News - 2024

ഒരു വശത്ത് കൊറോണ, മറുവശത്ത് തീവ്രവാദം: നൈജീരിയന്‍ ക്രൈസ്തവരുടെ ദുരവസ്ഥ വിവരിച്ച് മനുഷ്യാവകാശ സംഘടനാ നേതാവ്

പ്രവാചക ശബ്ദം 06-01-2021 - Wednesday

അബൂജ: കോവിഡ് 19 മഹാമാരിയും വര്‍ദ്ധിച്ചുവരുന്ന തീവ്രവാദി ആക്രമണങ്ങളും നൈജീരിയന്‍ ക്രൈസ്തവരെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്ന് രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ സംഘടനാ നേതാവായ ഡാല്യോപ് സോളമന്‍. നൈജീരിയന്‍ ക്രൈസ്തവരുടെ ജീവിതം വളരെ ദയനീയമാണെന്നും ലോകത്തിന്റെ ഈ ഭാഗത്ത് ജനിക്കാതിരുന്നെങ്കിലെന്ന് നിങ്ങള്‍ ആഗ്രഹിച്ചു പോകുമെന്നും രക്ഷപ്പെടുവാന്‍ യാതൊരു വഴിയുമില്ലായെന്നും ‘ഇമാന്‍സിപ്പേഷന്‍ സെന്റര്‍ ഫോര്‍ ക്രൈസിസ് വിക്ടിംസ് നൈജീരിയ’ എന്ന മനുഷ്യാകാശ സംഘടനയുടെ തലവനായ സോളമന്‍ പറയുന്നു. തങ്ങളുടെ പിറകില്‍ ഈജിപ്തുകാരും മുമ്പില്‍ ചെങ്കടലുമാണെന്ന് ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’നു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം നൈജീരിയയില്‍ ക്ഷാമമുണ്ടാവുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.

കോവിഡ് 19 പകര്‍ച്ചവ്യാധിക്കിടയിലുള്ള തീവ്രവാദി ആക്രമണങ്ങള്‍ ദീര്‍ഘകാലത്തെ അനന്തരഫലങ്ങളാണ് ഉണ്ടാക്കുകയെന്ന്‍ സോളമന്‍ പറയുന്നു. നൈജീരിയയിലെ ഭൂരിഭാഗം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. ഇസ്ലാമിക ഗോത്രവര്‍ഗ്ഗക്കാരായ ഫുലാനികള്‍ വിളവെടുപ്പിന് പാകമായ കൃഷിയിടങ്ങളില്‍ തങ്ങളുടെ കന്നുകാലികളെ കൂട്ടത്തോടെ അഴിച്ചുവിട്ട് കൃഷിനശിപ്പിക്കുകയും ഭക്ഷ്യധാന്യങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നുണ്ട്. മഹാമാരിയെ തുടര്‍ന്ന്‍ നൈജീരിയന്‍ സര്‍ക്കാര്‍ വീട്ടില്‍ ഇരിക്കുവാനാണ് ഉപദേശിച്ചിരിക്കുന്നത്. ഇതുമൂലം ക്രൈസ്തവര്‍ക്ക് കൃഷിയിറക്കുവാനോ, തീവ്രവാദി ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുവാനോ കഴിയാത്ത സാഹചര്യമാണുള്ളത്. തീവ്രവാദി ആക്രമണങ്ങള്‍ തടയുന്ന കാര്യത്തിലും, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലും നൈജീരിയന്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും ഇത് ആക്രമണങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമായെന്നും സോളമന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാത്രം രണ്ടായിരത്തിഇരുനൂറിലധികം നൈജീരിയന്‍ ക്രൈസ്തവര്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ കണക്കാക്കുന്നത്. കോവിഡും ഫുലാനി ഗോത്ര ആക്രമണങ്ങളേയും തുടര്‍ന്നു അഞ്ചിലൊന്ന് കൃഷിയിടങ്ങളില്‍ മാത്രമായിരുന്നു 2020-ല്‍ കൃഷിയിറക്കിയിരുന്നത്. ഇതുപോലൊരു കൃഷിനാശത്തിനു ഇതിനു മുന്‍പ് രാഷ്ട്രം സാക്ഷ്യം വഹിച്ചിട്ടില്ലെന്ന്‍ സോളമന്‍ ചൂണ്ടിക്കാട്ടി. ഇസ്ലാമിക തീവ്രവാദികള്‍ കൃഷിക്കാരെ കൊന്നൊടുക്കുന്നതിനാലും കൃഷിക്കാര്‍ പുറത്തുപോകുവാന്‍ ഭയക്കുന്നതിനാലും നൈജീരിയയില്‍ കടുത്ത ഭക്ഷ്യക്ഷാമമുണ്ടാവുമെന്ന മുന്നറിയിപ്പുമായി നേരത്തെ മറ്റൊരു നൈജീരിയന്‍ വാര്‍ത്താ മാധ്യമം രംഗത്തെത്തിയിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »