News - 2025

വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി | അഭയാ കേസ് വിധിയിലെ പാകപ്പിഴകള്‍ 2 | ജസ്റ്റീസ് ഏബ്രഹാം മാത്യു

ദീപിക 13-01-2021 - Wednesday

ഡോക്ടര്‍ രാധാകൃഷ്ണനാണു സിസ്റ്റര്‍ അഭയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ തെളിവായി സ്വീകരിച്ചു. ഡോക്ടറുടെ മൊഴിയിലും പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിലും ആറു പരിക്കുകള്‍ മാത്രമാണു കാണിച്ചിട്ടുള്ളത്. എല്ലാം ശരീരത്തിന്റെ പിന്‍ഭാഗത്ത്. രണ്ടെണ്ണം കീറിമുറിഞ്ഞ മുറിവുകളും മൂന്നെണ്ണം ഉരവിന്റെ പാടുകളും ഒരെണ്ണം തലയുടെ പുറകിലായി ചതവുമാണ്. ഇവയല്ലാതെ മറ്റൊരു പരിക്കും താന്‍ കണ്ടില്ലെന്നാണ് ഡോക്ടറുടെ കൃത്യമായ മൊഴി. ഈ പരിക്കുകള്‍ നിസാരവും സങ്കീര്‍ണമല്ലാത്തതുമാണെന്നു ഡോക്ടര്‍ വ്യക്തമാക്കി.

എന്നാല്‍, അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോ എടുത്ത, അന്ന് 26 വയസുള്ള വര്‍ഗീസ് ചാക്കോ ( pw7) യിലൂടെ സിബിഐ സ്ഥാപിക്കാന്‍ ശ്രമിച്ചത് അഭയയുടെ കഴുത്തിന് ഇരുവശത്തുമായി നഖക്ഷതം ഉണ്ടായിരുന്നുവെന്നാണ്. ഇത് അഭിപ്രായം മാത്രമാണ്. ഇന്ത്യന്‍ തെളിവുനിയമം 45ാം വകുപ്പു പ്രകാരം അഭിപ്രായം കോടതിയില്‍ പറയാന്‍ ഒരു വിദഗ്ധനു മാത്രമേ അനുവാദമുള്ളൂ. ഈ ഫോട്ടോഗ്രഫര്‍ക്കു മുറിവിനെക്കുറിച്ചോ അതിന്റെ സ്വഭാവത്തെക്കുറിച്ചോ അഭിപ്രായം പറയാന്‍ എന്തു വൈദഗ്ധ്യമാണുള്ളത് ഈ സാക്ഷിയുടെ അഭിപ്രായം കോടതി ഒരിക്കലും രേഖപ്പെടുത്താന്‍ പാടില്ലായിരുന്നു.

എന്നാല്‍, രേഖപ്പെടുത്തി എന്നു മാത്രമല്ല, മൃതദേഹം പരിശോധിച്ച വിദഗ്ധനായ ഡോക്ടറുടെ മൊഴി തള്ളി, അയാളുടെ മൊഴി അംഗീകരിച്ചു. ഇത് തികച്ചും നിയമവിരുദ്ധമാണ്. ഡോക്ടര്‍ രാധാകൃഷ്ണന്റെ മൊഴിക്കും സര്‍ട്ടിഫിക്കറ്റിനും മാത്രമാണ് തെളിവില്‍ സ്വീകാര്യതയുള്ളത്. അവ തെളിയിക്കുന്നത് അഭയയുടെ ശരീരത്ത് ആറു മുറിവുകള്‍ മാത്രമാണുണ്ടായിരുന്നതെന്നും മരിക്കുന്നതിനുമുന്പ് ഉണ്ടായതാണെന്നുമാണ്. ഈ പരിക്കുകള്‍ മൂലമല്ല, പ്രത്യുത വെള്ളം ഉള്ളില്‍ച്ചെന്നാണ് അഭയ മരിച്ചതെന്നും ഡോക്ടര്‍ ആവര്‍ത്തിച്ചു പറഞ്ഞു.

സിബിഐ തെളിയിക്കാന്‍ ശ്രമിച്ചത് ‍

എന്നാല്‍, സിബിഐ കോടതിയില്‍ തെളിയിക്കാന്‍ ശ്രമിച്ചതു മറ്റൊന്നാണ്. തലയുടെ പുറകില്‍ തലയോട്ടിയുടെ കവചത്തില്‍ (scalp) കണ്ട ചതവ് രക്തസ്രാവത്തിനു കാരണമായെന്നും അതു ബോധക്ഷയത്തിന് ഇടയാക്കിയെന്നും അഭയയെ പ്രതികള്‍ ജീവനോടെ കിണറ്റിലിട്ടുവെന്നും വെള്ളം ഉള്ളില്‍ച്ചെന്നുവെന്നും മരണകാരണം രക്തസ്രാവവും വെള്ളം ഉള്ളില്‍ച്ചെന്നതുമാണെന്നുമാണ് സിബിഐ പറഞ്ഞത്. ഇതു കുറ്റപത്രത്തിനു വിരുദ്ധമാണെന്നു പ്രോസിക്യൂട്ടര്‍ക്കു മനസിലായില്ലേ സിബിഐയുടെ ഈ ഭാഷ്യം ഡോക്ടര്‍ രാധാകൃഷ്ണനെക്കൊണ്ടു സമ്മതിപ്പിക്കുന്നതിന് അദ്ദേഹം കഠിനശ്രമം നടത്തി. ശല്യം സഹിക്കാതെ 'അങ്ങനെയും ആവാം'' എന്നു പറഞ്ഞു ഡോക്ടര്‍ സ്വാതന്ത്ര്യം നേടി.

എന്നാല്‍, ഡോക്ടര്‍ കന്തസ്വാമി (pw31) സാക്ഷിക്കൂട്ടില്‍ സിബിഐക്ക് ഊറ്റമായ പിന്തുണയേകി. കേസന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെ പങ്ക് രസകരമാണ്. അഭയയുടെ കോലം (ഡമ്മി) ഉണ്ടാക്കി പല വിധത്തില്‍ കിണറ്റിലിട്ട് അഭയയുടെ മരണം കൊലപാതകമാണെന്നു തീര്‍ച്ചപ്പെടുത്തി ഈ വിദഗ്ധന്‍. ഇത് ഏതു ശാസ്ത്രം അംഗീകരിച്ച പരീക്ഷണമാണെന്ന് അറിയില്ല. പോളക്കുളം കേസില്‍ നടത്തി പരാജയപ്പെട്ട ഒരു പരീക്ഷണമാണിത്. ഈ പരീക്ഷണം ശാസ്ത്രമോ കോടതിയോ അംഗീകരിച്ചിട്ടില്ല. അപ്പോള്‍ പിന്നെ ഡോക്ടര്‍ കന്തസ്വാമിയെ വിദഗ്ധന്‍ എന്ന് എങ്ങനെ വിളിക്കും എങ്കിലും സിബിഐക്കും വിചാരണക്കോടതിക്കും ഇദ്ദേഹം വിദഗ്ധന്‍തന്നെ.

അഭയയ്ക്കു ബോധക്ഷയം ഉണ്ടായെന്നും അവരെ വെള്ളത്തില്‍ ഇട്ടപ്പോള്‍ വെള്ളം കുടിച്ചുവെന്നും അങ്ങനെ രക്തസ്രാവംമൂലവും വെള്ളം ഉള്ളില്‍ച്ചെന്നതുമൂലവും അഭയ മരിച്ചുവെന്നും കന്തസ്വാമിക്ക് ഒരു സംശയവുമില്ല. ഇത് അദ്ദേഹത്തിന്റെ ഭാവനയില്‍ രൂപപ്പെട്ട വസ്തുതകള്‍ മാത്രം അടിസ്ഥാനമാക്കിയുള്ള വെറും ഒരു അഭിപ്രായം മാത്രമായിരുന്നിട്ടും മൃതദേഹം പരിശോധിച്ച ഡോക്ടര്‍ രാധാകൃഷ്ണന്റെ മൊഴി ചവറ്റുകൊട്ടയിലെറിഞ്ഞു മൃതദേഹം കാണുകപോലും ചെയ്യാത്ത, ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത അഭിപ്രായം പറഞ്ഞ ഡോക്ടര്‍ കന്തസ്വാമിയുടെ മൊഴി കോടതി വേദവാക്യമായി എടുത്തു. ഇതു സുപ്രീംകോടതിയുടെ വിധിയുടെ ലംഘനമാണ്.

തെളിവില്‍ സ്വീകരിക്കാവുന്ന ഏകകാര്യം അഭയയ്ക്കു മരിക്കുന്നതിനുമുന്പ് നിസാരവും ലളിതവുമായ ആറു പരിക്കുകള്‍ പറ്റിയെന്നും മരണകാരണം ഇതല്ലെന്നും വെള്ളം ഉള്ളില്‍ച്ചെന്നതാണെന്നുമുള്ള ഡോക്ടര്‍ രാധാകൃഷ്ണന്റെ മൊഴി മാത്രമാണ്.

തലയിലുണ്ടായ ചതവ് കൈക്കോടാലി പോലത്തെ ഒരായുധംകൊണ്ട് ഉണ്ടാക്കിയതാണെന്നാണു സിബിഐയുടെ ഭാഷ്യം. കൈക്കോടാലിയുടെ പിടികൊണ്ട് അടിച്ചാണ് ഈ പരിക്കുണ്ടാക്കിയതെന്ന് തെളിവില്‍ വരുത്താന്‍ സിബിഐ ശ്രമിച്ചു.

ആ കൈക്കോടാലി എവിടെപ്പോയി?

ഒന്നാമതായി, കൈക്കോടാലി എന്താണെന്ന് അറിയാവുന്ന ആരും ഇത് അംഗീകരിക്കില്ല. കൈക്കോടാലിയുടെ കൈയുടെ നീളം ഒരടിയാണ്, അങ്ങേയറ്റം. ഭാരം മുഴുവന്‍ അതിന്റെ തലയ്ക്കാണ്. തലയില്‍പിടിച്ച് കൈകൊണ്ടു തലയ്ക്കടിച്ച് പരിക്കേല്പിക്കാന്‍ പ്രായോഗികമായി ബുദ്ധിമുട്ടാണ്. രണ്ടാമതായി കൊല്ലാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ അങ്ങനെ ചെയ്തുവെന്നതു സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. മൂന്നാമതായി സിബിഐ പരാമര്‍ശിക്കുന്ന ആയുധം കോടതിയില്‍ ഹാജരാക്കിയിട്ടില്ല.

ഡോക്ടര്‍ രാധാകൃഷ്ണനെ ഒരായുധം കാണിച്ചിരുന്നുവെന്നു തെളിവിലുണ്ട്. കൈക്കോടാലി പോലുള്ളതെന്തോ ആണ് കാണിച്ചതെന്നാണു ഡോക്ടറുടെ മൊഴി. ദീര്‍ഘകാലത്തെ പ്രവൃത്തിപരിചയമുള്ള ഈ പോലീസ് സര്‍ജന് കൈക്കോടാലി കണ്ടാല്‍ തിരിച്ചറിയില്ലെന്നു വിചാരിക്കാന്‍ ന്യായമില്ല. അപ്പോള്‍ അദ്ദേഹത്തെ കാണിച്ചത് കൈക്കോടാലി അല്ല; മറ്റെന്തോ ആണ്. അതെവിടെപ്പോയി?

ഒരായുധം കാണിച്ച് വിദഗ്ധന്റെ അഭിപ്രായം തേടിയശേഷം അതു കോടതിയില്‍ ഹാജരാക്കാതെ അദ്ദേഹത്തിലൂടെ അത് തെളിയിക്കാന്‍ ശ്രമിച്ച സിബിഐയുടെയും പ്രോസിക്യൂട്ടറുടെയും പാഴ്വേല ഓര്‍ത്താല്‍ കോടതിയില്‍പോയിട്ടുള്ള ആരും ചിരിച്ചുപോവും. എന്തുപറ്റി സിബിഐയ്ക്ക്?

അഭയയുടെ ശരീരത്തു കണ്ട പരിക്കുകളെല്ലാം പിന്‍ഭാഗത്താണ്. കിണറ്റില്‍ വീഴുന്‌പോള്‍ ഉണ്ടാകാവുന്ന പരിക്കുകള്‍ എന്നാണ് ഡോക്ടര്‍ രാധാകൃഷ്ണന്റെ അഭിപ്രായം. എന്നാല്‍, ഡോക്ടര്‍ കന്തസ്വാമി പറഞ്ഞതുപോലെ തലയിലെ ചതവ് ആയുധം കൊണ്ടടിച്ചപ്പോള്‍ ഉണ്ടായതാണെന്നും അതും മരണകാരണമായെന്നും വെറുതെ സങ്കല്പിക്കുക. അതു പ്രതികള്‍ ഉണ്ടാക്കിയതാണെന്ന് സിബിഐ തെളിയിക്കേണ്ടേ സിബിഐ ഇതിനു തെളിവ് പേരിനുപോലും ഹാജരാക്കിയിട്ടില്ല; അതിനു മുതിര്‍ന്നുമില്ല. അപ്പോള്‍പിന്നെ പ്രതികളെ അഭയയുടെ മരണവുമായി എങ്ങനെ ബന്ധപ്പെടുത്തി അതു പരിശോധിക്കാം.

സിബിഐ ഭാഷ്യം സാക്ഷി നിഷേധിച്ചു ‍

ഒന്നാംപ്രതി വൈദികനെ അഭയയുടെ മരണവുമായി ബന്ധപ്പെടുത്താന്‍ സിബിഐ മുന്നോട്ടുവച്ചതു രണ്ടു സാഹചര്യങ്ങളാണ്. ഒന്ന്, സംഭവദിവസം രാത്രിയില്‍ 12നും 12.30നുമിടയില്‍ അദ്ദേഹത്തിന്റെ സ്‌കൂട്ടര്‍ ഹോസ്റ്റലിനടുത്തു കണ്ടുവെന്നും പുലര്‍ച്ചെ നാലിനടുത്ത് അദ്ദേഹം ഹോസ്റ്റലിന്റെ അഞ്ചാംനിലയില്‍ നില്‍ക്കുന്നതു കണ്ടുവെന്നുമാണ്. രണ്ട്, അദ്ദേഹം മൂന്നാംപ്രതി കന്യാസ്ത്രീയുമായി അവിഹിതബന്ധത്തില്‍ കഴിഞ്ഞിരുന്നുവെന്ന് ഒരു സാക്ഷിയോടു സമ്മതിച്ചു. ഈ രണ്ടു സാഹചര്യങ്ങളും തെളിയിക്കപ്പെട്ടു എന്നു വിചാരിച്ചാല്‍തന്നെ അവ വൈദികന് അഭയയുടെ മരണവുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ മതിയായ തെളിവല്ലെന്നു മനസിലാക്കാന്‍ വലിയ ബുദ്ധി വേണ്ട.

ഒന്നാംപ്രതി വൈദികന്റെ സ്‌കൂട്ടര്‍ ഹോസ്റ്റലിനോടു ചേര്‍ന്നു കണ്ടുവെന്നു തെളിയിക്കാന്‍ സിബിഐ വിസ്തരിച്ച ഏകസാക്ഷി സഞ്ജു മാത്യു ആണ്. സംഭവദിവസം രാത്രി പാതിരായ്ക്കടുത്ത് ഒന്നാംപ്രതിയുടെ സ്‌കൂട്ടര്‍ ഹോസ്റ്റലിനോടു ചേര്‍ന്നു കണ്ടുവെന്ന സിബിഐ ഭാഷ്യം ഈ സാക്ഷി നിഷേധിച്ചു. അതോടെ ആ ഭാഗം അവസാനിച്ചു.

സംഭവസമയം ഒന്നാംപ്രതിയെ ഹോസ്റ്റലിന്റെ ടെറസില്‍ കണ്ടുവെന്നു തെളിയിക്കാന്‍ സിബിഐ ആശ്രയിച്ച തെളിവ് ഇപ്പോള്‍ ഏവര്‍ക്കും സുപരിചിതനായ അടയ്ക്കാരാജു (p3)വിന്റെ മൊഴി മാത്രം. ഒന്നാംപ്രതി വൈദികന്‍ അഞ്ചുനില കെട്ടിടത്തിന്റെ ടെറസില്‍ ടോര്‍ച്ചുതെളിച്ച് പരിസരം നിരീക്ഷിക്കുന്നതു കണ്ടുവെന്നും അഞ്ചുമണിവരെ വൈദികന്‍ ഹോസ്റ്റലിനു വെളിയില്‍ പോകുന്നതു കണ്ടില്ലെന്നുമാണ് സിബിഐ ഇയാളിലൂടെ തെളിയിക്കാന്‍ ശ്രമിച്ചത്. ആരാണ് ഈ സാക്ഷി പന്ത്രണ്ടാം വയസില്‍ സഹോദരന്റെ മത്സ്യം മോഷ്ടിച്ചു മോഷണജീവിതം ആരംഭിച്ച ഇയാള്‍ സംഭവദിവസംവരെയെങ്കിലും അതു തുടര്‍ന്നു. സംഭവദിവസം ഇയാള്‍ ഹോസ്റ്റലില്‍ വന്നതായി പറയുന്നതു മോഷ്ടിക്കാനെന്നാണ്. ഇയാളെ വിശുദ്ധനും വിശ്വസ്തനും സത്യസന്ധനുമായാണു വിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്, തെളിവുമുഴുവന്‍ മറിച്ചാണെങ്കിലും.

അടയ്ക്കാരാജു പറഞ്ഞത് ‍

ഒന്നാംപ്രതി വൈദികനെ അഞ്ചുനില കെട്ടിടത്തിന്റെ ടെറസില്‍ ഇയാള്‍ കണ്ടുവെന്ന മൊഴി കോടതിക്ക് എങ്ങനെ സ്വീകാര്യമായി തോന്നി എന്നു നോക്കാം. ഹോസ്റ്റലിന്റെ പിന്‍ഭാഗത്തു മതിലിനോടു ചേര്‍ന്ന് തൊട്ടയല്‍വസ്തുവില്‍ ഒരു കൊക്കോമരം ഉണ്ട്. അതിനടുത്ത് ഹോസ്റ്റല്‍ വസ്തുവില്‍ മരങ്ങള്‍ വളര്‍ന്നുനിന്നിരുവെന്നു രാജു മൊഴി നല്‍കി. സാക്ഷി വൈദികനെ കണ്ടുവെന്നു പറയുന്ന സമയം അയാള്‍ എവിടെ നിന്നിരുന്നു! അയല്‍വസ്തുവില്‍ കൊക്കോയുടെ അടുത്ത് മതിലിനോടു ചേര്‍ന്നു നിന്നിരുന്നതായാണു മൊഴി. ഇയാള്‍ക്കു കൊക്കോയില്‍ കയറാന്‍പോലും പറ്റിയില്ലെന്നു കോടതിയില്‍ പറഞ്ഞു. (പേജ് 22)

അവിടെ നിന്നുകൊണ്ട് ഇയാള്‍ക്ക് അഞ്ചുനില കെട്ടിടത്തിന്റെ ടെറസില്‍ ടോര്‍ച്ച് അടിച്ചുനിന്നതായി പറയുന്ന വൈദികനെ കാണാന്‍ സാധിക്കുമായിരുന്നോ! സാക്ഷിതന്നെ പറഞ്ഞു: 'ആരും കാണാതിരിക്കാന്‍ ഞാന്‍ അങ്ങനെ നില്‍ക്കുകയായിരുന്നു. ടെറസില്‍ നില്‍ക്കുന്നവരെ കാണാന്‍ പറ്റില്ല. പക്ഷേ, വെട്ടം കാണാം.'' (പേജ് 21). ക്രോസ് വിസ്താരത്തിനുശേഷമുള്ള പ്രോസിക്യൂട്ടറുടെ വീണ്ടും വിസ്താരത്തില്‍ (റീ എക്‌സാമിനേഷന്‍) സാക്ഷി ഇതു വീണ്ടും ആവര്‍ത്തിച്ചു. ഈ ചോദ്യം നിയമവിരുദ്ധമായിരുന്നിട്ടും ചോദിച്ചപ്പോളായിരുന്നു അത്. അപ്പോള്‍ ബഹുമാന്യനായ പ്രോസിക്യൂട്ടര്‍ ഇന്ത്യന്‍ തെളിവുനിയമത്തിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ലംഘിച്ച് ഒരു കാര്യം ചോദിച്ചുവരുത്തി: മാറിനിന്നാല്‍ കാണാന്‍ കഴിയും എന്ന്. പ്രോസിക്യൂട്ടര്‍ വീണ്ടും ചോദിച്ചു: നിങ്ങള്‍ അങ്ങനെ മാറിനിന്ന് നോക്കിയോ സാക്ഷി പറഞ്ഞു: 'നോക്കി.'' പ്രോസിക്യൂട്ടര്‍ക്കു നിയമലംഘനം നടത്താന്‍ കോടതി തടസമായില്ല.

ഇങ്ങനെ വസ്തുതകള്‍ ചോദിച്ചുവരുത്തുന്നതു പ്രോസിക്യൂഷന്‍ കേസ് തള്ളുന്നതിനു മതിയായ കാരണമാണെന്നു വര്‍ക്കി ജോസഫിന്റെ കേസില്‍ ( (AIR 1993 S.C. 1892) സുപ്രീം കോടതി പറഞ്ഞത് അറിയാമായിരുന്ന പ്രതിഭാഗം അഭിഭാഷകര്‍ അതിനെ എതിര്‍ക്കാതിരുന്നത് അവരുടെ കക്ഷികള്‍ക്ക് അതുകൊണ്ടു കിട്ടുന്ന വലിയ പ്രയോജനം മനസിലാക്കിയിട്ടുതന്നെയാവണം. അങ്ങനെ പ്രോസിക്യൂട്ടര്‍ ചോദിച്ചിട്ടുപോലും എന്തോ കാരണത്താല്‍ സാക്ഷിക്കു സംഗതി പിടികിട്ടാതിരുന്നതുമൂലം അയാള്‍ പ്രോസിക്യൂട്ടര്‍ കിട്ടാന്‍ ആഗ്രഹിച്ച ഉത്തരം പറഞ്ഞില്ല. അതായത് വൈദികനെ ടെറസില്‍ കണ്ടുവെന്ന്!

ഇക്കാര്യത്തില്‍ മൊഴി വിശകലനം ചെയ്യാതെതന്നെ ഒരു തീരുമാനത്തിലെത്താനും സാമാന്യബുദ്ധി ഉണ്ടെങ്കില്‍ മതി. മുകളില്‍ പറഞ്ഞ സാഹചര്യത്തില്‍ ടോര്‍ച്ചടിച്ചാല്‍ താഴെനില്‍ക്കുന്നയാള്‍ക്കു മുകളില്‍നിന്ന് ടോര്‍ച്ച് അടിക്കുന്ന ആളെ കാണാന്‍ പറ്റുമോ അതിനു മുന്‌പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ തിരിച്ചറിയാന്‍ പറ്റുമോ മുകളില്‍നിന്നു ടോര്‍ച്ച് അടിക്കുന്ന ആള്‍ക്ക് ആര്‍ക്കുനേരേ ടോര്‍ച്ച് അടിക്കുന്നുവോ (ആരുടെ മുഖത്ത് വെളിച്ചം വീഴുന്നുവോ) അയാളെ കാണാന്‍ സാധിക്കും. മറിച്ച് സാധിക്കില്ല. ടോര്‍ച്ച് അടിക്കുന്നയാള്‍ ഇരുട്ടിലായിരിക്കും. അല്ലെങ്കില്‍ അയാള്‍ ടോര്‍ച്ച് തിരിച്ചുപിടിച്ചു തന്റെ നേരെ തെളിക്കണം. സാമാന്യബുദ്ധിക്കും ശാസ്ത്രത്തിനും ചേരാത്ത തെളിവുമായി സിബിഐ ഞെട്ടിച്ചിരിക്കുന്നു.

(തുടരും)

ജസ്റ്റീസ് ഏബ്രഹാം മാത്യു ‍

(ന്യായാധിപനെന്ന നിലയില്‍ 30 വര്‍ഷത്തെ അനുഭവസന്പത്തുള്ള ലേഖകന്‍ ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി, കേരളാ ജുഡീഷല്‍ അക്കാഡമി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.)

കടപ്പാട്: ദീപിക ‍

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »