News - 2025

2021 കര്‍ദ്ദിനാള്‍ വിസിന്‍സ്കിയുടെ വര്‍ഷമായി പോളിഷ് പാര്‍ലമെന്റ് പ്രഖ്യാപിച്ചു

പ്രവാചക ശബ്ദം 04-01-2021 - Monday

വാര്‍സോ: പോളണ്ടിലെ കമ്മ്യൂണിസ്റ്റ് കിരാത ഭരണത്തിനിടയിലും ക്രിസ്തീയ വിശ്വാസത്തിന് ബലക്ഷയം കൂടാതെ സംരക്ഷണമേകാന്‍ അഹോരാത്രം പരിശ്രമിച്ച കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിസിന്‍സ്കിയോടുള്ള ആദരണാര്‍ത്ഥം 2021 കര്‍ദ്ദിനാള്‍ വിസിന്‍സ്കിയുടെ വര്‍ഷമായി പോളണ്ട് പാര്‍ലമെന്റ് പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കിടയിലും പോളിഷ് സഭയെ ധീരതയോടെ നയിച്ച കര്‍ദ്ദിനാളിന്റെ നേട്ടങ്ങളെക്കുറിച്ച് വിവരിക്കുന്ന പ്രമേയങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും വന്‍ ഭൂരിപക്ഷത്തോടെയാണ് പാസ്സാക്കിയതെന്നത് ശ്രദ്ധേയമാണ്.

കത്തോലിക്ക സഭയുടെ സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കാല്‍ചുവട്ടില്‍ വെക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചുകൊണ്ട്‌ അക്കാലത്തെ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് നേതാവായ ബോള്‍സ്ലോ ബിയറുട്ടിന് 1953-ല്‍ അയച്ച “നോണ്‍ പൊസ്സുമസ്” (ഞങ്ങള്‍ക്കാവില്ല) പ്രഖ്യാപന കത്തിനെ കുറിച്ചു പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നാല്‍പ്പത്തിയെട്ടിനെതിരെ 387 വോട്ടിനാണ് സെജമില്‍ പ്രമേയം പാസ്സാക്കപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ പോളണ്ടുകാരില്‍ ഒരാള്‍ എന്നാണ് ഉപരിസഭയായ സെനറ്റില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കര്‍ദ്ദിനാളിനെക്കുറിച്ച് പറയുന്നത്. കര്‍ദ്ദിനാള്‍ വിസിന്‍സ്കിയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും രാഷ്ട്രത്തിലെ ഏറ്റവും മഹാന്‍മാരായ പ്രബോധകരായിരുന്നെന്നും, രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കഷ്ടപ്പാടുകള്‍ നിറഞ്ഞ കാലയളവില്‍ ഇരുവരും പോളണ്ട് ജനതയെ ഒരുമിച്ച് നയിച്ചവരാണെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്.

ഡിസംബര്‍ 2ന് സെനറ്റില്‍ അവതരിപ്പിച്ച പ്രമേയം മൂന്നിനെതിരെ 77 വോട്ടുകള്‍ക്കാണ് പാസ്സായത്. തന്റെ മരണം വരെ പോളണ്ടിലെ കത്തോലിക്കാ സഭയ്ക്കു ശക്തമായ ഊര്‍ജ്ജം പകര്‍ന്ന നേതാവാണ്‌ കര്‍ദ്ദിനാള്‍ വിസിന്‍സ്കി. 1989-ലാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചത്. 2019-ല്‍ ഇദ്ദേഹത്തിന്റെ മധ്യസ്ഥത്തില്‍ നടന്നതായി പറയപ്പെടുന്ന അത്ഭുതത്തിനു വത്തിക്കാന്‍ അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 27-ന് കര്‍ദ്ദിനാള്‍ വിസിന്‍സ്കിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും മഹാമാരിയുടെ പശ്ചാത്തലത്തില്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ പോളണ്ടില്‍ ക്രിസ്തീയ വിശ്വാസത്തിന് ശക്തമായ പ്രാധാന്യമാണ് ഭരണതലത്തിലും നല്‍കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »