News - 2025

ഐ‌എസ് തകര്‍ത്ത ഇറാഖിലെ ദേവാലയത്തിന് മുകളില്‍ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം സ്ഥാപിച്ചു

പ്രവാചക ശബ്ദം 16-01-2021 - Saturday

ക്വാരഘോഷ്: വടക്കന്‍ ഇറാഖിലെ നിനവേ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യന്‍ പട്ടണമായ ക്വാരഘോഷില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശ കാലത്ത് തകര്‍ക്കപ്പെട്ട വിര്‍ജിന്‍ മേരി സിറിയന്‍ കത്തോലിക്കാ ദേവാലയത്തിന്റെ മണിമാളികക്ക് മുകളില്‍ പരിശുദ്ധ കന്യകാ മാതാവിന്റെ രൂപം സ്ഥാപിച്ചു. പ്രാദേശിക ക്രിസ്ത്യന്‍ കലാകാരനും വിശ്വാസിയുമായ തബിത് മൈക്കല്‍ എന്ന ശില്‍പ്പിയാണ് മാതാവിന്റെ മനോഹരമായ രൂപം നിര്‍മ്മിച്ചു സ്ഥാപിച്ചത്. ബാഗ്ദാദിലെ നിത്യസഹായ മാതാവിന്റെ രൂപവും ഇദ്ദേഹമാണ് ഉണ്ടാക്കിയത്. പ്രാദേശിക ക്രിസ്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് വിര്‍ജിന്‍ മേരി ദേവാലയം. നിനവേ മേഖലയിലെ ഏറ്റവും വലിയ ദേവാലയ മണിമാളികയാണ് ദേവാലയത്തിന്റേത്.

2014 ഓഗസ്റ്റില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശം തുടങ്ങിയതുമുതല്‍ ദേവാലയവും ഇതിലെ ക്രിസ്തീയ അടയാളങ്ങളും തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയിരിന്നു. അധിനിവേശത്തിനു ശേഷം പ്രാദേശിക സമൂഹത്തിന്റെ സഹായത്തോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ദേവാലയം പുനര്‍നിര്‍മ്മിക്കുകയാണ് ഉണ്ടായത്. പഴയ മണിമാളികയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നതെന്നു ഇടവക വികാരിയായ ഫാ. പോള്‍ തബിത് മേക്കോ പറഞ്ഞു. ദേവാലയം അമലോത്ഭവ മാതാവിന് സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണെന്നും രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാരംലസില്‍ ചെയ്തതു പോലെ മാതാവിന്റെ ഒരു രൂപം ഈ മണിമാളികയുടെ മുകളിലും സ്ഥാപിക്കുവാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നെന്നും, ഫാ. പോള്‍ പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശ കാലത്ത് പതിനായിരകണക്കിന് ക്രൈസ്തവരാണ് നിനവേ മേഖല വിട്ട് പലായനം ചെയ്തത്. രണ്ടു വര്‍ഷത്തെ അധിനിവേശത്തിനു ശേഷം 2016-ലാണ് ക്വാരഘോഷ് ജിഹാദികളില്‍ നിന്നും മോചിപ്പിക്കപ്പെട്ടത്. ഇസ്ലാമിക അധിനിവേശം അവസാനിച്ചുവെങ്കിലും പലായനം ചെയ്ത ക്രൈസ്തവരില്‍ നല്ലൊരു ശതമാനം ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. പലായനം ചെയ്തവരെ മടക്കികൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് സഭയും ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകളും. ഇതിനിടയിലും ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിസ്ത്യന്‍ സമൂഹം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 616