Life In Christ
സര്‍ക്കാര്‍ വിലക്കിട്ടെങ്കിലും മഹാമാരിയുടെ നടുവില്‍ ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് കെനിയന്‍ കന്യാസ്ത്രീ
പ്രവാചക ശബ്ദം 03-01-2021 - Sunday
നെയ്റോബി: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലും രാജ്യതലസ്ഥാനമായ നെയ്റോബിയിലെ അസ്സംപ്ഷന്‍ സിസ്റ്റേഴ്സ് (എ.എസ്.എന്‍) സഭാംഗമായ കത്തോലിക്ക സന്യാസിനി നടത്തുന്ന സേവനങ്ങള്‍ ശ്രദ്ധേയമാകുന്നു. ഭിന്നശേഷിക്കാരായ നിരവധി പാവപ്പെട്ട പെണ്‍കുട്ടികളുടേയും അവരുടെ കുടുംബങ്ങളുടേയും മുഖത്ത് പുഞ്ചിരിക്ക് വിരിയിക്കുന്ന നെയ്റോബി അതിരൂപതയിലെ കിയാമ്പു കൗണ്ടിയിലെ ലിമൂരുവിലെ ലിമൂരു ചെഷയര്‍ ഹോമിന്റെ അഡ്മിനിസ്ട്രേറ്ററായ സിസ്റ്റര്‍ റോസ് കാതറിന്‍ വാകിബുരു പ്രതിസന്ധികളെ അതിജീവിച്ച് നടത്തുന്ന സേവനങ്ങളാണ് മഹാമാരിക്കിടയിലും ശ്രദ്ധേയമാകുന്നത്. ചെഷയര്‍ ഹോമിലെ അന്തേവാസികളായ മാനസിക-ശാരീരിക വൈകല്യങ്ങളുള്ള അറുപത്തിയൊന്നോളം പെണ്‍കുട്ടികളുടെ എല്ലാമാണ് സിസ്റ്റര്‍ റോസ് കാതറിന്‍.
സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് ചെഷയര്‍ ഹോം അടച്ചിടുവാനും, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളെ ഒരു നേരത്തെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കുവാനും സിസ്റ്റര്‍ റോസ് നിര്‍ബന്ധിതയായത്. ദാരിദ്രാവസ്ഥ കാരണം പലകുട്ടികളുടേയും മാതാപിതാക്കള്‍ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുവാന്‍ തയ്യാറല്ലായിരുന്നു. ഒരാഴ്ച കഴിഞ്ഞതോടെ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പരിപാലനവും, ഭക്ഷണവും ബുദ്ധിമുട്ടായതോടെ വീടുകളില്‍ നിന്നും സിസ്റ്ററിന് ഫോണ്‍ വിളികളുടെ പ്രവാഹമായിരുന്നു. ദാരിദ്യമാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും ദിവസവേതനക്കാരായ പലര്‍ക്കും കുട്ടികള്‍ വീട്ടില്‍ ഉള്ളപ്പോള്‍ ജോലിക്ക് പോകുവാന്‍ കഴിയാത്ത അവസ്ഥയാണെന്നും സിസ്റ്റര്‍ പറയുന്നു.
മാതാപിതാക്കളുടെ ബുദ്ധിമുട്ടുകള്‍ കുറക്കുവാനായിരുന്നു പിന്നീട് സിസ്റ്ററിന്റെ ശ്രമം. ഭക്ഷണം, സോപ്പ്, സാനിട്ടറി വസ്തുക്കള്‍ എന്നിവ അവരുടെ വീടുകളില്‍ എത്തിച്ചു നല്‍കുക എന്ന ശ്രമകരമായ ദൗത്യം സിസ്റ്റര്‍ ഏറ്റെടുത്തു. യാത്രാ വിലക്കുകള്‍ ഉള്ളതിനാല്‍ പ്രാദേശിക ഭരണകൂടത്തില്‍ നിന്നും അനുമതി പത്രം വാങ്ങിയ ശേഷം പകര്‍ച്ചവ്യാധിയേപ്പോലും വകവെക്കാതെ സിസ്റ്റര്‍ റോസ് കുട്ടികളുടെ ഭവന സന്ദര്‍ശനം ആരംഭിച്ചു. വിവിധ ഭാഗങ്ങളിലുള്ള 8 വീടുകള്‍ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു സേവനങ്ങളുടെ തുടക്കം. ഓരോ ഭവനത്തിലും കുടുംബത്തിന്റെ ആവശ്യമനുസരിച്ച് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് പുറമേ, മാസ്കും, സാനിട്ടൈസറും വരെ സൗജന്യമായി നല്‍കി വരികയാണ്. കരോളിന്‍ അബുയാ, ബിയാട്രിസ് കാരി, തബിത വാംബൂയി എന്നീ കന്യാസ്ത്രീകളും മഹത്തരമായ ഉദ്യമത്തില്‍ സിസ്റ്റര്‍ റോസിനെ സഹായിക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക