India - 2025
ലോഗോസ് പരീക്ഷ ജൂണ്‍ മാസം നടത്തിയേക്കും
പ്രവാചക ശബ്ദം 11-01-2021 - Monday
കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസത്തേക്ക് നീട്ടിയ കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോഗോസ് ക്വിസ് പരീക്ഷ ജൂണ്‍ മാസത്തേക്ക് നീട്ടാന്‍ ധാരണ. നിലവിലെ തീരുമാനമനുസരിച്ച് മാര്‍ച്ച് 21-നായിരുന്നു ലോഗോസ് ക്വിസ് പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് മാസം എസ്‌എസ്‌എല്‍സി പരീക്ഷയും മെയ് 10 മുതല്‍ ജൂണ്‍ 10വരെ സിബിഎസ്‌ഇ പരീക്ഷയും പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ലോഗോസ് പരീക്ഷ ഇവ കണക്കിലെടുത്തായിരിക്കണമെന്ന് ജനുവരി 5ന് നടന്ന കെസിബിസി ബൈബിള്‍ സൊസൈറ്റി എക്‌സിക്യുട്ടിവ് മീറ്റിംഗില്‍ അഭിപ്രായമുയര്‍ന്നു. ഇതിന്‍പ്രകാരം 2020ലെ ലോഗോസ് ജൂണ്‍ 13 അഥവാ 20-നും രണ്ടാംഘട്ട ഫൈനല്‍ മത്സരം ഓഗസ്റ്റ് 1-നും നടത്താന്‍ യോഗം നിര്‍ദേശിച്ചു.
തുടർന്നുള്ള 2021-ലെ ലോഗോസ് രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 1 മുതല്‍ സെപ്‌റ്റംബര്‍ 30 വരെ നടത്തി, പരീക്ഷ നവംബര്‍ പകുതിയോടെയും ഫൈനല്‍ പരീക്ഷ ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ നടത്താവുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഏതെങ്കിലും കാരണവശാല്‍ ജൂണ്‍ മാസത്തില്‍ പരീക്ഷ നടത്തുക സാധ്യമല്ലെങ്കില്‍ 2020-ലെ മത്സരം 2021-ലെ മത്സരമാക്കി മാറ്റുന്നതാണെന്ന് കെസിബിസി ബൈബിള്‍ സൊസൈറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ബൈബബിള്‍ അപ്പോസ്‌തലേറ്റ് ഡയറക്‌ടര്‍മാരുടെ മീറ്റിംഗിലും തുടര്‍ന്ന് മാനേജിംഗ് കൗണ്‍സിലിലും സമര്‍പ്പിച്ച് തീരുമാനം എടുക്കും. കോവിഡ് കാലത്ത് ആളുകള്‍ ഉത്സാഹത്തോടെ ലോഗോസിന് ഒരുങ്ങുന്നുവെന്നത് സന്തോഷകരമായ കാര്യമാണെന്നും വചനത്തില്‍ ആശ്രയിക്കാന്‍ ഈ സംരംഭം കാരണമാകുന്നുവെന്നും കെസിബിസി ബൈബിള്‍ സൊസൈറ്റി വിലയിരുത്തി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക