News - 2025
ആഭ്യന്തര സംഘര്‍ഷത്തിനിടെ എത്യോപ്യയില്‍ 750 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്
പ്രവാചക ശബ്ദം 15-01-2021 - Friday
ആഡിസ് അബാബ: കിഴക്കേ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയില്‍ ആഭ്യന്തരയുദ്ധത്തിനിടെ സര്‍ക്കാര്‍ സേന 750 ക്രൈസ്തവരെ പള്ളിയില്‍ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 15നു ഫെഡറല്‍ സേനയും ടിഗ്രെയ് പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള സേനയും തമ്മിലുള്ള യുദ്ധം മൂര്‍ച്ഛിച്ചിരിക്കേയാണ് കൂട്ടക്കൊല നടന്നതെന്ന് വിലയിരുത്തപ്പെടുന്നു. ടിഗ്രെയിലെ അക്സും നഗരത്തിലുള്ള ഔര്‍ ലേഡി മേരി ഓഫ് സയണ്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ അഭയം തേടിയിരുന്ന വിശ്വാസികളാണ് ആക്രമിക്കപ്പെട്ടതെന്നു ബെല്‍ജിയന്‍ സംഘടനയായ യൂറോപ്പ് എക്സ്റ്റേണല്‍ പ്രോഗ്രാം വിത്ത് ആഫ്രിക്ക (ഇഇപിഎ) റിപ്പോര്‍ട്ട് ചെയ്തു. ടിഗ്രെയ് മേഖലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നിരോധനമുള്ളതിനാലാണു സംഭവം പുറത്തുവരാന്‍ വൈകിയത്.
ഫെഡറല്‍ സേന പള്ളിയെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈബിളില്‍ പരാമര്‍ശിക്കുന്ന ഉടമ്പടി പേടകം പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണു വിശ്വാസം. പേടകം എടുക്കാനാണു പട്ടാളക്കാര്‍ വന്നതെന്ന സംശയത്തില്‍ വിശ്വാസികള്‍ പ്രശ്നമുണ്ടാക്കി. പള്ളിയിലും പരിസരത്തുമായി ആയിരത്തോളം പേരുണ്ടായിരുന്നു. തുടര്‍ന്ന് പട്ടാളക്കാര്‍ ജനങ്ങളെ നിര്‍ബന്ധിച്ചു മുറ്റത്തിറക്കി വെടിയുതിര്‍ക്കുകയായിരുന്നു. കൂട്ടക്കൊലയില്‍നിന്നു രക്ഷപ്പെട്ടവര്‍ 200 കിലോമീറ്ററിലേറെ നടന്ന് പ്രവിശ്യാ തലസ്ഥാനമായ മെക്കെല്ലെയില്‍ എത്തിയാണ് വിവരം അറിയിച്ചത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ രാജ്യങ്ങളില്‍ മുപ്പത്തിയാറാം സ്ഥാനത്താണ് എത്യോപ്യ.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക