News - 2025

മതപരിവര്‍ത്തനത്തിന് വിസമ്മതിച്ച ക്രിസ്ത്യന്‍ സഹോദരികളെ പാക്കിസ്ഥാനില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി

പ്രവാചക ശബ്ദം 10-01-2021 - Sunday

ലാഹോര്‍: ലാഹോറിലെ ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന സഹോദരിമാരായ രണ്ട് ക്രിസ്ത്യന്‍ യുവതികളെ മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ ഫാക്ടറിയുടെ ഉടമയും സഹായിയും പീഡിപ്പിച്ച് കൊലപ്പെടുത്തി. ലാഹോറിലെ മഖന്‍ കോളനി നിവാസികളും സഹോദരിമാരുമായ ഇരുപത്തിയെട്ടുകാരിയായ സാജിദയും, ഇരുപത്തിയാറുകാരിയായ ആബിദയുമാണ് ഫാക്ടറി ഉടമസ്ഥനായ മൊഹമ്മദ്‌ നയീം ബട്ടിന്റേയും, സൂപ്പര്‍വൈസറായ മൊഹമ്മദ് ഇംതിയാസിന്റേയും മതഭ്രാന്തിനും ക്രൂരതയ്ക്കും ഇരയായത്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതാണ് നിഷ്കളങ്കരായ യുവതികളെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുവാനുള്ള കാരണമായി നിരീക്ഷിക്കപ്പെടുന്നത്.

ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുവാന്‍ നയീം ബട്ട് തങ്ങളെ നിര്‍ബന്ധിച്ചിരുന്നതായി വിവാഹിതരായ ഈ സഹോദരിമാര്‍ പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ടെന്ന് ക്രൈസ്തവ പീഡനങ്ങളെ നിരീക്ഷിക്കുന്ന പീസ് വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംതിയാസിന്റെ ഇതേ ആവശ്യം ഇരുവരും നേരത്തെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ നയീമിന്റെ ആവശ്യം തള്ളിക്കളഞ്ഞതിന് ശേഷമാണ് പ്രതികള്‍ യുവതികളെ ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങിയത്. ഇക്കഴിഞ്ഞ നവംബര്‍ 26നു ഈ സഹോദരിമാരെ വീട്ടുകാര്‍ അവസാനമായി കണ്ടത്. ഇവരെ കണ്ടെത്തുവാന്‍ ഭര്‍ത്താക്കന്‍മാര്‍ നടത്തിയ ശ്രമങ്ങളും പോലീസില്‍ നല്‍കിയ പരാതിയും വെറുതേയായി. പിന്നീട് ഡിസംബര്‍ 14നും, ജനുവരി 4നുമായി ഇരുവരുടേയും മൃതദേഹങ്ങള്‍ മലിനജല ഓടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പ്രതികള്‍ അറസ്റ്റിലാകുകയും നയീം ബട്ട് കുറ്റം സമ്മതിച്ചുവെന്നും ദേശീയ മാധ്യമമായ 'ട്രൈബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കൊല്ലപ്പെട്ട യുവതികള്‍ നിര്‍ധനരായ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നും പ്രതികളായവര്‍ ധനിക മുസ്ലീം കുടുംബങ്ങളില്‍ നിന്നുമുള്ളവരായതു കൊണ്ട് പ്രതികള്‍ അനായാസം കുറ്റവിമുക്തരായി പുറത്തുവരുമെന്ന ആശങ്കയിലാണ് ക്രിസ്ത്യന്‍ സമൂഹം. ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിതമായൊരു വംശഹത്യ പാക്കിസ്ഥാനില്‍ നടക്കുന്നുണ്ടെന്ന്‍ ‘പീസ്‌ വേള്‍ഡ് വൈഡ്’ സന്നദ്ധ സംഘടനയുടെ ചെയര്‍മാനായ ഹെക്ടര്‍ അലീം നേരത്തേ വെളിപ്പെടുത്തിയിരിന്നു. ഇതിന്റെ പേരില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണം തനിക്കെതിരെ ഉയര്‍ന്നിരിക്കുകയാണെന്ന്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ക്രൈസ്തവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »