News - 2025
അനിശ്ചിതത്വത്തിലായ സെമിനാരി വിദ്യാര്‍ത്ഥികളെ ആത്മീയമായി ദത്തെടുക്കാന്‍ അര്‍ജന്റീനയിലെ വനിതകള്‍
പ്രവാചക ശബ്ദം 13-01-2021 - Wednesday
സാന്‍ റാഫേല്‍, അര്‍ജന്റീന: കോവിഡ് പകര്‍ച്ചവ്യാധിയുടെയും ഇതര കാരണങ്ങളുടെയും പശ്ചാത്തലത്തില്‍ അര്‍ജന്റീനയിലെ സാന്‍ റാഫേല്‍ രൂപതയിലെ ‘സാന്റാ മരിയ മാഡ്രെ ഡി ഡിയോസ് സെമിനാരി’ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന്‍ ഭാവി അനിശ്ചിതത്വത്തിലായ ഇരുപതിലധികം വൈദിക വിദ്യാര്‍ത്ഥികളെ ആത്മീയമായി ദത്തെടുക്കുന്നതിനുള്ള പദ്ധതിയുമായി കത്തോലിക്കാ വനിതകള്‍ രംഗത്ത്. ‘മാഡ്രെസ് ഡെല്‍ പാനുയലോ സെലസ്റ്റെ’ (നീല സ്കാര്‍ഫിന്റെ അമ്മമാര്‍) എന്ന അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രചാരണ പരിപാടിക്ക് തന്നെ ഇവര്‍ രൂപം കൊടുത്തിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം ആവശ്യമാണെന്നു സംഘത്തില്‍ ഉള്‍പ്പെട്ട വനിതകള്‍ പറയുന്നു. രണ്ടു മാര്‍ഗ്ഗങ്ങളിലൂടെ സെമിനാരി വിദ്യാര്‍ത്ഥികളുടെ ആത്മീയ ദത്തെടുക്കലില്‍ പങ്കാളികളാകാമെന്ന്‍ വനിതാ സംഘം എ.സി.ഐ പ്രസ്നാക്ക് അയച്ച പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. സെമിനാരി വിദ്യാര്‍ത്ഥിയെ ആത്മീയമായി ദത്തെടുക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയോ കുടുംബമോ ഫോണിലൂടേയോ, വാട്ട്സാപ്പ് മെസ്സേജിലൂടേയോ ബന്ധപ്പെടുകയാണ് വേണ്ടത്.
ഒരു സെമിനാരി വിദ്യാര്‍ത്ഥിയെ അവര്‍ക്കായി നിശ്ചയിക്കുകയും, അവര്‍ സെമിനാരി വിദ്യാര്‍ത്ഥിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും സെമിനാരി വിദ്യാര്‍ത്ഥി തിരിച്ച് തന്നെ ദത്തെടുത്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നേരിട്ടുള്ള ദത്തെടുക്കലാണ് ഒന്നാമത്തെ മാര്‍ഗ്ഗം. അമേരിക്കയില്‍ ഉത്ഭവിച്ച ‘സെവന്‍ സിസ്റ്റേഴ്സ്’ എന്ന പ്രസ്ഥാനത്തില്‍ ഭാഗമാകുകയാണ് രണ്ടാമത്തെ മാര്‍ഗ്ഗം.
ഇതനുസരിച്ച് ഏഴു പേരടങ്ങിയ ഒരു വനിതാ സംഘത്തിലെ ഓരോരുത്തരായി ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതം തങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട സെമിനാരി വിദ്യാര്‍ത്ഥിക്കായി ദിവ്യകാരുണ്യ ആരാധന നടത്തുന്നതാണ്. തങ്ങളുടെ ദൈവ നിയോഗം പൂര്‍ത്തിയാക്കുവാനുതകുന്ന മാര്‍ഗത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സെമിനാരി വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നു വനിതാ സംഘം പറയുന്നു.
സാന്‍ റാഫേല്‍ മെത്രാന്‍ ജോസ് മരിയ ടൌസ്സിഗ്, സാന്റാ മരിയ മാഡ്രെ ഡി ഡിയോസ് സെമിനാരി 2020 അവസാനത്തോടെ അടച്ചു പൂട്ടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരിന്നു. നേരത്തെ കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ദിവ്യകാരുണ്യം നാവില്‍ കൊടുക്കുന്നതിനു പകരം കയ്യില്‍ കൊടുക്കണമെന്ന ബിഷപ്പ് ജോസ് മരിയ ടൌസ്സിന്റെ നിര്‍ദ്ദേശം വിവാദമായിരുന്നു. തങ്ങളുടെ പാരമ്പര്യത്തിനു വിരുദ്ധമായ ഈ നിര്‍ദ്ദേശത്തെ സെമിനാരിയിലെ ഫോര്‍മേഷന്‍ ടീം എതിര്‍ത്തിരുന്നു എന്നാണു പുറത്തുവരുന്ന വിവരം.
സെമിനാരി വിദ്യാര്‍ത്ഥികളെ വിവിധ രൂപതകളിലേക്ക് മാറ്റുമെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നുവെങ്കിലും, ബദല്‍ മാര്‍ഗ്ഗമൊന്നും കണ്ടെത്താതെ രാജ്യത്തെ പ്രമുഖ സെമിനാരി അടച്ചുപൂട്ടുകയും സെമിനാരി വിദ്യാര്‍ത്ഥികളെ സ്വന്തം കുടുംബങ്ങളിലേക്ക് മടക്കി അയക്കുകയും ചെയ്തതാണ് വനിതാ സംഘത്തെ ഈ ആത്മീയ ദത്തെടുക്കലിന് പ്രേരിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക