News - 2024

ആദ്യമായി ദനഹ തിരുനാളില്‍ മാര്‍പാപ്പ കുഞ്ഞുങ്ങള്‍ക്കു മാമ്മോദീസ നല്‍കുന്ന ചടങ്ങ് റദ്ദാക്കി

പ്രവാചക ശബ്ദം 06-01-2021 - Wednesday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ തുടങ്ങിവെച്ച ‘ഈശോയുടെ ജ്ഞാനസ്നാന തിരുനാള്‍’ (ദനഹാ തിരുനാള്‍)-ന്റെ ഭാഗമായി മാര്‍പാപ്പ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ നവജാത ശിശുക്കളെ മാമ്മോദീസ മുക്കുന്ന പരമ്പരാഗത ചടങ്ങ് കൊറോണ മഹാമാരിയെ തുടര്‍ന്നു ഇക്കൊല്ലം റദ്ദാക്കി. ഇക്കഴിഞ്ഞ വ്യാഴാഴ്ച അവസാനിക്കേണ്ടിയിരുന്ന അവധിക്കാല കൊറോണ നിയന്ത്രണങ്ങളില്‍ ചിലത് നിലനിര്‍ത്തുവാന്‍ ഇറ്റലി സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുഞ്ഞുങ്ങള്‍ക്കു മാമ്മോദീസ നല്‍കുന്ന ചടങ്ങ് റദ്ദാക്കിയതെന്നു ഇന്നലെ ചൊവ്വാഴ്ച വത്തിക്കാന്‍ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

യേശു ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിന്റെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ഈ പാരമ്പര്യം ഇതാദ്യമായാണ് മുടങ്ങുന്നത്. സാധാരണയായി മാമ്മോദീസ നല്‍കുന്ന ശിശുക്കളും, മാതാപിതാക്കളും, തലതൊട്ടപ്പന്‍മാരും ബന്ധുക്കളും അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ആഘോഷപൂര്‍വ്വം നടക്കേണ്ട ചടങ്ങാണ് കൊറോണ നിയന്ത്രണങ്ങള്‍ കാരണം റദ്ദാക്കപ്പെട്ടത്. ഇന്ന്‍ ബുധനാഴ്ച അര്‍പ്പിക്കപ്പെടുന്ന ദനഹാ തിരുനാള്‍ കുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് ഫ്രാന്‍സിസ് പാപ്പയാണ്. സാധാരണയായി ജനുവരി 6-നാണ് ദനഹാ തിരുനാള്‍ ആഘോഷിക്കുന്നതെങ്കിലും അമേരിക്ക പോലെയുള്ള ചില രാഷ്ട്രങ്ങളില്‍ ഇത് ജനുവരി 6ന് ശേഷം വരുന്ന ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. മഹാമാരി തുടരുന്ന സാഹചര്യത്തില്‍ പാപ്പയുടെ പരിപാടികളില്‍ നിന്നും പൊതുജന പങ്കാളിത്തം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »