസ സഭകളും, രൂപതകളും മോചനദ്രവ്യം നല്‍കുമെന്ന ചിന്തയാണ് കത്തോലിക്കാ വൈദികരും, കന്യാസ്ത്രീകളും തട്ടിക്കൊണ്ടു പോകലിന് ഇരയാകുന്നതിന് പിന്നിലെ പ്രധാന കാരണമെന്ന്‍ നിരീക്ഷിക്കപ്പെടുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക