Life In Christ - 2025
'വിശ്വാസം കവര്‍ന്നെടുക്കുവാന്‍ ഒരു തിന്മയേയും ഞങ്ങള്‍ അനുവദിക്കില്ല, ബൊക്കോഹറാമിനെ ദൈവം ഇല്ലാതാക്കും': നൈജീരിയന്‍ മെത്രാന്‍
പ്രവാചക ശബ്ദം 09-01-2021 - Saturday
അബൂജ: ക്രൈസ്തവ വിശ്വാസം കവര്‍ന്നെടുക്കുവാന്‍ ഒരു തിന്‍മയേയും അനുവദിക്കില്ലായെന്നും ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോഹറാമിനെ ദൈവം ഇല്ലാതാക്കുമെന്നും നൈജീരിയന്‍ മെത്രാന്‍. ഇക്കഴിഞ്ഞ ക്രിസ്തുമസ് തലേന്ന് രാത്രിയില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാം നൈജീരിയയില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തുകയും രണ്ടു ദേവാലയങ്ങള്‍ തകര്‍ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നൈജീരിയയിലെ മൈദുഗുരി രൂപതാ മെത്രാന്‍ ഒലിവര്‍ ഡാഷെ ഡോയം പ്രതികരണം നടത്തിയത്. ബൊക്കോഹറാമിന് തങ്ങളില്‍ നിന്നും തട്ടിയെടുക്കുവാന്‍ കഴിയാത്ത ഒരേയൊരു കാര്യം തങ്ങളുടെ വിശ്വാസമാണെന്നും സമയമാകുമ്പോള്‍ ദൈവം തന്നെ ബൊക്കോഹറാമിനെ ഇല്ലാതാക്കുമെന്നും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) നു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
“ഞങ്ങളുടെ വിശ്വാസം കവര്‍ന്നെടുക്കുവാന്‍ ഒരു തിന്മയേയും ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങളുടെ വിശ്വാസം കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്”. ക്രിസ്തുമസ് തലേന്ന് ഒരു ഇടവകയില്‍ മാത്രം 100 പേര്‍ മാമ്മോദീസ സ്വീകരിച്ചതിനെ പരാമര്‍ശിച്ചു കൊണ്ട് ബിഷപ്പ് പറഞ്ഞു. ചിബോക്കിലെ പെമിയില്‍ നിന്നും 270-ഓളം ക്രിസ്ത്യന്‍ സ്കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത് തന്നെ ഭയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൊക്കോഹറാം പ്രതിസന്ധി ഉടലെടുക്കുന്നതിന് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ കത്തോലിക്കര്‍ കഴിഞ്ഞ വര്‍ഷം തന്റെ രൂപതയില്‍ ഉണ്ടായിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ദൈവരാജ്യം നിലനില്‍ക്കുന്നിടത്തോളം കാലം തിന്‍മയുടെ ഒരു മനുഷ്യ ശക്തിക്കും അതിനെ മറികടക്കുവാന്‍ കഴിയുകയില്ല. ഇരുനൂറു ദേവാലയങ്ങളും, സ്കൂളുകളും അഗ്നിക്കിരയാക്കിയാലും തങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും, അഗാധമായ ദൈവവിശ്വാസവും, മരിയന്‍ ഭക്തിയുമുള്ള ജനതയാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്പും ഇസ്ലാമിക തീവ്രവാദികള്‍ ക്രിസ്തുമസ് ദിനത്തില്‍ നൈജീരിയയില്‍ ആക്രമണം നടത്തിയിട്ടുണ്ട്.
2019-ലെ ക്രിസ്തുമസ് ദിനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക് പ്രവിശ്യാംഗങ്ങളായ തീവ്രവാദികള്‍ 10 ക്രൈസ്തവരെ തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. ബൊക്കോഹറാം ക്രൈസ്തവര്‍ക്കെതിരാണെന്നും, ക്രൈസ്തവരെ ഭയപ്പെടുത്താനും, ക്രിസ്തുമസ് ആഘോഷങ്ങള്‍ അലങ്കോലമാക്കുവാനുമാണ് ഈ ആക്രമണങ്ങളെന്നു ബിഷപ്പ് ഡോയം പറഞ്ഞു. പ്രമുഖ നൈജീരിയന്‍ മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് 2015 ജൂണ്‍ മുതല്‍ ഏറ്റവും ചുരുങ്ങിയത് പന്ത്രണ്ടായിരത്തോളം ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് കണക്ക്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക