News - 2024

ലണ്ടൻ കൊച്ചി വിമാനം: പ്രധാനമന്ത്രിക്ക് നിവേദനം നൽകി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

പ്രവാചക ശബ്ദം 08-01-2021 - Friday

പ്രെസ്റ്റൻ: ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നടത്തിയിരുന്ന നേരിട്ടുള്ള വിമാന സർവീസ് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും, സർവീസ് പുനരാരംഭിക്കണം എന്നും ആവശ്യപ്പെട്ടു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് നിവേദനം നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലേക്കു എത്തിച്ചേരുവാനുള്ള ഏക ആശ്രയം ആയിരുന്നു വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ലണ്ടൻ കൊച്ചി വിമാന സർവീസ്.

മെയ് പത്തൊൻപതു മുതൽ ആരംഭിച്ച ഈ സർവീസിൽ കൂടിയാണ് ബ്രിട്ടനിലേക്ക് പുതുതായി ജോലിക്ക് എത്തിയിരുന്നവരും, ഇവിടെ നിന്നും നാട്ടിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കായി പോയിരുന്നവരും യാത്ര ചെയ്തിരുന്നത്. താൽക്കാലികമായി നിർത്തലാക്കിയിരിക്കുന്ന വന്ദേ ഭാരത് മിഷൻ ജനുവരി എട്ടിന് പുനരാരംഭിക്കുമ്പോൾ അതിൽ കൊച്ചിയെകൂടി ഉൾപ്പെടുത്തുന്ന കാര്യം സജീവമായി പരിഗണിക്കണമെന്ന് മാർ സ്രാമ്പിക്കൽ അധികാരികൾക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. ബ്രിട്ടനിലെ മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ലണ്ടൻ കൊച്ചി വിമാന സർവീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടു വിവിധ മലയാളി സംഘടനകൾ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നൽകുമെന്ന് മാർ സ്രാമ്പിക്കൽ പറഞ്ഞുവെന്നും രൂപത പി‌ആര്‍‌ഓ ഫാ. ടോമി അടാട്ട് അറിയിച്ചു.


Related Articles »