Life In Christ - 2024

ദൈവാരാധനയ്ക്കായി വ്യക്തിപരമായും സമൂഹമായും കൂടുതൽ സമയം കണ്ടെത്തണം: ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 07-01-2021 - Thursday

വത്തിക്കാന്‍ സിറ്റി: വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിലും, ആരാധനയ്‌ക്കായി കൂടുതൽ സമയം നീക്കിവയ്ക്കേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ജനുവരി 6ന് തിരുസഭ ആചരിച്ച ദനഹാത്തിരുന്നാൾ ദിനത്തില്‍ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ തിരുന്നാൾ കുർബാന അർപ്പിച്ചു സന്ദേശം പങ്കുവെയ്ക്കുകയായിരിന്നു പാപ്പ. ഇന്ന് ആരാധനയുടെ അർത്ഥം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സാമൂഹ്യമായും വ്യക്തിയുടെ ആധ്യാത്മിക ജീവിതത്തിലും അതു നമ്മൾ വീണ്ടെടുക്കണമെന്നും പൂജരാജാക്കളെപ്പോലെ, നമുക്ക് കർത്താവിനെ കുമ്പിട്ട് ആരാധിക്കാമെന്നും പാപ്പ സുവിശേഷ പ്രഭാഷണത്തിൽ പറഞ്ഞു.

കർത്താവിനെ ആരാധിക്കുകയെന്നത് എളുപ്പമല്ല, പെട്ടെന്നു ചെയ്യാവുന്നതുമല്ല: പലപ്പോഴും സുദീർഘമായ ഒരു ആന്തരികയാത്രയുടെ ലക്ഷ്യമാകയാൽ അതിന് ഒരു തരം ആദ്ധ്യാത്മിക പക്വത ആവശ്യമാണ്. ദൈവത്തെ ആരാധിക്കുന്ന മനോഭാവം നമ്മിൽ നൈസർഗ്ഗികമല്ല. ആരാധിക്കുകയെന്നത് മനുഷ്യന് ആവശ്യമാണ്, അതെ, പക്ഷേ അവൻറെ ലക്ഷ്യം തെറ്റിപ്പോകുന്ന അപകട സാധ്യതയുണ്ട്; വാസ്തവത്തിൽ, അവൻ ദൈവത്തെ ആരാധിക്കുന്നില്ലെങ്കിൽ, അവൻ വിഗ്രഹങ്ങളെ ആരാധിക്കും, ഒരു വിശ്വാസിയാകുന്നതിനുപകരം അവൻ വിഗ്രഹാരാധകനാകും. രണ്ടിനുമിടയ്ക്ക് നില്ക്കാനാകില്ല. ഒന്നുകിൽ ദൈവം അല്ലെങ്കിൽ വിഗ്രഹങ്ങൾ.

ജീവിത സംഭവങ്ങൾക്കിടയിലും കർത്താവിലേക്കുള്ള ആത്മവിശ്വാസത്തോടെയുള്ള നോട്ടം പുത്രസഹജമായ കൃതജ്ഞതയുണർത്തുന്നു. ഇത് സംഭവിക്കുമ്പോൾ, ഹൃദയം ആരാധനയിലേക്ക് തുറക്കുന്നു. നേരെമറിച്ച്, ദൈവത്തിങ്കലേക്ക് കണ്ണുകളുയർത്താൻ വിസമ്മതിച്ചുകൊണ്ട്, നാം, പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഭയം ഹൃദയത്തെ കീഴടക്കുകയും അതിനെ വഴിതെറ്റിക്കുകയും ചെയ്യുന്നു. അങ്ങനെ, അത് ഹൃദയത്തിൽ കോപം, അസ്വസ്ഥത, വേദന, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു. ഈ അവസ്ഥകളിൽ കർത്താവിനെ ആരാധിക്കുക പ്രയാസമാണ്. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ, യാഥാർത്ഥ്യം നമ്മുടെ ചിന്തകളേക്കാൾ വലുതാണെന്ന ബോധ്യത്തോടുകൂടി, നമ്മുടെ മുൻകൂട്ടിയുള്ള തീരുമാനങ്ങളുടെ വലയം ഭേദിക്കാനുള്ള ചങ്കുറപ്പ് നമുക്കുണ്ടാകണം. നാം കർത്താവിനെ നോക്കുകയും അവിടത്തെ വെളിച്ചത്തിൽ യാഥാർത്ഥ്യത്തെ പരിഗണിക്കുകയും ചെയ്താൽ, അവിടന്ന് ഒരിക്കലും നമ്മെ കൈവിടില്ലെന്ന് നാം മനസ്സിലാക്കുവാന്‍ സാധിക്കുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.


Related Articles »