News - 2025
സിബിഐ എന്താണ് ചെയ്തത്? | അഭയാ കേസ് വിധിയിലെ പാകപ്പിഴകള്‍ 4 | ജസ്റ്റീസ് ഏബ്രഹാം മാത്യു
ജസ്റ്റീസ് ഏബ്രഹാം മാത്യു 16-01-2021 - Saturday
ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ സാഹചര്യം, സിബിഐ തെളിയിക്കാന്‍ ശ്രമിച്ചതും വിധിയില്‍ മൂന്നാംപ്രതി കന്യാസ്ത്രീക്കെതിരെ അടിസ്ഥാനമാക്കിയിട്ടുള്ളതും. അത് ഇതാണ്: സിബിഐ അറസ്റ്റു ചെയ്യുന്നതിനു തൊട്ടുമുന്പ് (2008ല്‍) അവര്‍ കന്യാചര്‍മം വച്ചുപിടിപ്പിച്ചതായി തെളിവില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഈ വിധി മാത്രം വായിച്ചപ്പോള്‍ എനിക്കും തോന്നി തീയില്ലാതെ പുകയുണ്ടാവുകയില്ലല്ലോ എന്ന്. അതാണ് ഈ കണ്ടെത്തലിന്റെ പ്രാധാന്യം. ഒന്നാമതായി ഇത് എങ്ങനെ അഭയയുടെ മരണവുമായി കന്യാസ്ത്രീക്കു ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ ഉതകും ഉതകില്ല.
മൂന്നാംപ്രതിയുടെ അറസ്റ്റിനുശേഷം അവരെ കന്യാത്വ പരിശോധനയ്ക്കു വിധേയയാക്കി. ഇതു കാടത്തം മാത്രമല്ല, ധാര്‍മികമായും നിയമപരമായും തെറ്റുമാണ്. ഭരണഘടന അനുവദിക്കുന്നതല്ല; സ്ത്രീയെ അപമാനിക്കലാണ്. എന്നിട്ടും സിബിഐ അതു ചെയ്തു. അതു ചെയ്തത് ആലപ്പുഴ മെഡിക്കല്‍ കോളജിലെ അന്നത്തെ ഫോറന്‍സിക് സയന്‍സ് വിദഗ്ധയായിരുന്ന ഡോ. രമയും (pw 29) ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനും (pw19) ആയിരുന്നു. അവരുടെ രണ്ടു റിപ്പോര്‍ട്ടുകള്‍ (pw48 ഉം pw80ഉം) കോടതി തെളിവിന്റെ ഭാഗമാക്കി. ഈ ഡോക്ടര്‍മാരുടെ മൊഴിയിലും റിപ്പോര്‍ട്ടിലും മൂന്നാം പ്രതിയില്‍ കന്യാചര്‍മം ഉള്ളതായി പറഞ്ഞിട്ടുണ്ട്. അതു സിബിഐയും സമ്മതിക്കുന്നു. അപ്പോള്‍ അതു വച്ചുപിടിപ്പിച്ചെന്നു സിബിഐ തെളിയിച്ചില്ലെങ്കില്‍ അവര്‍ ഇപ്പോഴും കന്യകയാണെന്നര്‍ഥം. സിബിഐ അതു തെളിയിച്ചോ, വിധിയില്‍ പറയുന്നതുപോലെ നോക്കാം.
ഒരു പരിശോധന, രണ്ടു റിപ്പോര്‍ട്ട്
കന്യാത്വ പരിശോധന സംബന്ധിച്ചു ഡോക്ടര്‍മാര്‍ രണ്ടു റിപ്പോര്‍ട്ട് ഹാജരാക്കി. ഇവ pw48 ഉം pw80 ഉം ആയി കോടതി അക്കമിട്ടു. pw48ല്‍ കൃത്യമായി പറയുന്നു മൂന്നാം പ്രതിയെ പരിശോധിച്ചത് 25ാം തീയതി എന്ന്. ഡോക്ടര്‍മാര്‍ ഒപ്പിടുന്നിടത്തു തീയതി വച്ചിട്ടില്ല. pw48ലെ തീയതിയും 25 ആണ്. പക്ഷേ, ഒപ്പിനടുത്ത് 26 എന്ന തീയതി രണ്ടുപേരും വച്ചിരുന്നു. ഡോക്ടര്‍ രമ പറഞ്ഞു കന്യാസ്ത്രീയെ 25ഉം 26ഉം തീയതികളില്‍ പരിശോധിച്ചുവെന്ന്. ഇതു കളവാണ്.
രണ്ടു റിപ്പോര്‍ട്ടുകളിലും 25ാം തീയതി മാത്രം പരിശോധിച്ചതായേ കാണുന്നുള്ളു. ഡോക്ടര്‍ ലളിതാംബിക പറഞ്ഞത് 26ാം തീയതി റിപ്പോര്‍ട്ട് കൊടുത്തു എന്നു മാത്രമാണ്. എന്തിന് രണ്ടു റിപ്പോര്‍ട്ട് തയാറാക്കി, ഒരു പ്രാവശ്യത്തെ പരിശോധനയ്ക്ക് കാരണമുണ്ട്. ആദ്യ റിപ്പോര്‍ട്ടില്‍ (pw48) കന്യാചര്‍മം അതുപോലെ കാണുന്നു എന്നു രേഖപ്പെടുത്തിയിരുന്നു. സിബിഐ ആവശ്യപ്പെട്ടതിന്റെ ഉത്തരം അതില്‍ ഉണ്ട്. പിന്നെ എന്തുകൊണ്ട് 26ാം തീയതിവച്ച് മറ്റൊരെണ്ണം കൊടുത്തു അതിലാണ് മൂന്നാംപ്രതിയില്‍ കണ്ട ഉണങ്ങിയ പാട് ഉണ്ടായത് ശസ്ത്രക്രിയമൂലം ആയിരുന്നേക്കാം എന്ന അഭിപ്രായമുള്ളത്. ആദ്യ റിപ്പോര്‍ട്ടിന്റെ അപകടം മനസിലാക്കിയ സിബിഐ, ഡോക്ടര്‍മാരെക്കൊണ്ടു രണ്ടാമത്തേത് എഴുതിച്ചുവാങ്ങി എന്നുള്ള പ്രതിഭാഗം വാദം തള്ളിക്കളയാനാവില്ല. ഇതൊന്നും കോടതി പരിശോധിച്ചതേയില്ല.
പരിശോധനയില്‍ കന്യാസ്ത്രീയില്‍ മുറിവിന്റെ ഒരു ഉണങ്ങിയ പാട് കണ്ടുവെന്നു ഡോക്ടര്‍മാര്‍ തെളിവുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അത് എന്തുകൊണ്ട് ഉണ്ടാവാമെന്നു ഡോ. ലളിതാംബികയോടു ക്രോസ് വിസ്താരത്തില്‍ ചോദിച്ചപ്പോഴുണ്ടായ മറുപടി പല കാരണങ്ങള്‍ കൊണ്ടുമാവാം എന്നാണ്. നഖക്ഷതം കൊണ്ടുപോലും അത് ഉണ്ടാവാം എന്നതു ഡോക്ടര്‍ നിഷേധിച്ചില്ല (പേജ് നാല്). അതു ശസ്ത്രക്രിയ കൊണ്ടാണോ എന്നറിയില്ല എന്നായിരുന്നു അവരുടെ അഭിപ്രായമെന്ന് ആദ്യത്തെ റിപ്പോര്‍ട്ടില്‍ (pw80) നിന്നു കാണാം.
പ്രതിയെ കുടുക്കാന്‍ ചെയ്തതോ
സര്‍ജറി എന്നതിനു മുന്പ് ഒരു ചോദ്യചിഹ്നം ഇട്ടിരിക്കുന്നു. ഇതുസംബന്ധിച്ച് ഡോ. രമയുടെ മൊഴിയുമുണ്ട്. എന്നിട്ടും അതു ശസ്ത്രക്രിയകൊണ്ട് ആയിരുന്നോ എന്നും അതുമൂലം ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്ടോ എന്നും പറയാനാവില്ലെന്ന് എഴുതാന്‍ കാരണം എന്ത്! ഡോ. രമ പറഞ്ഞു, മുറിവുണങ്ങിയ പാട് നല്‍കുന്ന സൂചന കന്യാസ്ത്രീ ലൈംഗിക ബന്ധം നടത്തി എന്നതാണെന്ന്. വിഡ്ഢിത്തം പറയുന്നതിന് അതിരുവേണ്ടേ ഇത് അവരുടെ തന്നെ അഭിപ്രായത്തിനു വിരുദ്ധമാണ്. ശസ്ത്രക്രിയ നടത്തിയിരുന്നോ എന്ന് ആരും ചോദിക്കാതെ ഈ ഡോക്ടര്‍മാര്‍ എങ്ങനെ അതെഴുതാന്‍ ഇടയായി.
കന്യാചര്‍മം പുനര്‍സൃഷ്ടിക്കുന്ന ശസ്ത്രക്രിയ എന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്നു പറഞ്ഞു രക്ഷപ്പെടാന്‍ അവര്‍ക്കു സാധിക്കില്ല. ലൈംഗികബന്ധം പുലര്‍ത്തിയോ എന്നു പറയുന്നതിനുള്ള തടസമായി നില്ക്കുന്നത് ഒരു ശസ്ത്രക്രിയ നടത്തി കന്യാചര്‍മം ഉണ്ടാക്കിയതാണെന്ന ധ്വനിയാണ് ഇവരുടെ അഭിപ്രായം നല്‍കുന്നത്. ഒരു ശസ്ത്രക്രിയ നടത്തിയോ എന്നു പോലും പറയാന്‍ സാധിക്കാത്ത ഇവര്‍ എന്തിനിങ്ങനെ എഴുതി! പ്രതിയെ കുടുക്കാന്‍ മനഃപൂര്‍വം ചെയ്തതാണെന്നു വിചാരിച്ചാല്‍ തെറ്റുപറയാന്‍ പറ്റുമോ?.
ഇതു തൊഴില്‍ധര്‍മം അല്ല. കന്യാസ്ത്രീയില്‍ കണ്ടതെന്നു പറയുന്ന പാട് പുതിയതാണോ പഴയതാണോ എന്നു രേഖപ്പെടുത്തിയിട്ടില്ല. ഇത് അസാധാരണമാണ്. സാധാരണ ഡോക്ടര്‍മാര്‍ അങ്ങനെ പറയും. പാട് കണ്ടാല്‍ അതു പറയാന്‍ സാധിക്കും എന്നു ഡോ. രമ പറഞ്ഞു. എന്നിട്ടും എന്തുകൊണ്ടവര്‍ പറഞ്ഞില്ല റിപ്പോര്‍ട്ടിലെ വിവരണം വച്ച് അത് ഇനി പറയാനാവില്ലെന്ന് അവര്‍ സമ്മതിച്ചു. എന്നിട്ടും അവര്‍ ശസ്ത്രക്രിയ ചെയ്തത് സിബിഐ അവരെ അറസ്റ്റു ചെയ്തതിനു തൊട്ടുമുന്പാണെന്ന് ഒരടിസ്ഥാനവുമില്ലാതെ വിധിയില്‍ എഴുതിച്ചേര്‍ത്തു (ഖണ്ഡിക 224).
അവര്‍ ഹൈമനോപ്ലാസ്റ്റി വിദഗ്ധരല്ല
ഇന്ത്യന്‍ തെളിവുനിയമമനുസരിച്ച് ഒരു വിദഗ്ധനുമാത്രമേ കോടതിയില്‍ അഭിപ്രായം പറയാന്‍ അനുവാദമുള്ളൂ. അത് ഏതെങ്കിലും വിഷയത്തിലല്ല, പ്രതിപാദ്യവിഷയത്തിലായിരിക്കണം. ഡോ. രമയും ഡോ. ലളിതാംബിക കരുണാകരനും ഹൈമനോപ്ലാസ്റ്റിയില്‍ വിദഗ്ധരാണോ ഡോ. രമ കോടതിയില്‍ പറഞ്ഞു ശസ്ത്രക്രിയയുടെ പേരുപോലും പറയാന്‍ പറ്റില്ലെന്ന് (പേജ് 31). എന്നിട്ടും അവര്‍ റിപ്പോര്‍ട്ടില്‍ ഒപ്പിട്ടുകൊടുത്തു. ഡോ. ലളിതാംബിക മൊഴി നല്‍കി ഈ വിഷയം മെഡിക്കല്‍ കോളജില്‍ പഠിപ്പിക്കുന്നില്ലെന്നും അവര്‍ ഈ ശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും (പേജ് 37). പ്ലാസ്റ്റിക് സര്ജേന്മാരാണ് ഇതു ചെയ്യുന്നത്.
അങ്ങനെ തങ്ങള്‍ വിദഗ്ധരല്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്ന കാര്യത്തില്‍ അവര്‍ എന്തുകൊണ്ടു പ്രതിക്കു ദോഷകരവും അപമാനകരവുമായ അഭിപ്രായം എഴുതിക്കൊടുത്തു എന്തു തൊഴില്‍ ധര്‍മമാണിത് ഡോ. ലളിതാംബിക കൃത്യമായി ഒരു കാര്യം പറഞ്ഞു, മൂന്നാം പ്രതി ഹൈമനോപ്ലാസ്റ്റി നടത്തിയെന്നു തങ്ങള്‍ കൃത്യമായി പറഞ്ഞിട്ടില്ലെന്ന്. ഇതൊന്നും വകവയ്ക്കാതെ കോടതി വിധിയിലെഴുതി, 'മൂന്നാം പ്രതി ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയെന്നു വ്യക്തമാണെന്ന്''!
ഒരു നുള്ള് തെളിവുപോലുമില്ലാതെയാണു മൂന്നാം പ്രതി കന്യാസ്ത്രീയെ ശിക്ഷിച്ചത്. ക്രോസ് വിസ്താരം നടത്തിയില്ലായിരുന്നെങ്കില്‍ പോലും അടയ്ക്കാ രാജുവിന്റെ മൊഴി പ്രതിഭാഗത്തിന് എതിരായിരുന്നില്ല. അടയ്ക്കാ രാജു തുടക്കം മുതല്‍ സിബിഐയുടെ കേസിനു വിരുദ്ധമായാണു മൊഴി നല്‍കിയത്, പ്രോസിക്യൂട്ടര്‍ക്കു മനസിലായില്ലെങ്കിലും. സിബിഐയുടെ എല്ലാ സാക്ഷികളെയും പ്രഗത്ഭനായ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയും സമര്‍ഥനായ അഭിഭാഷകന്‍ അഡ്വ. ജോസുംകൂടി നിലംപരിശാക്കി. എന്നിട്ടും വിധിയില്‍ പറഞ്ഞിട്ടുള്ളത് സാക്ഷികളുടെ വിശ്വാസ്യതയെ കുലുക്കാന്‍ പോലും പറ്റിയില്ലെന്ന്.
മാധ്യമങ്ങളിലൂടെ തേജോവധം
അവസാനമായി, സിബിഐ ചെയ്തതെന്താണെന്ന് അറിയാമോ പ്രതികളെയും തങ്ങള്‍ക്ക് അനുകൂലമല്ലാത്തവരെയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെയും കേസുമായി ഒരു ബന്ധവുമില്ലെങ്കിലും സിബിഐയുടെ നിലപാടിനെ പിന്തുണയ്ക്കാത്തവരെയും മാധ്യമങ്ങളിലൂടെയും സാക്ഷികളില്‍ കൂടിയും തേജോവധം ചെയ്യുകയും അവഹേളിക്കുകയുമാണ്.
കേരളത്തിലെ ഷെര്‍ലക് ഹോംസ് എന്നു മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ് വിശേഷിപ്പിച്ച അതിപ്രഗത്ഭനും നിര്‍ഭയനുമായിരുന്ന അന്തരിച്ച ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ഉമാദത്തനെ ഡോ. കന്തസ്വാമി സാക്ഷിക്കൂട്ടില്‍ തേജോവധം ചെയ്തു. ഈ കേസുമായി ഒരു ബന്ധവുമില്ലാത്ത ഡോ. ജയിംസ് വടക്കുംചേരി, നാര്‍ക്കോ പരിശോധനയുടെ സാധുതയെ ചോദ്യം ചെയ്ത് പത്രത്തില്‍ ലേഖനം എഴുതിയതുകൊണ്ട് അദ്ദേഹം ഒന്നാം പ്രതിയില്‍ നിന്ന് 40 ലക്ഷം രൂപ വാങ്ങിയിട്ടാണ് ലേഖനം എഴുതിയതെന്ന് സാക്ഷി വേണുഗോപാലനിലൂടെ രേഖയിലാക്കി.
കൂടാതെ എല്ലാ വൈദികരും മോശക്കാരാണെന്ന് ഒന്നാം പ്രതി പറഞ്ഞതായി ഈ സാക്ഷിയിലൂടെ തെളിവിന്റെ ഭാഗമാക്കി. മൂന്നാംപ്രതി കന്യാസ്ത്രീ കളങ്കിതയാണെന്നു സ്വയം പ്രഖ്യാപിച്ചതായി ഡോ. രമയുടെയും ഡോ. ലളിതാംബികയുടെയും റിപ്പോര്‍ട്ടിലൂടെ കോടതിയുടെ പ്രമാണത്തിന്റെ ഭാഗമാക്കി. അങ്ങനെ പലതും ചെയ്തു സിബിഐ സംതൃപ്തിയടഞ്ഞു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം തെമ്മാടികളെന്നു വിളിച്ച് വിധിന്യായത്തില്‍ അവര്‍ക്ക് ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും അപമാനം വരുത്തി.
സത്യം ജയിക്കട്ടെ.
(അവസാനിച്ചു)
ജസ്റ്റീസ് ഏബ്രഹാം മാത്യു
(ന്യായാധിപനെന്ന നിലയില്‍ 30 വര്‍ഷത്തെ അനുഭവ സന്പത്തുള്ള ലേഖകന്‍ ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി, കേരളാ ജുഡീഷല്‍ അക്കാഡമി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.)
കടപ്പാട്: ദീപിക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക