News - 2025

ആഫ്രിക്കൻ രാജ്യത്തിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി മലയാളി വൈദികനെ പാപ്പ നിയമിച്ചു

പ്രവാചക ശബ്ദം 06-01-2021 - Wednesday

വത്തിക്കാന്‍ സിറ്റി\: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോഫാസോയിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി ആലപ്പുഴ രൂപതാംഗമായ ഫാ. ജോണ്‍ ബോയ വെളിയിലിനെ മാര്‍പാപ്പ നിയമിച്ചു. രൂപതയില്‍നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഫാ. ജോണ്‍ ബോയ (37). ആലപ്പുഴ കനാല്‍ വാര്‍ഡ് വെളിയില്‍ പരേതനായ ജോണിയുടെയും ലില്ലിയുടെയും മകനായ അദ്ദേഹം പൊന്തിഫിക്കല്‍ എക്ലെസ്യാസ്റ്റിക്കല്‍ അക്കാദമിയില്‍ നയതന്ത്ര പരിശീലനം പൂര്‍ത്തിയാക്കിയതോടെയാണ് നയതന്ത്ര പ്രതിനിധിയായി നിയമിതനായത്.

ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് സ്‌കൂളിലെ പഠനത്തിനു ശേഷം രൂപത സെമിനാരിയില്‍ ചേര്‍ന്ന ജോണ്‍ ബോയ, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ്, പുനയിലെ പേപ്പല്‍ സെമിനാരി, റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്യാന സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നു വ്യത്യസ്ത വിഷയങ്ങളില്‍ ബിരുദം നേടി. കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് ബിരുദവും നേടി. ഒരു വര്‍ഷം ആലപ്പുഴ രൂപതയുടെ മൈനര്‍ സെമിനാരിയില്‍ പ്രീഫെക്ട് ആയി സേവനമനുഷ്ഠിച്ചു.

2014 സെപ്റ്റംബറില്‍ ആലപ്പുഴ വെള്ളാപ്പള്ളി പള്ളിയില്‍വച്ച് തിരുപ്പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ അസിസ്റ്റന്റ് വികാരിയായി. ആലപ്പുഴ കാളാത്ത് ലിയോ തേര്‍ട്ടീന്‍ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു. റോമിലെ ഉര്‍ബന്യാന സര്‍വകലാശാലയില്‍ നിന്നു അദ്ദേഹം തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിരിന്നു.


Related Articles »